Latest News

സുനിച്ചേട്ടന്റെ കടയും മംമ്തയുടെ സെൽഫിയും


[www.malabarflash.com] സിനിമാതാരങ്ങളെ അടുത്തുകിട്ടുമ്പോൾ ആദ്യം ചെയ്യുക ഓട്ടോഗ്രാഫ് മേടിക്കുകയോ സെൽഫി എടുക്കുകയോ ചെയ്യുകയാണ്. എന്നാൽ ഇവിടെ നടി മംമ്തയുടെ സെൽഫിയിൽ സോഷ്യൽമീഡിയയിൽ താരമായിരിക്കുകയാണ് കുരുവിക്കൂട് കവലയിലെ പൂർണിമ ബേക്കറി നടത്തുന്ന സുനിച്ചേട്ടൻ.
കഴിഞ്ഞ ദിവസം മംമ്ത ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത സെൽഫിയാണ് സംഭവങ്ങൾക്ക് തുടക്കം. ബേക്കറി ഉടമയ്ക്കൊപ്പം മംമ്തയുടെ സെൽഫി. എന്നാൽ ആ കട ഉടമയെ അറിയുന്ന സുഹൃത്തായ രഞ്ജിത് വിശ്വത്തിന് ഈ സെൽഫിക്ക് പിന്നിലെ ഒരു കഥ പറയാനുണ്ട്.
സംഭവത്തെക്കുറിച്ച് രഞ്ജിത്ത് വിശ്വം ഫെയ്‌സ്ബുക്കിലെഴുതിയ കഥ വായിക്കാം

കടയുടെ സൈഡിലിട്ടിരിക്കുന്ന തടിക്കസേരയിലിരിക്കുന്ന പെൺകുട്ടിയെ സുനിച്ചേട്ടൻ അല്പം സംശയദൃഷ്ടിയോടെ നോക്കി. കുരുവിക്കൂട് കവലയിലെ പൂർണിമ ബേക്കറി നടത്തുന്ന സുനിച്ചേട്ടൻ എന്ന സുനിൽ എനിക്ക് സഹോദര തുല്യനാണ്. ബേക്കറി എന്നാണ് കടയ്ക്ക് പേരെങ്കിലും ഉപ്പു മുതൽ കർപ്പൂരം വരെ ലഭിക്കുന്ന മിനി സൂപ്പർ മാർക്കറ്റാണ് സംഭവം. അതുകൊണ്ടെന്താ രാവിലെ തുറക്കുമ്പോൾ മുതൽ രാത്രി വൈകി അടയ്ക്കും വരെ കടയിൽ തിർക്കോടു തിരക്കാണ്.. അലമാരയിലും തറയിലും നിറഞ്ഞിരിക്കുന്ന സാധനക്കൂമ്പാരത്തിനിടയിലൂടെ കഷ്ടപ്പെട്ടു വേണം കടയിൽ കയറാൻ.. ഉള്ളിലോ നിന്നു തിരിയാനിടയില്ലാത്ത വിധം വിവിധ സാധനങ്ങളാണ്.. അവയ്ക്കിടയിൽ കിടക്കുന്ന പഴയൊരു തടിക്കസേരയിലാണ് പെൺകുട്ടി ഇരിക്കുന്നത്..
പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളായ വാഗമണ്ണിലേക്കും തേക്കടിയിലേക്കുമുള്ള ടൂറിസ്റ്റുകളുടെ പ്രധാന സഞ്ചാര പാതകളിലൊന്നിനരികിലാണ് കട എന്നതിനാൽ ഇത്തരത്തിലുള്ള സന്ദർശകർ സുനിച്ചേട്ടനു പുതുമയല്ല.. എന്നാൽ സംശയദൃഷ്ടിയോടെ നോക്കിയതിൽ ചെറിയ കാര്യമുണ്ട് താനും.. കുറച്ചു നാൾ മുമ്പ് ഇത്തരത്തിൽ വന്ന ഒരു ടൂറിസ്റ്റ് സംഘം ഷോപ്പിങ്ങ് എല്ലാം കഴിഞ്ഞ് പോയപ്പോൾ ബില്ലിൽ പെടാത്ത കുറെ സാധനങ്ങൾ കൂടി എടുത്തുകൊണ്ട് പോയത്രേ.. അതിനുശേഷം ആളിന് ടൂറിസ്റ്റുകളെയൊക്കെ മൊത്തത്തിൽ സംശയമാണ്..
നല്ല തിരക്കുള്ള സമയമാണ്.. തിരക്കൊഴിയാൻ കാത്തിരുന്ന് തനിക്കാവശ്യമുള്ള സാധങ്ങൾ വാങ്ങി പോകാനിറങ്ങുമ്പോൾ പെണികുട്ടി ചോദിച്ചു.. ചേട്ടാ ഒരു കാര്യം ചോദിച്ചോട്ടെ.. ഞാൻ ശ്രദ്ധിക്കുകയായിരുന്നു ഇത്രയും തിരക്കിനിടയിലും കടയിൽ വരുന്ന ഒരാളെപ്പോളും ചേട്ടൻ ശ്രദ്ധിക്കാതിരുന്നില്ല.. ആർക്കും പ്രത്യേക പരിഗണനയും കൊടുത്തില്ല.. എല്ലാരെയും തൃപ്തിപ്പെടുത്തി പറഞ്ഞു വിടുന്നു.. നല്ല നയചാതുര്യം.. എങ്ങിനെ സാധിക്കുന്നു..
കച്ചവടത്തിന്റെ സുവർണ നിയമം തന്നെ അതാണല്ലോ.. അത് ഏറ്റവും കൃത്യമായി പാലിക്കുന്ന സുനിച്ചേട്ടൻ ഒന്നു ചിരിച്ചു..
കടയിലെ ഫോൺ നമ്പരൊക്കെ വാങ്ങി ഇനിയും ഇതുവഴി വരുമ്പോൾ കയറാം എന്നു പറഞ്ഞ് പോകാനിറങ്ങുമ്പോൾ പെൺകുട്ടിക്ക് ഒരാഗ്രഹം.
ചേട്ടാ.. പുറത്തേക്കൊന്നിറങ്ങി നിൽക്കാമോ.. ഒരു ഫോട്ടോ എടുക്കാനാ..
ഫോട്ടോ എടുക്കാൻ... അതും ഒരു പരിചയവുമില്ലാത്ത പെണ്ണിനൊപ്പം.. വർത്തമാനകാല കേരളത്തിൽ ജീവിക്കുന്ന ഏതൊരാണും അതു കേൾക്കുമ്പോൾ ഒന്നു ഞെട്ടും.. നാളെ ഏതു വിവാദത്തിലാണ് തന്റെ ഫോട്ടോ പെടുന്നതെന്നറിയുവാൻ പറ്റില്ലല്ലോ..
ഏയ്.. ഫോട്ടോ ഒന്നും വേണ്ട.. സുനിച്ചേട്ടൻ തീർത്തു പറഞ്ഞു..
എന്നാൽ ചേട്ടൻ അവിടെ നിൽക്ക്.. ഞാനിവിടെ നിന്നെടുത്തോളാം എന്നും പറഞ്ഞ് മൊബൈൽ ഫോണിൽ ഒരു പടമെടുത്ത് പെൺകുട്ടി കാറിൽ കയറിപ്പോയി..
മണിക്കൂർ ഒന്നു കഴിയും മുമ്പ് സുനിച്ചേട്ടന്റെ ഫോണിൽ ഒരു കോൾ വന്നു.. പാലായിൽ കോളേജിൽ പഠിക്കുന്ന കുരുവിക്കൂടുകാരൻ പയ്യനാണ് വിളിച്ചത്..
ചേട്ടോ.. ഇതൊക്കെ എപ്പോ സാധിച്ചു.. എന്താ ഞങ്ങളോടൊന്നും പറയാതിരുന്നത്.. സംഭവം കലക്കി കേട്ടോ..
എന്നതാ മോനേ സംഭവം.. സുനിച്ചേട്ടൻ അന്തം വിട്ടൂ..
ചേട്ടന്റെ ഫോട്ടോ കണ്ടല്ലോ ഫേസ്ബുക്കിൽ... സിനിമാ നടി മമതാ മോഹൻ ദാസിനൊപ്പം..
ങേ !!! സിനിമാ നടിയോ.. എപ്പോ..
അതേ.. ഒരു കാപ്പിക്കപ്പൊക്കെ പിടിച്ചു നിൽക്കുന്ന മമതയ്ക്ക് പുറകിൽ ചേട്ടൻ ചിരിച്ചോണ്ട് നിൽക്കുന്നുണ്ട്... കിടിലം..
പിന്നീടങ്ങോട്ട് ഫോൺ വിളീകളുടെ ബഹളമായി.. വൈകിട്ട് കുറെ പെൺപിള്ളേർ സുനിച്ചേട്ടനെ കാണാൻ കടയിൽ വന്നു.. മമതാ മോഹൻ ദാസിന്റെ വിശേഷങ്ങളറിയാൻ..
എന്തിനേറെപ്പറയുന്നു..നാട്ടിലും സമീപ പ്രഡേസങ്ങളിലും സുനിച്ചേട്ടൻ ഫേമസായി.. കടയിൽ സാധനം വാങ്ങാൻ വരുന്നതിനേക്കാളധികം മമതാ മോഹൻ ദാസിന്റെ വിഷേഷങ്ങളറിയാൻ വരുന്ന ആളുകളായി..
മമതാമോഹൻ ദാസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത സുനിച്ചേട്ടനുമൊത്തുള്ള ആ ഫോട്ടോയ്ക്ക് കിട്ടിയത് നാല്പത്തയ്യയിരത്തിൽ പരം ലൈക്സ്..
എന്റെ രഞ്ജിത്തേ..വല്ല കാവ്യാ മാധവനൊക്കെ ആണേൽ എനിക്ക് മനസ്സിലയേനേ.. ഇത്രേം വല്യ സിനിമാ നടിയാണെന്നൊന്നും ആ കൊച്ചിനെ കണ്ടാൽ തോന്നില്ല.. ഒരു പാവം.. മൊബൈലിൽ ഫോട്ടോ കാണിച്ചു കൊണ്ട് സുനിച്ചേട്ടൻ അവിശ്വസനീയതയോടെ പറഞ്ഞു.

കടപ്പാട്: Manorama News


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.