Latest News

മുംബൈയില്‍ ജീവനൊടുക്കിയ യുവതിയുടെ ഭര്‍ത്താവും അമ്മയും തൃശൂരില്‍ മരിച്ച നിലയില്‍

തൃശൂര്‍:[www.malabarflash.com] മുംബൈയില്‍ മരിച്ച യുവതിയുടെ ഭര്‍ത്താവിനെയും അമ്മയെയും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഊരകം ഇളങ്കുന്ന് റോഡില്‍ പുത്തന്‍വീട്ടില്‍ പരേതനായ രാഘവന്‍പിള്ളയുടെ ഭാര്യ രമണി (53), മകന്‍ പ്രശാന്ത് (34) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രശാന്തിന്റെ ഭാര്യയും അയ്യന്തോള്‍ തൃക്കുമാരുകുടം ലൈനില്‍ വടാശേരി കാര്‍ത്യായനിയുടെ മകളുമായ കൃഷ്ണപ്രിയ മുംബൈയില്‍ കഴിഞ്ഞ ദിവസം ജീവനൊടുക്കിയിരുന്നു. ഇവര്‍ക്ക് ഒന്നര വയസുള്ള കുട്ടിയുമുണ്ട്. ഭര്‍ത്താവിന്റെയും അമ്മയുടെയും പീഡനം മൂലമാണ് മകളുടെ മരണമെന്നു കാണിച്ച് കൃഷ്ണപ്രിയയുടെ വീട്ടുകാര്‍ കമ്മീഷണര്‍ക്കു പരാതി നല്‍കിയിരുന്നു.

വ്യാഴാഴ്ച രാവിലെ ഞാറയ്ക്കലുള്ള മകള്‍ ഫോണില്‍ വിളിച്ചപ്പോള്‍ എടുക്കാതെ വന്നതിനെത്തുടര്‍ന്നു സമീപവാസികളെ വിളിച്ച് അന്വേഷിപ്പിച്ചപ്പോഴാണു രണ്ടു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വാതില്‍ തള്ളി തുറന്ന് അകത്തു കയറിയപ്പോള്‍ മുകളിലെ നിലയിലെ ഹാളില്‍ രണ്ടു ഹുക്കുകളിലായാണ് അമ്മയും മകനും തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ബുധനാഴ്ച വീട്ടില്‍ വന്നിരുന്ന ഞാറയ്ക്കലുള്ള മകള്‍ രമ്യയെ ഇവര്‍ കാറില്‍ വീട്ടില്‍ കൊണ്ടുവിട്ടതിനുശേഷം മടങ്ങിവന്നതാണ്.

അമ്മാടം ഹെല്‍ത്ത് സെന്ററിലെ നഴ്‌സിംഗ് അസിസ്റ്റന്റും മുന്‍ പഞ്ചായത്തു മെമ്പറുമാണ് മരിച്ച രമണി. മകന്‍ പ്രശാന്തിനു മുംബൈയിലെ ഷിപ്പിംഗ് കണ്ടെയ്‌നര്‍ ബോക്‌സ് വേരിഫിക്കേഷനിലാണു ജോലി. പ്രശാന്തും ഭാര്യ കൃഷ്ണപ്രിയയും ഒന്നരവയസുള്ള പ്രണവ് കൃഷ്ണയും ഒരുമിച്ച് മുംബൈയിലാണു താമസിച്ചിരുന്നത്. കൃഷ്ണപ്രിയയോട് ഭര്‍ത്താവ് പ്രശാന്ത് വീണ്ടും പണം ആവശ്യപ്പെട്ട് ശല്യപ്പെടുത്തിയിരുന്നുവെന്നു പറഞ്ഞാണു പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇതിന്റെ അന്വേഷണം ആരംഭിച്ചതോടെയാണ് രണ്ടു പേരും ആത്മഹത്യ ചെയ്തതെന്നാണു സൂചന. പ്രശാന്തിന്റെ കുട്ടിയെ ഭാര്യ കൃഷ്ണപ്രിയയുടെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു.

ചേര്‍പ്പ് പോലീസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. പ്രശാന്തിന്റെ കൈഞരമ്പ് മുറിച്ചിട്ടുണ്ട്. മുറിയില്‍നിന്നു വിഷക്കുപ്പിയും കണ്ടെത്തിയിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.