Latest News

പുഴയില്‍ വീണ് മരിച്ച 5 കുട്ടികള്‍ ഒരു കല്ലറയില്‍ ഉറക്കമായി

കണ്ണൂർ:[www.malabarflash.com] ഒരു നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയ ദുരന്തത്തില്‍ ഗ്രാമം അപ്പാടെ തിങ്കളാഴ്ചയും തേങ്ങുകയാണ്. ഒരു ഗ്രാമം ഒന്നടങ്കം കണ്ണീര്‍ പൊഴിക്കുന്ന കാഴ്ചയാണ് തിരൂരില്‍ കാണാന്‍ കഴിഞ്ഞത്. വന്നവര്‍ വന്നവര്‍ കടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ദുഃഖത്തില്‍ പങ്ക് ചേര്‍ന്ന് പൊട്ടിക്കരയുമ്പോള്‍ രണ്ടുദിവസമായി തിരൂര്‍ ഗ്രാമം കരഞ്ഞുതീര്‍ക്കുകയാണ്.

ശനിയാഴ്ച വൈകിട്ട് പയ്യാവൂർ ചമതച്ചാല്‍ കണിയാര്‍കടവില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ച കുട്ടികളുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്ചയാണ്‌ സംസ്‌കരിച്ചത്‌. തിരൂരിലെ ആക്കാംപറമ്പില്‍ സലിജന്‍ഷീജ ദമ്പതികളുടെ മക്കളായ ഒരിജ(13), സഫാന്‍ (7), സലിജന്റെ സഹോദരന്‍ ബിനോയ്മിനി ദമ്പതികളുടെ മകന്‍ മാണിക് (13), സലീജന്റെ സഹോദരി അനിതജോസ് ദമ്പതികളുടെ മക്കളായ അഖില്‍ (14), ആയല്‍ (12) എന്നിവരാണ് മുങ്ങിമരിച്ചത്.

പഠനത്തിലും കളിയിലും ഒരുമിച്ചായിരുന്ന അവരുടെ അന്ത്യവിശ്രമവും ഒന്നിച്ചായിരിന്നു. അകാലത്തില്‍ വിടവാങ്ങിയ അഞ്ചു കുട്ടികളുടെയും മൃതദേഹം ഒരേ കല്ലറയിലാണു സംസ്‌കരിച്ചത്. സംസ്‌കാരം നടക്കുന്ന തിരൂര്‍ സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ അഞ്ചു പേര്‍ക്കുമായി 15 അടി നീളവും ആറര അടി വീതിയിലുമുള്ള കല്ലറയാണു സജ്ജമാക്കിയത്.

സഹോദരങ്ങളുടെ മക്കളാണെങ്കിലും അവര്‍ എപ്പോഴും കൂട്ടുകാരായിരുന്നു. കൂട്ടത്തില്‍ ഇളയവനായ ഏഴു വയസുകാരന്‍ സെഫാനും മൂത്തവനായ 15കാരന്‍ അഖിലും ഉള്‍പ്പെടെ അഞ്ചുപേരും പഠനവും കളിയുമെല്ലാം ഒരുമിച്ചു തന്നെ.

പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ തിങ്കളാഴ്ച കാലത്ത് കൊണ്ടുവന്നു ഒരിജ, സെഫാന്‍ എന്നിവര്‍ പഠിക്കുന്ന പയ്യാവൂര്‍ സെന്റ്ആന്‍ഡ് സ്‌കൂളിലും തുടര്‍ന്ന് മാനിക്, അഖില്‍, ആയല്‍ എന്നിവര്‍ പഠിക്കുന്ന പയ്യാവൂര്‍ സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്ററി സ്‌കൂളിലും പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് അഞ്ചുപേരുടെയും വീടുകളില്‍ പൊതുദര്‍ശനത്തിന് വെച്ചു. ഇവിടെ നിന്ന് മൃതദേഹങ്ങള്‍ സലീജന്റെ വീട്ടിലെത്തിച്ച് അന്ത്യകര്‍മ്മങ്ങള്‍ നടത്തി. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി കാര്‍മ്മികത്വം വഹിച്ചു.

തങ്ങളുടെ എല്ലാമെല്ലാമായിരുന്ന അഞ്ച് പൊന്നോമനകളെ ഒരുമിച്ച് മരണം തട്ടിയെടുത്തതിന്റെ ദുഃഖം അത്രമേല്‍ വലുതായിരുന്നു. ജീവിതത്തില്‍ എപ്പോഴും ഒരുമിച്ച് മാത്രം കണ്ടിട്ടുള്ള ഇവരെ മരണവും ഇങ്ങനെ ഒരുമിച്ച് തട്ടിയെടുക്കുമെന്ന് ആരും കരുതിയില്ല. എന്നാല്‍ നാടിനും വീടിനും സങ്കടക്കടല്‍ തീര്‍ത്ത് മരണം ഇവരെ തട്ടിയെടുത്തപ്പോള്‍ തങ്ങളുടെ പൊന്നോമനകള്‍ക്ക് അന്ത്യയാത്ര നല്‍കാനും നാട് ഒന്നടങ്കം ഒഴുകിയെത്തി.

രാവിലെ സ്‌കൂളുകളില്‍ പൊതുദര്‍ശനത്തിന് വെച്ച കുട്ടികളുടെ ഭൗതികശരീരം കാണാന്‍ സഹപാഠികളും കൂട്ടുകാരും നാട്ടുകാരും അധ്യാപകരും ബന്ധുക്കളുമെല്ലാം സ്‌കൂള്‍ മുറ്റത്തേക്ക് ഒഴകിയെത്തി. വികാരനിര്‍ഭരമായ രംഗമായിരുന്നു സ്‌കള്‍മുറ്റങ്ങളില്‍ കാണാന്‍ കഴിഞ്ഞത്. സ്‌കൂള്‍ തുറക്കുമ്പോള്‍ പുത്തനുടുപ്പും ബാഗും പുസ്തകങ്ങളും കുടകളുമായി സ്‌കൂളിലേക്ക് പോകാന്‍ തയ്യാറെടുക്കുമ്പോഴാണ് ഒരുമിച്ച് ചേതനയറ്റ ശരീരങ്ങള്‍ സ്‌കൂള്‍മുറ്റത്തെത്തിയത്.

പലരും ദുഃഖം നിയന്ത്രിക്കാനാവാതെ പൊട്ടിക്കരഞ്ഞു. കട്ടുകാര്‍ക്ക് റോസാപ്പൂക്കളും പുഷ്പഹാരങ്ങളുമായി അന്ത്യയാത്ര നല്‍കാനെത്തിയ സഹപാഠികളും കൂട്ടുകാരും തേങ്ങലടക്കാനാകാതെ നിയന്ത്രണം വിട്ട് കരഞ്ഞപ്പോള്‍ നാടിന് പോലും അവരെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. കണ്‍മുന്നില്‍ നിന്നും തങ്ങളുടെ പൊന്നോമനകളുടെ ഭൗതികദേഹം മറഞ്ഞെങ്കിലും തിരൂര്‍കാരുടെ മനസില്‍ ഒരു തേങ്ങലായി ഇനിയും അവര്‍ ഏറെക്കാലം ജീവിക്കും.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.