തിരുവനന്തപുരം: [www.malabarflash.com]വിവാദങ്ങള്‍ക്കൊടുവില്‍ ലോക അത്‌ലറ്റിക്‌സ് മെഡല്‍ ജേതാവ് അഞ്ജു ബോബി ജോര്‍ജ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജിവെച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ യോഗത്തില്‍ അഞ്ജു ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. തുടര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലും രാജിയുടെ കാര്യകാരണങ്ങള്‍ അഞ്ജു വിശദമാക്കി.
അപമാനം സഹിച്ച് തുടരാനാവില്ലെന്നാണ് നേരത്തെ യോഗത്തില്‍ അഞ്ജു പറഞ്ഞത്.കൂടാതെ കൗണ്‍സിലിന്റെ പത്തുവര്‍ഷത്തെ ഇടപാടുകള്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. അഞ്ജുവിനൊപ്പം കൗണ്‍സിലിലെ ഭരണസമിതി അംഗങ്ങളായ ടോംജോസഫ് അടക്കമുളള 13 പേരും രാജി വെച്ചു.അഞ്ജു നിയമിച്ചെന്ന ആരോപണം നേരിട്ട സഹോദരന്‍ അജിത്ത് മാര്‍ക്കോസും പരിശീലക സ്ഥാനം രാജിവെക്കുന്ന കാര്യവും അഞ്ജു തന്നെ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
തനിക്കെതിരായ ആരോപണങ്ങള്‍ അപ്രതീക്ഷിതമായിരുന്നെന്ന് അഞ്ജു ബോബി ജോര്‍ജ് മാധ്യമങ്ങളോട് രാവിലെ പറഞ്ഞിരുന്നു.ആരോപണങ്ങള്‍ പുകമറയായിരുന്നു.തന്റെ കൈകള്‍ ശുദ്ധമാണ്. നാളെ നടക്കുന്ന ഒളിമ്പിക് ദിനാചരണത്തില്‍ പങ്കെടുക്കില്ല എന്ന കാര്യം അഞ്ജു വ്യക്തമാക്കിയിട്ടുണ്ട്. കായികവകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ അടക്കമാണ് നാളെ ചടങ്ങില്‍ പങ്കെടുക്കുന്നത്. എന്നാല്‍ അഞ്ജു ഇന്നുതന്നെ ബാംഗ്ലൂരിലേക്ക് മടങ്ങുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
ഇതിന്റെ തുടര്‍ച്ചയായിരുന്നു രാജി തീരുമാനം പ്രഖ്യാപിച്ച അഞ്ജുവിന്റെ വാര്‍ത്താസമ്മേളനവും. സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത് അഴിമതി അന്വേഷിക്കാന്‍ എത്തിക്‌സ് കമ്മിറ്റി രൂപീകരിച്ചതോടെയാണ്. ഇത് എതിര്‍പ്പിനിടയാക്കി.പല ഫയലുകളിലും ക്രമക്കേടുകള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. സ്‌പോര്‍ട്‌സ് ലോട്ടറിയില്‍ വന്‍ ക്രമക്കേടുകളാണ് നടക്കുന്നത്. ഈ നൂറ്റാണ്ടില്‍ കായിക താരങ്ങളോട് ചെയ്ത ഏറ്റവും വലിയ ചതിയാണ് സ്‌പോര്‍ട്‌സ് ലോട്ടറിയെന്നും അഞ്ജു പറഞ്ഞു.
പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്ന സമയത്ത് തന്റെ തിരക്കുകള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നതാണ്. വിചാരിച്ച പോലെയല്ല കാര്യങ്ങള്‍ നടന്നത്. എന്റെ മെയില്‍ വരെ ഓഫിസില്‍ നിന്നും ചോര്‍ന്നു. ഇതില്‍ പരാതി നല്‍കിയിരുന്നു. മാധ്യമങ്ങളും ജനങ്ങളും ചേര്‍ന്ന് അഴിമതികള്‍ പുറത്ത് കൊണ്ടുവരണം. ദേശീയ ഗെയിംസ് കേരളത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞതാണ് അഭിമാനനിമിഷം. സ്‌പോര്‍ട്‌സ് മതത്തിനും പാര്‍ട്ടിക്കും അതീതമാണെന്നാണ് കരുതിയിരുന്നത്. പക്ഷേ അങ്ങനെയല്ല കാര്യങ്ങള്‍. ജി.വി രാജയെ വരെ കരയിപ്പിച്ച് വിട്ട പ്രസ്ഥാനമാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍. അതിനു മുന്നില്‍ ഞങ്ങളുടെ കണ്ണീര്‍ ഒന്നുമല്ല.
വിവാദങ്ങളെ തുടര്‍ന്ന് തന്റെ സഹോദരന്‍ അജിത്ത് മാര്‍ക്കോസും പരിശീലക സ്ഥാനം രാജിവെക്കുകയാണ്. അജിത്തിനെ നിയമിച്ചത് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അല്ല, സര്‍ക്കാരാണ്. അഞ്ച് മെഡലുകള്‍ കിട്ടിയ കോച്ച് എന്ന നിലയിലാണ് അജിത്തിനെ യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ചത്. സ്‌പോര്‍ട്‌സിനെ കൊല്ലാന്‍ കഴിയും എന്നാല്‍ സ്‌പോര്‍ട്‌സുകാരെ തോല്‍പ്പിക്കാന്‍ കഴിയില്ല എന്നുപറഞ്ഞാണ് അഞ്ജു പത്രസമ്മേളനം അവസാനിപ്പിച്ചത്.
അതേസമയം അഞ്ജു ബോബി ജോര്‍ജ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനം ഒഴിയുന്ന കാര്യം തന്നെ അറിയിച്ചിട്ടില്ലെന്ന് കായികവകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. അവരെ പുറത്താക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ച അഞ്ജുവിന് കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ ചുമതലകള്‍ നല്‍കുമോ എന്ന കാര്യം തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാജിവെക്കുന്ന കാര്യം അഞ്ജു തന്നെ അറിയിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. അഞ്ജുവിനെ പുകച്ച് പുറത്ത് ചാടിക്കുകയാണ് ഇടത് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ കായിക മന്ത്രിയായി ചുമതലയേറ്റ ഇ.പി ജയരാജനെ കാണാന്‍ എത്തിയതാണ് അഞ്ജുബോബി ജോര്‍ജിന്റെ രാജിയിലേക്ക് കലാശിച്ച സംഭവങ്ങള്‍ക്ക് തുടക്കമായത്. അഞ്ജു അടക്കം സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ എല്ലാവരും അഴിമതിക്കാരും പാര്‍ട്ടിവിരുദ്ധരുമാണെന്ന് ആരോപിച്ച് മന്ത്രി തട്ടിക്കയറിയെന്നാണ് അഞ്ജു മാധ്യമങ്ങളോട് മന്ത്രിയുമായുളള സന്ദര്‍ശനത്തെക്കുറിച്ച് വ്യക്തമാക്കിയത്. കൂടാതെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായ അഞ്ജു ആരോട് ചോദിച്ചിട്ടാണ് ബാംഗ്ലൂരില്‍ നിന്നും വരാന്‍ വിമാനടിക്കറ്റ് ചാര്‍ജ് എഴുതി എടുക്കുന്നതെന്നും മന്ത്രി ഇ.പി ജയരാജന്‍ ചോദിച്ചിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment