Latest News

കേരള മണ്ണില്‍ നിന്നും കമ്മ്യൂണിസം തൂത്തെറിയപ്പെടും: സദാനന്ദ ഗൗഡ

കാസര്‍കോട്:[www.malabarflash.com] പിഎസ്‌സി അപേക്ഷാ ഫോറം പോലും കന്നഡയില്‍ പ്രസിദ്ധീകരിക്കാന്‍ കഴിയാത്തവരാണ് ഇതുവരെ കേരളം ഭരിച്ചതെന്ന് കേന്ദ്രമന്ത്രി ഡി.വി.സദാനന്ദ ഗൗഡ പറഞ്ഞു.

ഭാഷാ ന്യൂനപക്ഷ ജില്ലയായ കാസര്‍കോടിനെ സമസ്ത മേഖലകളിലും അവഗണിക്കുകയാണ് എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ ചെയ്തത്. രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് യുവജനങ്ങളെ സ്വാഭിമാനികളാക്കി മാറ്റിയത് മോദി സര്‍ക്കാറാണ്. 

പശ്ചിമബംഗാളില്‍ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ ഒന്നിച്ച് വോട്ട് ചോദിക്കേണ്ട ഗതികേടിലെത്തിയെങ്കില്‍ കേരളത്തിലും അത് വിദൂരമല്ല. ബംഗാളില്‍ കൈകോര്‍ക്കുകയും കേരളത്തില്‍ പരസ്പരം പോരടിക്കുകയും ചെയ്യുന്നത് രാഷ്ട്രീയ നീതിയല്ല. 

അഴിമതിയില്ലാത്ത സര്‍ക്കാറെന്തെന്ന് രാജ്യത്തിന് കാണിച്ചുകൊടുത്തത് നരേന്ദ്രമോദിയാണ്. ലോക രാജ്യങ്ങളില്‍ മുഴുവന്‍ കമ്മ്യൂണിസം നാശോന്‍മുഖമായി കഴിഞ്ഞു. കേരളീയ മണ്ണില്‍ നിന്നും താമസിയാതെ കമ്മ്യൂണിസം തൂത്തെറിയപ്പെടുക തന്നെ ചെയ്യും. അവസരവാദ രാഷ്ട്രീയത്തിന്റെ പ്രതീകമായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നതിന്റെ ഉദാഹരണമാണ് സംസ്ഥാനത്ത് എന്‍ഡിഎക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ജനകീയ പിന്തുണയെന്നും അദ്ദേഹം പറഞ്ഞു.

 കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായെങ്കിലും അതിനുള്ള പദ്ധതി രൂപീകരണം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്‍ഡിഎ കാസര്‍കോട് മണ്ഡലം സ്ഥാനാര്‍ത്ഥി രവീശതന്ത്രി കുണ്ടാറിന്റെ പൊതുയോഗങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എടനീരില്‍ വെച്ച് തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥമുള്ള വിജയരഥം ഡി.വി.സദാനന്ദ ഗൗഡ സ്ഥാനാര്‍ത്ഥി രവീശതന്ത്രി കുണ്ടാറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ബിജെപി ദേശീയസമിതിയംഗം എം.സഞ്ജീവഷെട്ടി, എന്‍ഡിഎ കാസര്‍കോട് മണ്ഡലം സ്ഥാനാര്‍ത്ഥി രവീശതന്ത്രി കുണ്ടാര്‍ സഹകാര്‍ഭാരതി ദേശീയ സെക്രട്ടറി അഡ്വ.കെ.കരുണാകരന്‍, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ഗണേഷ് പാറക്കട്ട, ബിജെപി മണ്ഡലം പ്രസിഡന്റ് സുധാമ ഗോസാഡ, ചെങ്കള പഞ്ചായത്ത് ബിജെപി പ്രസിഡന്റ് എം.കെ.പ്രാഭാകരന്‍, ജോ.സെക്രട്ടറി മധുസൂദന കമ്മങ്കയ സംസാരിച്ചു.

ബദിയടുക്കയില്‍ നടന്ന പൊതുയോഗത്തില്‍ ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ഹരീഷ് നാരമ്പാടി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി.രമേഷ്, സഹകാര്‍ഭാരതി ദേശീയ സെക്രട്ടറി അഡ്വ.കെ.കരുണാകരന്‍, ബിജെപി ദേശീയസമിതിയംഗം എം.സഞ്ജീവഷെട്ടി, മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി ശൈലജ.ആര്‍.ഭട്ട്, മഹിളാ മോര്‍ച്ച ജില്ലാ അധ്യക്ഷ രത്‌നാവതി, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് വി.ടി.വിജയന്‍, ബദിയടുക്ക ബിജെപി പ്രസിഡന്റ് എം.നാരായണ ഭട്ട്, രാമകൃഷ്ണ ഹെബ്ബാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മുള്ളേരിയയില്‍ നടന്ന പൊതുയോഗത്തില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് സുധാമ ഗോസാഡ അധ്യക്ഷത വഹിച്ചു. നളീന്‍കുമാര്‍ കട്ടീല്‍ എംപി, ബിജെപി ദേശീയസമിതിയംഗം എം.സഞ്ജീവഷെട്ടി, യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ പി.ആര്‍.സുനില്‍ സംസാരിച്ചു.

കാസര്‍കോട് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ആവേശോജ്ജ്വലമായ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശതന്ത്രി കുണ്ടാറിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ നൂറുകണക്കിന് വോട്ടര്‍മാര്‍ പങ്കെടുത്തു. ഇടത്-വലത് മുന്നണികളുടെ അക്രമ രാഷ്ട്രീയത്തിനും അഴിമതി നിറഞ്ഞ ഒത്തു തീര്‍പ്പ് രാഷ്ട്രീയത്തിനുമെതിരെയുള്ള കാഹളം മുഴക്കിക്കൊണ്ട് രവീശതന്ത്രി കുണ്ടാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ജനഹൃദയങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.