ന്യൂഡല്‍ഹി: [www.malabarflash.com] ‘ജീവിതത്തിന്‍െറ കാതലായ 8150 ദിവസങ്ങള്‍ ജയിലിലിട്ടു. എന്‍െറ ജീവിതം അവസാനിച്ചു. നിങ്ങളിപ്പോള്‍ ഈ കാണുന്നത് ജീവിക്കുന്ന ഒരു ജഡമാണ്’ - ഭീകരക്കേസില്‍ ജയിലിലടച്ച് 23 വര്‍ഷത്തിനുശേഷം തെളിവില്ലെന്ന് കണ്ട് സുപ്രീംകോടതി വെറുതെവിട്ടയച്ച നിസാറിന്‍േറതാണ് വാക്കുകള്‍.
കര്‍ണാടകയിലെ കലബുറഗിയില്‍നിന്ന് 1994 ജനുവരി 15ന് പൊലീസ് നിസാറിനെ തട്ടിക്കൊണ്ടുപോയത്. രണ്ടാം വര്‍ഷ ഫാര്‍മസി വിദ്യാര്‍ഥിയായിരിക്കെ പരീക്ഷക്ക് 15 ദിവസം മുമ്പാണ് കര്‍ണാടക പൊലീസ് പോലുമറിയാതെ ഹൈദരാബാദില്‍നിന്നത്തെിയ ഒരു സംഘം നിസാറിനെ പിടിച്ചുകൊണ്ടുപോയത്. ഹൈദരാബാദിലേക്ക് കൊണ്ടുപോകുമ്പോഴും കര്‍ണാടക പൊലീസിന് ഒരു വിവരവുമില്ലായിരുന്നു. ജനുവരി 15ന് പിടിച്ചുകൊണ്ടുപോയ നിസാറിനെ 24 മണിക്കൂറിനകം നിയമപ്രകാരം ഹാജരാക്കേണ്ടിയിരുന്നുവെങ്കിലും കോടതിയില്‍ എത്തിക്കുന്നത് ഒന്നര മാസം കഴിഞ്ഞാണ്. അന്നാണ് കുടുംബത്തിന് ഒരു വിവരം ലഭിക്കുന്നത്.
രണ്ട് സഹോദരന്മാരും രണ്ട് സഹോദരിമാരുമായിരുന്നു നിസാറിന്. മുംബൈയില്‍ സിവില്‍ എന്‍ജിനീയറായ സഹോദരന്‍ സഹീറുദ്ദീനെയും അടുത്ത ഏപ്രില്‍ മാസം പൊലീസ് കേസില്‍ കുടുക്കി. ബാബരി മസ്ജിദ് തകര്‍ത്തതിന്‍െറ ഒന്നാം വാര്‍ഷികത്തില്‍ കോട്ട, ഹൈദരാബാദ്, സൂറത്ത്, കാണ്‍പുര്‍, മുംബൈ എന്നിവിടങ്ങളില്‍ ബോംബ് സ്ഫോടനം നടത്തിയ കുറ്റമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയത്.
‘അവരെന്നെ ജയിലിലേക്കെറിയുമ്പോള്‍ 20 വയസ്സ് തികഞ്ഞിരുന്നില്ല എനിക്ക്. ഇപ്പോള്‍ വയസ്സ് 43 ആയി. അവസാനമായി കാണുമ്പോള്‍ 12 വയസ്സായിരുന്നു എന്‍െറ ഇളയ പെങ്ങള്‍ക്ക്. അവളുടെ മകള്‍ക്കിപ്പോള്‍ 12 വയസ്സായി. ഒരു തലമുറ അപ്പാടെയാണ് എന്നില്‍നിന്നും വഴുതിപ്പോയത്. ഞങ്ങളിരുവരുടെയും നിരപരാധിത്വം തെളിയിക്കാനായി ഏകനായി പോരാടി പിതാവ് നൂറുദ്ദീന്‍ അഹ്മദ് എല്ലാം കളഞ്ഞു. മക്കളുടെ കാര്യത്തില്‍ ഒരു പ്രതീക്ഷയുമില്ലാതെയാണ് 2006ല്‍ ഉപ്പ മരിക്കുന്നത്. ഇപ്പോള്‍ ഇനി ബാക്കിയൊന്നുമില്ല’.
‘ചെറുപ്പക്കാരായ രണ്ട് മക്കളും ജയിലില്‍ കിടക്കുന്ന ഒരു കുടുംബത്തിന്‍െറ കഥയെന്താണെന്ന് ഒരാള്‍ക്കും സങ്കല്‍പിക്കാന്‍ കഴിയില്ല’ എന്ന് നിസാറിന്‍െറ നേരത്തേ ജയില്‍മോചിതനായ സഹോദരന്‍ സഹീര്‍ കൂട്ടിച്ചേര്‍ത്തു. കരളിന് കാന്‍സര്‍ ബാധിച്ച സഹീറിനെ അക്കാരണത്താല്‍ 2008 മേയ് ഒമ്പതിന് സുപ്രീംകോടതി ജാമ്യത്തില്‍ വിട്ടതാണ്. സ്വന്തംനിലക്ക് കേസുമായി മുന്നോട്ടുപോയി. ഞങ്ങള്‍ രണ്ടുപേരെയും കേസില്‍ കുരുക്കിയതെങ്ങനെയെന്ന് നിരന്തരം കോടതിക്ക് അപേക്ഷകള്‍ നല്‍കിക്കൊണ്ടിരുന്നു. ഒടുവില്‍ കഴിഞ്ഞ മേയ് 11ന് പുറപ്പെടുവിച്ച ഉത്തരവില്‍ രണ്ട് സഹോദരങ്ങളെയും മറ്റു രണ്ടുപേരെയും തെളിവില്ളെന്ന് കണ്ട് സുപ്രീംകോടതി കുറ്റമുക്തരാക്കി.
1993ല്‍ ഹൈദരാബാദിലെ ഒരു മുസ്ലിം വിദ്യാഭ്യാസ സ്ഥാപനത്തില്‍ നടന്ന ബോംബ് സ്ഫോടനത്തിലാണ് നിസാര്‍, സഹോദരന്‍ സഹീര്‍, ഗുല്‍ബര്‍ഗയില്‍ കാര്‍ മെക്കാനിക്കായ അയല്‍ക്കാരന്‍ മുഹമ്മദ് യൂസുഫ് എന്നിവരെ ഹൈദരാബാദ് പൊലീസ് ആദ്യം പ്രതിയാക്കിയത്. അതേ വര്‍ഷം ആഗസ്റ്റിലും സെപ്റ്റംബറിലും നടന്ന സ്ഫോടനങ്ങളുടെ കേസുകളിലും പിന്നീട് പ്രതികളാക്കി. പിന്നീടാണ് ബാബരി ധ്വംസന വാര്‍ഷികത്തില്‍ 1994 ഡിസംബര്‍ അഞ്ചിനും ആറിനുമിടയില്‍ നടന്ന അഞ്ച് സ്ഫോടന പരമ്പരകളില്‍കൂടി പ്രതികളാക്കിയത്. പൊലീസ് കസ്റ്റഡിയിലായിരിക്കെ നല്‍കിയ മൊഴിയല്ലാതെ ഒരു തെളിവും ഇവര്‍ക്കെതിരെ നിരത്താനില്ലായിരുന്നു.
ജയിലില്‍നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന ആദ്യരാത്രി ജയ്പുരിലെ ഹോട്ടലില്‍ നിസാറിന്‍െറ കുടുംബം മുറിയെടുത്തതായിരുന്നു.
പോയവര്‍ഷമത്രയും തറയില്‍ നേര്‍ത്ത കമ്പിളി വിരിച്ചുറങ്ങിയ നിസാറിന് സ്വാതന്ത്ര്യത്തിന്‍െറ ആദ്യരാത്രി ഹോട്ടല്‍മുറിയിലെ ആ ബെഡില്‍ കിടന്നിട്ട് ഉറക്കംവന്നില്ല. ‘കാലില്‍ ഭയാനകമായ ഭാരം. മരവിച്ചുപോയി. ഒരു നിമിഷം മോചിതനായെന്ന കാര്യവും ഞാന്‍ മറന്നുപോയിരുന്നു’ എന്നുകൂടി നിസാര്‍ പറഞ്ഞു.
No comments:
Post a Comment