Latest News

നീലേശ്വരത്തും പെരുമ്പാവൂരിലും ജിഷമാര്‍ കൊല്ലപ്പെട്ടു; ഇനി കേരളത്തില്‍ എത്രയെത്ര ജിഷമാര്‍


കാഞ്ഞങ്ങാട്: [www.malabarflash.com] അന്യസംസ്ഥാന തൊഴിലാളികളുടെ ക്രൂരയ്ക്കിരയാകുന്ന മലയാളികളുടെ എണ്ണം വര്‍ദ്ധിക്കുന്നു.
2012 ഫെബ്രുവരി 19ന് രാത്രി നീലേശ്വരം അടുക്കത്ത് പറമ്പിലെ ഗള്‍ഫുകാരന്‍ രാജേന്ദ്രന്റെ ഭാര്യ നര്‍ക്കിലക്കാട് കോട്ടമലയിലെ പി.കെ.ജിഷയെ ഒഡീഷാ സ്വദേശി മദനന്‍മാലിക് കുത്തിക്കൊലപ്പെടുത്തി. ഇതിന് പിന്നാലെ കേരളത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ നിരവധി കൊലപാതകങ്ങള്‍ നടത്തി. ഏറ്റവും ഒടുവിലാണ് കഴിഞ്ഞ ഏപ്രില്‍ 28ന് പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനിയായ മറ്റൊരു ജിഷ കൊല്ലപ്പെട്ടത്.
കുറച്ചുവര്‍ഷം മുന്‍പാണ് ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് തൊഴില്‍ തേടി യുവാക്കള്‍ കേരളത്തിലേക്കെത്തിത്തുടങ്ങിയത്. ചെറു സംഘങ്ങളായെത്തിയവര്‍ പിന്നീട് വലിയ സംഘങ്ങളായി. കൂട്ടമായി വീടെടുത്ത് താമസം തുടങ്ങി. കുറഞ്ഞ കൂലിക്ക് മടുപ്പില്ലാതെ പണിയെടുക്കുന്ന ഇതരസംസ്ഥാനക്കാര്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ടവരായത് പെട്ടെന്നായിരുന്നു. കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ പച്ചക്കറി കടകളും പൗള്‍ട്രി ഫാമുകളുമെല്ലാം ഇതരസംസ്ഥാനക്കാര്‍ കൈയ്യേറി. അവര്‍ മലയാളം പഠിച്ചു, പകരം മലയാളികള്‍ ഹിന്ദിയും ബംഗാളിയും ഒറിയയും അസാമീസും പഠിച്ചു. പലരും മലയാളി പെണ്ണുങ്ങളെ കല്യാണം കഴിക്കുകയും ചെയ്തു. ഭാര്യമാരെ ചിലര്‍ സ്വന്തം നാട്ടിലേക്ക് കൊണ്ടുപോയി. മറ്റ് ചിലര്‍ കേരളത്തില്‍ താമസം തുടങ്ങി.
കവര്‍ച്ചയും പിടിച്ചുപറിയും പീഡനശ്രമങ്ങളും അടക്കമുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷിച്ചുതുടങ്ങിയ പോലീസ് പ്രതികളെ കുറിച്ചുള്ള വിവരശേഖരണത്തിന് ഇതരസംസ്ഥാന തൊഴിലാളികളിലേക്ക് എത്തിയപ്പോള്‍ ഉറക്കം നഷ്ടപ്പെട്ടത് മലയാളികള്‍ക്കായിരുന്നു. ചെമ്പിച്ച മുടിയും മുഷിഞ്ഞ വസ്ത്രങ്ങളുമായി പാന്‍ ചവച്ചു നടക്കുന്ന ഇതരസംസ്ഥാനക്കാരെ സാധാരണക്കാര്‍ സംശയത്തോടെ നോക്കിത്തുടങ്ങി. പീഡനങ്ങള്‍ക്കും പിടിച്ചുപറിക്കും കൊലപാതകങ്ങള്‍ക്കും പിന്നില്‍ അവരാണെന്ന് കേട്ടപ്പോള്‍ മാതാപിതാക്കള്‍ കുട്ടികളെ വീട്ടില്‍ തനിച്ചാക്കാന്‍ മടിച്ചു. അടുത്തിടെ കേരളത്തെ ഞെട്ടിച്ച പല കൊലപാതകങ്ങള്‍ക്കും പിന്നില്‍ ഉത്തരേന്ത്യയില്‍നിന്ന് ജോലി തേടിവന്നവരായിരുന്നു. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന രീതിയിലായിരുന്നു പല കൊലകളും. ചെറിയ ചെറിയ പിണക്കങ്ങളും സംശയവും നിയന്ത്രണങ്ങളും പോലുംക്രൂരമായ കൊലപാതകങ്ങളിലെത്തി.
അടുത്തിടെ കോട്ടയം പാറമ്പുഴയിലും ആലപ്പുഴ തകഴിയിലുമുണ്ടായ കൊലപാതകങ്ങള്‍ അരങ്ങേറി. പണം മോഷ്ടിക്കാനാണ് പാറമ്പുഴയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ അവിടെ ജോലിക്കു നിന്നിരുന്ന ഉത്തര്‍പ്രദേശുകാരനായ നരേന്ദ്ര കുമാര്‍ കൊലപ്പെടുത്തിയത്. മൊബൈല്‍ ഫോണ്‍ ഉപയോഗം സംബന്ധിച്ച തര്‍ക്കമാണ് തകഴിയില്‍ ഒരാളുടെ ജീവനെടുത്തത്.
2015 മേയ് 18ന് ആയിരുന്നു പാറമ്പുഴയിലെ കൂട്ടക്കൊല. ഡ്രൈക്ലീനിങ് സ്ഥാപനം നടത്തിയിരുന്ന ലാലസനെയും ഭാര്യ പ്രസന്നകുമാരിയെയും മകന്‍ പ്രവീണിനെയും തലയ്ക്കടിച്ചും ഷോക്കടിപ്പിച്ചുമായിരുന്നു നരേന്ദ്ര കുമാര്‍ കൊലപ്പെടുത്തിയത്. പണത്തിനൊപ്പം സ്വര്‍ണവും മോഷ്ടിച്ചു. പ്രസന്നകുമാരിയുടെ കമ്മല്‍ സ്വന്തമാക്കാന്‍ അവരുടെ കാതും പ്രതി മുറിച്ചെടുത്തു. ജയ്‌സിങ് എന്ന മറുപേരിലാണ് ഇയാള്‍ ഡ്രൈക്ലീനിങ് സ്ഥാപനത്തില്‍ ജോലിക്കെത്തിയത്. പോലീസ് ഇയാളെ പിടികൂടി. വഴക്കു പറയുകയും തല്ലുകയും ചെയ്യുമായിരുന്നെന്നും അതിനാലാണ് ക്രൂരമായി കൊല നടത്തിയതെന്നായിരുന്നു ചോദ്യം ചെയ്യലില്‍ നരേന്ദ്ര കുമാറിന്റെ മറുപടി. കേസിന്റെ വിചാരണ കഴിഞ്ഞ ദിവസം തുടങ്ങി.
തകഴി കേളമംഗലം കള്ളുഷാപ്പിലെ ജീവനക്കാരനായ മിത്രക്കരി വലിയപറമ്പില്‍ വീട്ടില്‍ രാമചന്ദ്രനെ 2015 ജൂലൈ പത്തിനാണ് മരിച്ച നിലയില്‍ ഷാപ്പിലെ ഫ്രീസറില്‍ കണ്ടെത്തിയത്. പൊലീസിന്റെ സംശയം ആദ്യം ചെന്നെത്തിയത് കൂടെ ജോലി ചെയ്തിരുന്ന അസം സ്വദേശി ആകാശ് തായിയില്‍. ആകാശിന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തെപ്പറ്റി രാമചന്ദ്രന്‍ ഷാപ്പ് മാനേജരോടു പരാതി പറഞ്ഞതു സംബന്ധിച്ച തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചത്. ആകാശിന്റെ മൊബൈല്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.
തുടര്‍ന്ന്, ലഹരി ഉപയോഗവും കടത്തും കള്ളനോട്ട് വിതരണവും കവര്‍ച്ചയുമുള്‍പ്പെടെ പല കേസുകളിലും ഇതരസംസ്ഥാന തൊഴിലാളികള്‍ പ്രതികളായി. പെരുമ്പാവൂരില്‍ ഒരു പെണ്‍കുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ടുവെന്ന് കേട്ടപ്പോള്‍ പോലീസ് ഇതരസംസ്ഥാനക്കാരെ സംശയിച്ചതിനും കാരണമിതായിരുന്നു. ഇത്ര ക്രൂരമായി ഒരു കൊല നടത്താന്‍ മലയാളിക്ക് സാധിക്കില്ലെന്നും പൊലീസ് വിലയിരുത്തി. ഇതരസംസ്ഥാനക്കാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങള്‍ അവസാനം ഫലംകണ്ടു.
ഇതരസംസ്ഥാന തൊഴിലാളികള്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുമ്പോഴും കേരളത്തില്‍ ഇവര്‍ എത്രപേരുണ്ടെന്നോ എവിടെനിന്നൊക്കെയാണ് എത്തിയതെന്നോ ഉള്ള കൃത്യമായ കണക്ക് ഇപ്പോഴും ലഭ്യമല്ല. ദിവസവും നൂറുകണക്കിന് പേരാണ് സംസ്ഥാനത്ത് എത്തുന്നത്. ഇതരസംസ്ഥാനത്തൊഴിലാളികളുടെ തിരിച്ചറിയല്‍വിവരങ്ങള്‍ തൊഴിലുടമ തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും അവരുെട തിരിച്ചറിയല്‍ രേഖകള്‍ സൂക്ഷിക്കണമെന്നുമൊക്കെ സര്‍ക്കാരിന്റെ നിര്‍ദേശങ്ങളുണ്ടെങ്കിലും അതൊന്നും കൃത്യമായി പാലിക്കപ്പെടുന്നില്ല. അത്തരം വീഴ്ചകള്‍ തുടര്‍ന്നാല്‍ ക്രൂരമായ കൊലപാതകങ്ങള്‍ക്കും ചോര മരവിപ്പിക്കുന്ന കുറ്റകൃത്യങ്ങള്‍ക്കും കേരളം ഇനിയും സാക്ഷ്യം വഹിച്ചേക്കാം. പുതുക്കൈയിലെ ജിഷയെ കൊലപ്പെടുത്തിയ പ്രതിയെ മൂന്നുദിവസത്തിനുള്ളില്‍ കൊലനടന്ന വീടിന്റെ ടെറസ്സില്‍ നിന്നും പിടികൂടി. പ്രതി അറസ്റ്റിലാവുകയും ജയിലിലാവുകയും ചെയ്തു. എന്നാല്‍ ജിഷയെ മദനന്‍മാലിക് കൊലപ്പെടുത്തിയത് എന്തിനെന്ന് ഇപ്പോഴും അജ്ഞാതം.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.