ഉദുമ: [www.malabarflash.com] സഹകരണ വകുപ്പിന്റെ പ്രത്യേക സംഘം നടത്തിയ പരിശോധനയില്‍ ഉദുമ പനയാല്‍ അര്‍ബന്‍ സഹകരണ സംഘത്തില്‍ മുക്കുപണ്ടം പണയപ്പെടുത്തി 42,4840 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. മുട്ടത്തൊടി സര്‍വീസ് സഹകരണ ബാങ്കിലെ കോടികളുടെ മുക്കുപണ്ട തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് പ്രത്യേക സംഘം ബാങ്കില്‍ പരിശോധന നടത്തിയത്.
പനയാല്‍ ബാങ്കിന്റെ തച്ചങ്ങാട് ഹെഡ് ഓഫീസില്‍ നിന്ന് 12 പേരുടെ പേരില്‍ 15,4840 രൂപയും ആറാട്ടുകടവ് വെടിത്തറക്കാല്‍ ബ്രാഞ്ചില്‍ 16 പേരുടെ പേരില്‍ 27ലക്ഷം രൂപയുമാണ് തട്ടിയെടുത്തത്. പരിശോധന വിവരം അറിഞ്ഞതോടെ ബാങ്ക് അപ്രൈസര്‍ മഹേഷ് ഒളിവില്‍ പോയി. മഹേഷിന് പുറമെ ഹെഡ് ഓഫീസ് സെക്രട്ടറി മധുസൂദനനും സംഭവത്തില്‍ പങ്കുള്ളതായാണ് സംശയിക്കുന്നത്.
ശനിയാഴ്ച കാഞ്ഞങ്ങാട് അസിസ്റ്റന്റ് രജിസ്ട്രാര്‍ സജീവ് കര്‍ത്തയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സൊസൈറ്റിയിലെ ജീവനക്കാരുടെ ബന്ധുക്കളുടെ പേരിലാണ് കൂടുതല്‍ മുക്കുപണ്ടം പണയവെച്ചതെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. അതിനാല്‍ കൂടുതല്‍ പേര്‍ക്ക് തട്ടിപ്പില്‍ പങ്കുള്ളതായി സംശയിക്കുന്നു. ലക്ഷങ്ങളുടെ തട്ടിപ്പ് നടന്ന വെടിത്തറക്കാല്‍ ബ്രാഞ്ച് ഒരു വര്‍ഷം മുമ്പാണ് ആരംഭിച്ചത്. ഇവിടെ മുക്കുപണ്ടം പണയം വെച്ചവരുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയാണ്. മഹേഷ് ഗള്‍ഫിലുള്ള സഹോദരന്റെ വ്യാജ ഒപ്പിട്ട് മുക്കുപണ്ടം പണയപ്പെടുത്തിയതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം പിലിക്കോട് സര്‍വീസ് സഹകരണ ബാങ്കിന്റെ കാലിക്കടവ് ബ്രാഞ്ചില്‍ 70 ലക്ഷം രൂപയുടെ മുക്കുപണ്ട തട്ടിപ്പ് പുറത്തുവന്നിരുന്നു. സംഭവത്തില്‍ ബാങ്ക് മാനേജരും അപ്രൈസറും പോലീസ് പിടിയിലായിട്ടുണ്ട്. മുട്ടത്തൊടി സര്‍വീസ് സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്ക് മാനേജര്‍ സന്തോഷ് കുമാര്‍ ഉള്‍പെടെ ആറു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് ബാങ്കുകളില്‍ തട്ടിപ്പ് കണ്ടെത്തിയതോടെ പരിശോധന വ്യാപിപ്പിക്കാനാണ് സഹകരണ വകുപ്പിന്റെ തീരുമാനം.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment