Latest News

തിരുവാഭരണ മോഷണം: പൂജാരിയും ഭാര്യയും സഹോദരനും അറസ്റ്റില്‍

വൈപ്പിന്‍:[www.malabarflash.com] നെടുങ്ങാട് കൊല്ലേരിത്തറ ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയ കേസില്‍ ക്ഷേത്രത്തിലെ പൂജാരിയും ഭാര്യയും സഹോദരനുമടക്കം മൂന്നംഗ സംഘത്തെ ഞാറക്കല്‍ പോലീസ് അറസ്റ്റ്‌ചെയ്തു.

പൂജാരിയായ തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി അഴകത്ത് ലതീഷ് (25), ഭാര്യ നായരമ്പലം വെളിയത്ത് പറമ്പില്‍ നികത്തിത്തറ നീതു (25), ലതീഷിന്റെ സഹോദരന്‍ അനീഷ് (22) എന്നിവരാണ് അറസ്റ്റിലായത്.

ശനിയാഴ്ച കൊല്ലം പാരിപ്പിള്ളി പോളിച്ചിറ ശിവപാര്‍വതി ക്ഷേത്രത്തിനു സമീപത്തുവച്ചാണ് മൂവരും പിടിയിലാകുന്നത്. തൊണ്ടി മുതലായ മൂന്നര പവന്റെ തിരുവാഭരണം ഞാറക്കലുള്ള ഒരു ജ്വല്ലറിയില്‍നിന്നു പോലീസ് കണ്ടെടുത്തു.

2015 സെപ്റ്റംബര്‍ ഒന്നിനാണ് ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായത്. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്നാണുദേവീവിഗ്രഹത്തില്‍ സ്ഥിരമായി ചാര്‍ത്തുന്ന മാല മോഷ്ടിച്ചതെന്നു ലതീഷ് പോലീസിനോടു പറഞ്ഞു. തിരുവാഭരണം കാണാതായതിന്റെ പിറ്റേന്ന് ഇയാള്‍ ക്ഷേത്രത്തില്‍ വരാതിരുന്നതിനെത്തുടര്‍ന്നു ഭാരവാഹികള്‍ ക്ഷേത്രം തുറന്നു നോക്കിയപ്പോഴാണു തിരുവാഭരണം നഷ്ടപ്പെട്ടതായി അറിയുന്നത്. തുടര്‍ന്നു ഞാറക്കല്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണു ലതീഷും മോഷണത്തിനു സഹായിച്ച ഭാര്യയും സഹോദരനും പിടിയിലായത്.

ഒന്നാം പ്രതിയായ ലതീഷ് ഇപ്പോള്‍ പാരിപ്പിള്ളി ശിവപാര്‍വതി ക്ഷേത്രത്തിലെ പൂജാരിയാണ്. ഞാറക്കല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

ഞാറക്കല്‍ സിഐ സി.ആര്‍. രാജുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ എസ്‌ഐ ആര്‍. രഗീഷ് കുമാര്‍, എഎസ്‌ഐ ഇന്ദുചൂഡന്‍, സിപിഒമാരായ ഗിരീഷ്, ജോബി, സലോമി, ലിബിഷ എന്നിവരും ഉണ്ടായിരുന്നു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.