Latest News

പിലിക്കോട് ബാങ്ക് മുക്കുപണ്ട പണയതട്ടിപ്പ്: മാനേജറും അപ്രൈസറും കസ്റ്റഡിയില്‍


കാഞ്ഞങ്ങാട്: [www.malabarflash.com]പിലിക്കോട് സര്‍വ്വീസ് സഹകരണ ബാങ്ക് കാലിക്കടവ് ശാഖയില്‍ മുക്കുപണ്ടം പണയംവെച്ച് മുക്കാല്‍കോടി രൂപ തട്ടിയ സംഭവത്തില്‍ ബാങ്ക് ശാഖ മാനേജര്‍ പിലിക്കോട്ടെ എന്‍.വി ശരത് ചന്ദ്രന്‍, അപ്രൈസര്‍ പിലിക്കോട് വയലിലെ പി.വി കുഞ്ഞിരാമന്‍ എന്നിവരെ നീലേശ്വരം സി.ഐ പി.കെ ധനഞ്ജയ ബാബുവിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരുന്നു. വെള്ളിയാഴ്ച രാത്രിയാണ് ഇരുവരേയും കസ്റ്റഡിയിലെടുത്തത്. 56 ഇടപാടുകളിലായി 77,56,000 രൂപയാണ് ബാങ്കില്‍ നിന്ന് തട്ടിയത്. തട്ടിയെടുത്ത പണം എവിടെയെന്ന് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. ശരത്ചന്ദ്രനും പണം കയ്യില്‍ എത്തിയതിന്റെ ഒരു തരത്തിലുള്ള ആഡംബരമോ സ്വത്തുവാങ്ങിക്കൂട്ടലോ നടത്തിയതായും കാണുന്നില്ല. ആറരലക്ഷം രൂപയ്ക്ക് ഒരു സ്ഥലം വാങ്ങിയതൊഴിച്ചാല്‍ പണം ചെലവഴിച്ചതായി കാണാന്‍ കഴിഞ്ഞിട്ടില്ല. ഇക്കാരണത്താല്‍ തന്നെ സംഭവത്തിന് പിന്നില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെന്ന സംശയമാണ് ഉയരുന്നത്. ശരത് ചന്ദ്രന്റെ പെരുമാറ്റവും ജോലിയിലെ കാര്യക്ഷമതയും ആരേയും ആകര്‍ഷിക്കുന്നതാണ്. ഇത് മറയാക്കിയാണ് പണം തട്ടിയതെന്ന് വ്യക്തമായിട്ടുണ്ട്. പതിവായി ഓഫീസ് സമയം തുടങ്ങുന്നതിന് ഒന്നും രണ്ടും മണിക്കൂര്‍ മുമ്പ് ബാങ്കിലെത്താറുള്ള ശരത് ചന്ദ്രന്‍ ഈ സമയത്താണ് മുക്കുപണ്ടം പാക്കറ്റുകളിലാക്കിയതെന്നും ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. ഓഫീസില്‍ നേരത്തെയുള്ള വരവും ആര്‍ക്കും സംശയത്തിനിട നല്‍കിയിരുന്നില്ല. അത്യാവശ്യം പണം ആവശ്യമുള്ളര്‍ സ്വര്‍ണ്ണം നല്‍കിയിരുന്നുവെന്നും അവര്‍ക്കൊക്കെ തിരക്കുള്ളതുകാരണം താന്‍ തന്നെ തൂക്കി പാക്കുകളാക്കിയെന്നാണ് അപ്രൈസറോട് പറഞ്ഞിരുന്നത്. ഇത് വിശ്വസിച്ചാണ് കുഞ്ഞിരാമന്‍ ഒപ്പിട്ടത്. അന്വേഷണം വന്നപ്പോഴാണ് താന്‍ വഞ്ചിക്കപ്പെട്ടതായി കുഞ്ഞിരാമനും അറിയുന്നത്. അതേസമയം ഇത്രയധികം വ്യാജ ആഭരണം എവിടെ നിന്ന് ലഭിച്ചുവെന്ന് പൊലീസിന് കണ്ടെത്തേണ്ടതുണ്ട്.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.