Latest News

പ്രശസ്ത പാമ്പ് പിടുത്തക്കാരനായ ബിജു മൂര്‍ഖന്റെ കടിയേറ്റ് മരിച്ചു


മണിമല (കോട്ടയം): [www.malabarflash.com] മുറിവേറ്റ മൂര്‍ഖന്‍െറ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കടിയേറ്റ പാമ്പുപിടിത്തക്കാരന്‍ മരിച്ചു. മുക്കട വാകത്താനം മാന്തറയില്‍ ബിജുവാണ് (41) മരിച്ചത്. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. തിങ്കളാഴ്ച രാവിലെ 11ന് പൊന്തന്‍പുഴ മൃഗാശുപത്രിയിലാണ് ബിജുവിന്‍െറ കൈത്തണ്ടകളില്‍ മൂര്‍ഖന്‍െറ കടിയേറ്റത്. ചികിത്സ നല്‍കാനായി ചാക്കില്‍നിന്ന് പാമ്പിനെ പുറത്തെടുക്കുന്നതിനിടെയാണ് ബിജുവിനെ പാമ്പ് ആക്രമിച്ചത്. ഉടന്‍ പ്രഥമ ശുശ്രൂഷ നല്‍കി വനപാലകര്‍ തങ്ങളുടെ ജീപ്പില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അടിയന്തര ചികിത്സ നല്‍കിയെങ്കിലും വൈകുന്നേരത്തോടെ നില ഗുരുതരമാകുകയായിരുന്നു. തുടര്‍ന്ന് വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെ മരിച്ചു.

എരുമേലി ചത്തേക്കല്‍ പുത്തന്‍പുരക്കല്‍ എലിഫന്‍റ് സ്ക്വാഡിലെ അംഗം എം.ആര്‍. ബിജുവിന്‍െറ പുരയിടത്തിലെ മണ്ണ് നീക്കുന്നതിനിടെയാണ് കരിമൂര്‍ഖനെ കണ്ടത്തെിയത്. തുടര്‍ന്ന് വീട്ടുകാര്‍ അറിയിച്ചതിനുസരിച്ച് സ്ഥലത്തത്തെിയ ബിജു എറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ പാമ്പിനെ പിടികൂടി ചാക്കിലാക്കി. സ്ഥലത്തത്തെിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇതിനെ കൈമാറി. ഇതിനിടെയാണ് കരിമൂര്‍ഖന് മണ്ണ് നീക്കിയ എക്സ്കവേറ്ററിന്‍െറ ബ്ളേഡുകൊണ്ട് മുറിവേറ്റത് ശ്രദ്ധയില്‍പെടുകയായിരുന്നു. തുടര്‍ന്ന് ചികിത്സക്കായി ഇതിനെ മൃഗാശുപത്രിയിലേക്ക് കൊണ്ടുപോയി.

പെണ്‍വര്‍ഗത്തില്‍പെട്ട ഒമ്പതു വയസ്സും ആറര അടി നീളവുമുള്ള സ്പെക്ടക്കില്‍ കോബ്ര എന്ന ഇനത്തില്‍പെട്ട കരിമൂര്‍ഖനാണ് കടിച്ചതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുട്ടകള്‍ വിരിഞ്ഞ് ജനിക്കുമ്പോള്‍ത്തന്നെ കുഞ്ഞുങ്ങള്‍ പരസ്പരം ആക്രമിച്ച് കൊന്നൊടുക്കുന്ന ഏറ്റവും അപകടകാരിയായ പാമ്പാണിതെന്നും ഇവര്‍ പറയുന്നു. കടിയേറ്റിട്ടും പാമ്പിനെ വിടാതിരുന്ന ബിജു ഇതിനെ തിരിച്ച് ചാക്കില്‍തന്നെ നിക്ഷേപിച്ചു. ഇപ്പോള്‍ പാമ്പിനെ വനംവകുപ്പ് ഓഫിസില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യയും മൂന്നു മക്കളും ഉള്‍പ്പെടുന്ന നിര്‍ധനകുടുംബത്തിലെ ഏകആശ്രയമായിരുന്നു കൂലിപ്പണിക്കാരനായ ബിജു. നാട്ടുകാര്‍ക്കും വനപാലകര്‍ക്കുംവേണ്ടി ആഴമേറിയ കിണറ്റില്‍നിന്നടക്കം രണ്ടായിരത്തോളം പാമ്പുകളെ പിടികൂടി വനത്തില്‍കൊണ്ടുവിട്ടിട്ടുണ്ട്. അപ്രതീക്ഷിതമായി ഉണ്ടായ അപകടം നാടിനും ദുഖമായി. മൃതദേഹം റാന്നി സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍. ഭാര്യ: രേഖ. മക്കള്‍: സന്ധ്യ, ശരണ്യ, ജ്യോതിഷ്. സംസ്കാരം വ്യാഴാഴ്ച നടക്കും.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.