Latest News

വാട്‌സ്‌ആപ്പ്‌കാരാ.. ഇനിയും നിനക്ക്‌ എത്ര പേരെ കൊല്ലണം?

'ടെക്‌നോളജിയുടെ ദുരന്ത'മെന്നോ, ന്യൂജനറേഷന്റെ 'കുസൃതി'യെന്നോ ലാഘവത്തോടെ വിശേഷിപ്പിക്കേണ്ട കാര്യങ്ങളല്ല വാട്‌സ്ആപ്പിലെ ചാറ്റ് ലിസ്റ്റുകളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഏറ്റവും പരിമിതമായി പറഞ്ഞാല്‍ ഇത് തന്തയില്ലായ്മയാണ്. സ്വന്തം കൂടപ്പിറപ്പിന്റെ ഫോട്ടോ വെച്ച് പോലും ഫേക്ക് ന്യൂസ് സൃഷ്ടിക്കാന്‍ മടിയില്ലാത്ത തലതിരിഞ്ഞ യൗവ്വനം.. സംഭവങ്ങളെ പ്രത്യയശാസ്ത്രത്തെ വിലയിരുത്തുകയല്ല, എങ്കിലും ചില കാര്യങ്ങള്‍ പറയാതെ വയ്യ. ഇതൊക്കെ വല്ലാതെ ഓവറാകുന്നുണ്ട് കൂട്ടുകാരാ..[www.malabarflash.com]

ഇന്ന്, അവര്‍ കൊന്നത് എരിയാലിലെ ബ്ലാര്‍ക്കോട് സ്വദേശിയായ സബാദിനെയാണ്. സൗദി അറേബ്യയിലെ ഒരു ഇലക്‌ട്രോണിക്‌സ് കടയില്‍ ജോലി ചെയ്യുന്ന ആ പാവം റൂമില്‍ തിരിച്ചെത്തുമ്പോള്‍ കാത്തിരുന്നത്, സ്വന്തം മരണവാര്‍ത്ത സ്ഥിരീകരിക്കാന്‍ വിളിച്ച് കൊണ്ടിരുന്ന സ്വന്തക്കാരാണ്. അതില്‍ കുടുംബവും സുഹൃത്തുക്കളുമൊക്കെ ഉള്‍പ്പെടുന്നു. വാഹനപകടത്തില്‍ സബാദ് മരണപ്പെട്ടുവെന്ന വോയ്‌സ് ക്ലിപ്പ് അവന്റെ പാസ്‌പോര്‍ട്ട് കോപ്പിയോടൊപ്പമാണ് വാട്‌സ്ആപ്പില്‍ പ്രചരിച്ചത്.

സബാദിനോട് ഫോണില്‍ സംസാരിച്ചതിന് ശേഷമാണ് ഞാനീ കുറിപ്പ് എഴുതാന്‍ ഇരിക്കുന്നത്. ഒന്ന് ആലോചിച്ച് നോക്കൂ സുഹൃത്തെ, സ്വന്തം മരണവാര്‍ത്ത, അതും അപകടത്തിന്റെ രൂപത്തില്‍ നാട് മുഴുവന്‍ പരക്കുമ്പോള്‍ അനുഭവപ്പെടുന്ന മാനസികാവസ്ഥ. അത് കേള്‍ക്കുന്ന കുടുംബത്തിനുണ്ടാവുന്ന വേദന. ഉപ്പയുടെയും ഉമ്മയുടെയും ആധി.. ഏതോ തലതിരിഞ്ഞവന്റെ നിമിഷ നേരത്തെ വക്രബുദ്ധി, എത്ര പേരെയാണ് മണിക്കൂറുകളോളം ഭീതിയുടെ മുനമ്പില്‍ നിര്‍ത്തിയത്? ആര് വിചാരിച്ചാലും തടുത്ത് നിര്‍ത്താന്‍ കഴിയാത്ത വിധം വാട്‌സ്ആപ്പിലൂടെ ഇനിയും ഇത് ഫോര്‍വേഡ് ചെയ്യപ്പെട്ടുകൊണ്ടേയിരിക്കാനാണ് സാധ്യത. നാളെയും മറ്റന്നാളുമൊക്കെ വീണ്ടും മരിക്കാനാണല്ലോ സബാദിന്റെ 'ദുര്‍വിധി'!

എന്നോട് സംസാരിക്കുമ്പോഴും അവന്റെ ശബ്ദം വല്ലാതെ വിറക്കുന്നുണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്നവരൊക്കെ നാട്ടില്‍ പോയത് കൊണ്ട് റൂമില്‍ അവന്‍ ഒറ്റക്കാണത്രെ. കോളുകളും മെസേജുകളും തുടര്‍ച്ചയായി വന്ന് കൊണ്ടിരിക്കുന്നു. ചെയ്ത ഏത് തെറ്റിന്റെ പേരിലാണ് സബാദ് ഈ ദുരവസ്ഥകളൊക്കെയും അനുഭവിക്കുന്നത്? ഇതിനെ ന്യായീകരിക്കാന്‍ കാരണങ്ങളൊന്നുമില്ല.

വാട്‌സ്ആപ്പ് എന്ന സാങ്കേതികവിദ്യയുടെ ഗുണഫലങ്ങള്‍ ഒരുപാട് അനുഭവിക്കുകയും അതിലേറെ കാണുകയും ചെയ്യുന്ന ഒരാളെന്ന നിലക്ക് പറയട്ടെ, നേരെ ചൊവ്വേ ഉപയോഗിക്കാനറിയില്ലെങ്കില്‍ ഈ സൗകര്യം ഉപേക്ഷിക്കുകയാണ് നല്ലത്. ഒരൊറ്റ വാട്‌സ്ആപ്പ് സന്ദേശത്തിന്റെ പ്രചാരത്തില്‍, കുമ്പഡാജെയിലെ 80 വയസുള്ള കാലില്‍ വ്രണം ബാധിച്ച ബീഫാത്തിമയുടെ ഓപ്പറേഷന്‍ ചിലവുകള്‍ കണ്ടെത്തിയ അതേ ദിവസം തന്നെ ഇതിന്റെ ക്രൂരമായ വശത്തെ കുറിച്ചും എഴുതേണ്ടി വരുന്നു.

ദയവ് ചെയ്ത് ഇത്തരം സന്ദേശങ്ങള്‍ ആദ്യം സെന്‍ഡ് ചെയ്ത് ഗ്രൂപ്പില്‍ ആളാവുന്നതിനും മുമ്പെ, സത്യാവസ്ഥ ഒന്ന് അറിയാന്‍ ശ്രമിക്കുക. റിസീവ് ചെയ്യുന്നതെന്തും ഷെയറ് ചെയ്യാന്‍ മാത്രം മന്ദബുദ്ധികളല്ല എന്ന് സ്വയം ബോധ്യപ്പെടുകയെങ്കിലും വേണം. ഫേക്ക് വാര്‍ത്തകളുടെ കാര്യത്തില്‍ മാത്രമല്ല, ഈ പറഞ്ഞത് എല്ലാത്തിനും ബാധകമായിരിക്കട്ടെ!

സബാദ് ഇപ്പോള്‍ സുഖമായിരിക്കുന്നു. വാട്‌സ്ആപ്പ് പോരാളികള്‍ ഒരു വട്ടം കൊന്നതിന്റെ ചെറിയൊരു ആശങ്ക മാത്രമേയുള്ളൂ. ഇത് വ്യാജവാര്‍ത്തയാണെന്ന് പരമാവധി എല്ലാവരെയും അറിയിക്കുകയാണ് നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്ന കാര്യം. പറ്റുമെങ്കില്‍, ഈ തെണ്ടിത്തരത്തിന്റെ ഉറവിടം കണ്ടെത്താന്‍ ശ്രമിക്കുക.

രണ്ട് ദിവസങ്ങള്‍ക്ക് ശേഷം അവന്‍ ഉംറ ചെയ്യാന്‍ പോകുന്നുണ്ട്. മറ്റുള്ളവന്റെ വേദന കണ്ട് ആഹ്ലാദിക്കുന്ന ഇക്കൂട്ടര്‍ക്ക് നല്ല ബുദ്ധി കൊടുക്കാന്‍ അല്ലാഹുവിനോട് അവിടെ വെച്ച് പ്രാര്‍ത്ഥിക്കുക, പ്രിയപ്പെട്ട സബാദ്!






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.