ചെറുവത്തൂര്‍: [www.malabarflash.com] മയക്കുമരുന്നടിച്ച് രാത്രികാല മോഷണത്തിനിറങ്ങുന്ന ചെറുവത്തൂര്‍ സ്വദേശികളായ നാലംഗസംഘം കോട്ടയത്ത് പിടിയിലായി.
കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലാ പോലീസ് മേധാവി വി.എസ് സതീഷ് ബിനോയുടെ നിര്‍ദ്ദേശപ്രകാരം കോട്ടയം ഡി.വൈ എസ്.പി ബിജു.കെ സ്റ്റീഫന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷന്‍ ബ്ലാക്ക് ഹണ്ടിലാണ് പ്രതികള്‍ കുടുങ്ങിയത്.ചെറുവത്തൂര്‍ സ്വദേശികളായ കോപ്രാ പറമ്പില്‍ ശിഹാബുദ്ദീന്‍ (28), കണ്ടത്തില്‍ വീട്ടില്‍ സുള്‍ഫിക്കര്‍ (19), കുന്നുമ്മേല്‍ വീട്ടില്‍ മുഹമ്മദ് നിയാസ് (24), കേളയത്ത് വീട്ടില്‍ റംഷാദ് (27) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച അര്‍ദ്ധരാത്രിയോടെ ഏറ്റുമാനൂരില്‍ നിന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്. ലഹരി വസ്തുക്കളും മാരകായുധങ്ങളും ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. ഇവര്‍ ഉപയോഗിച്ചിരുന്ന വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ കാഞ്ഞങ്ങാട്, വളപട്ടണം, സുല്‍ത്താന്‍ ബത്തേരി , ബേക്കല്‍, അഴീക്കോട്, നീലേശ്വരം എന്നീ പോലീസ് സ്റ്റേഷനുകളില്‍ വാഹന മോഷണം, വധശ്രമം, ബാറ്ററി മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളിലായി നിരവധി കേസുകളുണ്ട്. മോഷ്ടിച്ചെടുക്കുന്ന വസ്തുകള്‍ തമിഴ്‌നാട്ടില്‍ കൊണ്ടുപോയി വിറ്റുകിട്ടുന്ന പണം ലഹരി വസ്തുക്കള്‍ വാങ്ങുന്നതിനും ആര്‍ഭാട ജീവിതത്തിനുമാണ് പ്രതികള്‍ വിനിയോഗിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
ഒരു കട കുത്തിത്തുറന്ന് മുപ്പതിനായിരം രൂപ മോഷ്ടിക്കുന്നതിന്റെ സി സിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ സുള്‍ഫിക്കറെ കാസര്‍കോട് പോലീസ് തെരഞ്ഞുവരികയായിരുന്നു. അതിനിടെയാണ് സംഘം മദ്ധ്യകേരളത്തിലേക്ക് കടന്നത്. പോലീസ് കസ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഏറ്റുമാനൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സി.ജയകുമാര്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment