Latest News

പ്രവാസികൾക്കു പെരുന്നാളിന് നാട്ടിൽ വരവ് ബുദ്ധിമുട്ടാകും; വിമാനക്കമ്പനികൾ ഇരട്ടിയിലേറെ നിരക്കു കൂട്ടി; ദുബായ് കൊച്ചി നിരക്ക് 13000 ൽനിന്ന് 31000 ആയി

കോഴിക്കോട്:[www.malabarflash.com] പെരുന്നാളിന് നാട്ടിലേക്കു വരണമെങ്കിൽ പ്രവാസികൾക്ക് ചെലവ് ഇരട്ടിയിലേറെയാകും. വിമാനക്കമ്പനികൾ പെരുന്നാൾ മുന്നിൽ കണ്ടു കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ വൻതോതിൽ വർധിച്ചു. ദുബായിൽനിന്നു പ്രവാസികൾ ഏറെ യാത്ര ചെയ്യുന്ന സെക്ടറുകളിൽ രണ്ടും മൂന്നും ഇരട്ടിയാണ് നിരക്കുയർത്തിയിരിക്കുന്നത്. നിരക്കുവർധന പ്രധാനമായും വരുത്തിയിരിക്കുന്നത് കേരളത്തിലേക്കുള്ള സർവീസുകളിലാണ്.

നിലവിൽതന്നെ ഇരുപതിനായിരം മുതൽ 32000 രൂപവരെ ഓരോ റൂട്ടിലും നിരക്കു കൂട്ടിയിട്ടുണ്ട്. എയർ ഇന്ത്യയും സ്വകാര്യകമ്പനികളും ഒരേപോലെ നിരക്കു കൂട്ടിയതിനാൽ പ്രവാസികൾ ഈ പെരുന്നാൾക്കാലത്തു കടുത്ത ദുരിതത്തിലാകുമെന്നുറപ്പായിരിക്കുകയാണ്.

ദുബായിൽനിന്നു കരിപ്പൂരിലേക്ക് പന്ത്രണ്ടായിരം രൂപയാണ് കഴിഞ്ഞദിവസം വരെ എയർ ഇന്ത്യയുടെ നിരക്ക്. പെരുന്നാളിനോട് അടുത്ത ദിവസങ്ങളിലെ ടിക്കറ്റുകൾക്ക് ഇപ്പോൾതന്നെ 32000 രൂപയാണ് നിരക്ക്. പെരുന്നാളിനോട് അടുക്കുന്തോറം നിരക്കിൽ അയ്യായിരത്തിലേറെ രൂപ ഇതിൽനിന്നും വർധിച്ചേക്കുമെന്നാണു സൂചന. 13000 രൂപയാണ് കഴിഞ്ഞദിവസം കൊച്ചിയിലേക്ക് ഈടാക്കിയത്. പെരുന്നാളിനോട് അടുത്ത ദിവസങ്ങളിൽ ഇതു മുപ്പത്തിരണ്ടായിരം രൂപയായിട്ടുണ്ട്. ഇതിൽ വരും ദിവസങ്ങളിൽ വീണ്ടും വ്യത്യാസമുണ്ടാകും.

പെരുന്നാളിനൊപ്പം ഗൾഫിൽ സ്‌കൂൾ അവധി ആരംഭിക്കുമെന്നതിനാൽ കുടുംബ സമേതം പ്രവാസികൾ നാട്ടിലെത്തും. ഇത് പരമാവധി മുതലെടുക്കാനാണ് വിമാനക്കമ്പനികളുടെ നീക്കം. ദുബായിൽനിന്നു കേരളത്തിലേക്കെന്നതുപോലെ കേരളത്തിലെ വിമാനത്താവളങ്ങളിൽനിന്നു ഗൾഫിലേക്കുള്ള നിരക്കുകളും കുത്തനെ കൂട്ടിയിട്ടുണ്ട്. 

ഇക്കണോമി ക്ലാസിലും ഇരുപതിനായിരം രൂപ വരെ നിരക്കുയർത്തിയിട്ടുണ്ട്. കുവൈത്ത്, ദോഹ, ഒമാൻ എന്നിവടങ്ങളിൽ നിന്നുള്ള ടിക്കറ്റ് നിരക്കുകളിലും കാര്യമായ വർധനവുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.