Latest News

ബുര്‍ഖയിട്ടെത്തി സ്വര്‍ണ്ണം കവരുന്ന സംഘത്തിനെതിരെ മറ്റൊരു പരാതികൂടി


ബദിയഡുക്ക: [www.malabarflash.com] ബുര്‍ഖ ധരിച്ചെത്തി ബസ്‌ യാത്രക്കാരുടെ പണവും സ്വര്‍ണ്ണവും തട്ടിയടുക്കാനുള്ള ശ്രമത്തിനിടയില്‍ ബദിയഡുക്കയില്‍ നാട്ടുകാരുടെ പിടിയിലായ തമിഴ്‌ യുവതികള്‍ക്കെതിരെ മറ്റൊരു കേസുകൂടി. കര്‍ണ്ണാടക, ഉപ്പിനങ്ങാട്‌ ബീരന്തടുക്കയിലെ വിഷ്‌ണുഭട്ടിന്റെ ഭാര്യ വെങ്കിടേശ്വരിയാണ്‌ പരാതിക്കാരി.
ബദിയഡുക്കയില്‍ നിന്നു പുത്തൂരിലേയ്‌ക്ക്‌ ബസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ ഇവരുടെ കൈയില്‍ ഉണ്ടായിരുന്ന പ്ലാസ്റ്റിക്‌ ബാഗില്‍ നിന്നു ഏഴര പവന്‍ സ്വര്‍ണ്ണം അപഹരിച്ചുവെന്നാണ്‌ കേസ്‌. ഈ മാസം 13ന്‌ ആയിരുന്നു സംഭവം. ബസ്‌ പുത്തൂരില്‍ എത്തിയപ്പോഴാണ്‌ സ്വര്‍ണ്ണം നഷ്‌ടപ്പെട്ട വിവരം വെങ്കിടേശ്വരി അറിഞ്ഞത്‌. ബംഗ്‌ളൂരുവിലെ ആശുപത്രിയില്‍ അടിയന്തിര വൈദ്യപരിശോധനയ്‌ക്കു പോകാനുള്ളതിനാല്‍ പരാതി നല്‍കിയിരുന്നില്ല. എങ്കിലും ഫോണില്‍ ബദിയഡുക്ക പൊലീസിനെ വിളിച്ച്‌ സംഭവം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ബദിയഡുക്കയില്‍ ബസ്‌ യാത്രക്കാരിയുടെ സ്വര്‍ണ്ണവും പണവും പോക്കറ്റടിച്ച സംഘത്തെ പിടികൂടിയതായുള്ള വിവരമറിഞ്ഞാണ്‌ വെങ്കിടേശ്വരി എത്തിയത്‌. പിടിയിലായ തമിഴ്‌നാട്‌ മേട്ടുപാളയം സ്വദേശികളായ ലക്ഷ്‌മി(24), ആയമ്മ(28), മുരുഗമ്മ(25) എന്നിവരുടെ ഫോട്ടോ പൊലീസ്‌ വെങ്കിടേശ്വരിയെ കാണിച്ചു. ഇവര്‍ തന്നെയാണ്‌ തന്റെ സ്വര്‍ണ്ണം കവര്‍ന്നതെന്നും സംഭവദിവസം ബുര്‍ഖധരിച്ച്‌ തന്നോടൊപ്പം ബസില്‍ യാത്ര ചെയ്‌തിരുന്ന യുവതികള്‍ മുഖം മറച്ചിരുന്നില്ലെന്നും പൊലീസിനു മൊഴി നല്‍കി. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കാഞ്ഞങ്ങാട്‌ സബ്‌ ജയിലില്‍ റിമാന്റില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നല്‍കുമെന്ന്‌ പൊലീസ്‌ പറഞ്ഞു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.