കോഴിക്കോട്: [www.malabarflash.com] ക്രൂരമായ റാഗിങ് പുറത്ത് പറയാതിരിക്കാന്‍ സംഘം അശ്വതിയെ ഭീഷണിപ്പെടുത്തിയിരുന്നതായി ആരോപണം. ഗുല്‍ബര്‍ഗിലെ ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാരുടെ അനുവാദമില്ലാതെ നിര്‍ബന്ധപൂര്‍വ്വം സീനിയര്‍ വിദ്യാര്‍ഥികള്‍ ഡിസ്ചാര്‍ജ്ജ് ചെയ്യിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.
പണം കടം വാങ്ങിയും ലോണെടുത്തുമാണ് പിതാവില്ലാത്ത അശ്വതിയെ ബന്ധുക്കള്‍ നഴ്‌സിങ് പഠനത്തിനായി കര്‍ണാടകയിലേക്ക് അയച്ചത്. തനിക്ക് അവിടെ നില്‍ക്കാനാവുന്നില്ലെന്ന് അശ്വതി പല തവണ വീട്ടിലേക്ക് വിളിച്ച് അറിയിച്ചു. എന്നാല്‍ ക്രൂരമായ റാഗിങ് നടക്കുന്നത് മനസ്സിലാകാതിരുന്ന വീട്ടുകാര്‍ അശ്വതിയെ കോളേജില്‍ തന്നെ തുടരാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഇതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് ഓര്‍ത്ത് വിങ്ങുകയാണ് ഇപ്പോള്‍ ബന്ധുക്കള്‍.
നാല് ദിവസം ഗുല്‍ബര്‍ഗിലെ ഐസിയുവില്‍ അശ്വതി ചികിത്സയിലായിരുന്നുവെന്ന് പോലും വീട്ടുകാര്‍ അറിഞ്ഞത് സുഹൃത്തുക്കള്‍ വിളിച്ച് അറിയിച്ചപ്പോള്‍ മാത്രമായിരുന്നു. ക്രുരമായ റാഗിങ് വിനോദത്തിന് ഹോസ്റ്റലില്‍ നേതൃത്വം നല്‍കിയത് കോട്ടയം, കൊല്ലം സ്വദേശികളാണെന്നും അശ്വതിയും ബന്ധുക്കളും ആരോപിക്കുന്നു. അതേ സമയം സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ എല്ലാ ഇടപെടലും നടത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.
തുടര്‍ ചികത്സയ്ക്ക് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റേണ്ടി വരുമെന്ന് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. മെയ് 9നാണ് അശ്വതിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി റാഗ് ചെയ്തത്. ക്ലീനിംഗ് ലോഷനായ ഫിനോയില്‍ കുടിപ്പിച്ച് ഗുരുതരാവസ്ഥയിലായ അശ്വതിയെ ആദ്യം കര്‍ണാടകയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. നിര്‍ദ്ധന കുടുംബത്തിലെ പെണ്‍കുട്ടി കഴിഞ്ഞ ഡിസംബറിലാണ് ഗുല്‍ബര്‍ഗ അല്‍ ഖമാര്‍ നഴ്‌സിംഗ് കൊളേജില്‍ ബിഎഎസ്‌സി നഴ്‌സിംഗിനു ചേര്‍ന്നത്. അന്നു മുതല്‍ സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ തന്നെ ഉപദ്രവിക്കുമായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു.
Keywords: Raking, Ashwathi, Student, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment