Latest News

ബിജെപിയുമായി സഖ്യത്തിലായ പാരമ്പര്യം സിപിഐഎമിന്റേത്; യു.ഡി.എഫിനെതിരായ ആരോപണം അസംബന്ധം: കെ. സുധാകരന്‍

ഉദുമ[www.malabarflash.com]: ഉദുമയില്‍ ബിജെപി കോണ്‍ഗ്രസിനു വോട്ടു മറിക്കുമെന്ന ഇടതുപക്ഷത്തിന്റെ ആരോപണം അസംബന്ധമാണെന്നു ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. സുധാകരന്‍. ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തില്‍ ബിജെപിയുമായി സഖ്യത്തിലായ പാരമ്പര്യം സിപിഎമിനാണെന്നും അദ്ദേഹം ആരോപിച്ചു.

വി.പി സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ബിജെപിയുമായും ആര്‍ എസ് എസുമായും ബന്ധം പുലര്‍ത്തിയവരാണു സിപി ഐ എം. ഉദുമയില്‍ കെ.ജി മാരാര്‍ എന്ന ബിജെപി സ്ഥാനാര്‍ഥി മത്സരിച്ചപ്പോള്‍ പിന്തുണ കൊടുത്തതു കോണ്‍ഗ്രസ് ആയിരുന്നോ ഇടതുപക്ഷമായിരുന്നോ എന്ന കാര്യം അവര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപിയുമായി ഒരുകാലത്തും കോണ്‍ഗ്രസിനു സഖ്യമുണ്ടാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിയ്ക്കു വേണ്ടി മത്സരിക്കുന്നതു ബിജെപിയുടെ ജില്ല പ്രസിഡണ്ട് ആണെന്നിരിക്കെ അത്രയും പ്രധാനപ്പെട്ട ഒരാളെ മത്സര രംഗത്തിറക്കി വോട്ടു മറിക്കുമെന്ന ആരോപണം ബാലിശമാണെന്നു പറഞ്ഞ അദ്ദേഹം, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബിജെപിയുടെയും ആര്‍ എസ് എസിന്റെയും വര്‍ഗീയരാഷ്ട്രീയത്തെയും അസഹിഷ്ണുത രാഷ്ട്രീയത്തെയും ശക്തമായി നേരിടുന്ന പാര്‍ട്ടിയാണു കോണ്‍ഗ്രസ് എന്നും കൂട്ടിച്ചേര്‍ത്തു. ഉദുമയിലെ യുവാക്കള്‍ സംഘടിപ്പിച്ച യൂത്ത് ഡിബേറ്റ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിവൈഎഫും കെ സുധാകരന്റെ മാധ്യമ വിഭാഗവും സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. യുഡിവൈഎഫ് പ്രവര്‍ത്തകന്‍ ഇബ്രാഹിം പള്ളങ്കോടാണ് ചടങ്ങ് നിയന്ത്രിച്ചത്. യുഡിവൈഎഫ് നേതാക്കന്മാരായ ഹസീബ് ടി കെ, ഹാഫിസ് അബ്ദുള്ള ഷംനാട്, ഹരിപ്രസാദ്, അന്‍വര്‍ മാങ്ങാട്, എംഎച്ച് മുഹമ്മദ് കുഞ്ഞി, റഊഫ് ബാവിക്കര, എം എ നജീബ്, നിധിന്‍ രാജ്, റാഫി അടൂര്‍, ഷെമീം ടി കെ, ഷാനവാസ് പള്ളിക്കര, കൃഷ്ണപ്രസാദ് പനയാല്‍, സലാം മാസ്തിഗുഡ്ഡ, ഹാരിസ് തൊട്ടി എന്നിവരും സംസാരിച്ചു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.