Latest News

കലാഭവൻ മണിയുടെ മരണം അന്വേഷിക്കുന്ന സംഘത്തിന് സ്ഥലംമാറ്റം


[www.malabarflash.com] കലാഭവൻ മണിയുടെ മരണകാരണം വ്യക്തമാക്കുന്ന രാസപരിശോധനാഫലം വൈകുന്നതിന് പിന്നാലെ അന്വേഷണസംഘത്തിലെ പ്രധാനികൾക്ക് സ്ഥലമാറ്റം. അന്വേഷണത്തിന് നേതൃത്വം നൽകുന്ന ക്രൈംബ്രാഞ്ച് എസ്.പിയും രണ്ട് ഡിവൈ.എസ്.പിമാരുമാണ് ജിഷാ കൊലക്കേസ് അന്വേഷണത്തിന്റെ പുതിയ സംഘത്തിലുൾപ്പെട്ട് തൃശൂരിൽ നിന്ന് സ്ഥലംമാറിയത്. എന്നാൽ സ്ഥലമാറ്റം മണിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തെ ബാധിക്കില്ലെന്നും രാസപരിശോധനാഫലം ഉടൻ നൽകാൻ ആവശ്യപ്പെട്ടതായും പൊലീസ് അറിയിച്ചു.
കലാഭവൻ മണി മരിച്ചിട്ട് മൂന്ന് മാസമാവുകയാണ്. ഇതുവരെയുള്ള അന്വേഷണത്തിൽ കൊലപാതകത്തിന്റെയൊ ആത്മഹത്യയുടെയോ തെളിവുകൾ ലഭിക്കാത്തതിനാൽ ആന്തരീകാവയവങ്ങളുടെ രാസപരിശോധനാഫലം ലഭിച്ചാൽ മാത്രമെ മരണകാരണത്തിൽ വ്യക്തതയുണ്ടാവു. ഹൈദരാബാദ് കേന്ദ്രലാബിൽ നിന്ന് രണ്ട് മാസമായിട്ടും ഫലം ലഭിക്കാത്തതുകൊണ്ട് തന്നെ അന്വേഷണം വഴിമുട്ടിയതായി മണിയുടെ കുടുംബം ആരോപിക്കുന്നതിനിടെയാണ് അന്വേഷണസംഘത്തിലെ പ്രമുഖർ മറ്റ് ചുമതലകളുമായി ജില്ല വിട്ടുപോകുന്നത്. തൃശൂർ ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന പി. എൻ. ഉണ്ണിരാജനായിരുന്നു മേൽനോട്ടച്ചുമതല. അദേഹത്തെ ജിഷാ കൊലക്കേസ് അന്വേഷിക്കുന്ന എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള പുതിയ സംഘത്തിൽ ഉൾപ്പെടുത്തി. മാത്രവുമല്ല, എറണാകുളം റൂറൽ എസ്.പിയായി നിയമിക്കുകയും ചെയ്തു. അന്വേഷണത്തിന് ആദ്യം മുതൽ നേതൃത്വം വഹിച്ചിരുന്ന തൃശൂർ അഡ്മിനിസ്ട്രേഷൻ ഡിവൈ.എസ്.പി കെ. എസ്. സുദർശനും മാറ്റമുണ്ട്. പെരുമ്പാവൂർ ഡിവൈ.എസ്.പിയായി നിയമിച്ച അദേഹവും ജിഷാ കൊലക്കേസിന്റെ പുതിയ സംഘത്തിലുണ്ട്. മറ്റൊരു ഡിവൈ.എസ്.പിയായ എം.ജെ. സോജനും ഇനി ജിഷാ കൊലക്കേസ് അന്വേഷണസംഘാംഗമാണ്. പ്രത്യേകസംഘാംഗങ്ങളുടെ സ്ഥലമാറ്റം മണിയുടെ അന്വേഷണത്തെ ബാധിക്കുമെന്ന ആശങ്കയുയരുമ്പോൾ അത് പൂർണമായും തള്ളിക്കളയുകയാണ് പൊലീസ്. സ്ഥലമാറ്റമോ പുതിയ ചുമതലയോ ഉണ്ടായെങ്കിലും പ്രത്യേകസംഘമായതിനാൽ അന്വേഷണതുടരുമെന്നും രണ്ട് ദിവസത്തിനുള്ളിൽ രാസപരിശോധനാഫലം ലഭിക്കുമെന്നും പൊലീസ് ഉറപ്പിച്ച് പറയുന്നു

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.