Latest News

ജാമ്യം നിഷേധിച്ച ജഡ്ജിക്കെതിരേ സുധാകരന്‍

കണ്ണൂര്‍:[www.malabarflash.com] തലശേരിയിലെ ദളിത് യുവതികളെ റിമാന്‍ഡ് ചെയ്ത ജഡ്ജിക്കെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. തലശേരി പോലീസ് അറസ്റ്റ് രേഖപ്പെടുത്തി ജഡ്ജിക്കു മുമ്പാകെ ഹാജരാക്കിയപ്പോള്‍ ഇവരുടെ അഭിഭാഷകന്‍ നല്‍കിയ ജാമ്യഹര്‍ജി ജഡ്ജി വാങ്ങാതിരുന്നതു വലിയ തെറ്റാണെന്നു സുധാകരന്‍ പറഞ്ഞു.

കോടതിക്കു മുന്നിലോ ജഡ്ജിക്കു മുന്നിലോ ഏതു കേസുമായി ബന്ധപ്പെട്ടും പ്രതിയെ ഹാജരാക്കുമ്പോള്‍ ജാമ്യഹര്‍ജി നല്‍കാനുള്ള അവകാശം പ്രതിക്കുണ്ട്. ജാമ്യഹര്‍ജി വാങ്ങിയ ശേഷം അതിന്മേലുള്ള തീരുമാനമെടുക്കാനുള്ള അവകാശം ജഡ്ജിക്കാണെങ്കിലും ഹര്‍ജി വാങ്ങിയിരിക്കണമെന്നത് നിയമമാണ്. ഈ നിയമം ജഡ്ജി ലംഘിച്ചു. ജുഡീഷറിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം നടന്നതെന്നും സുധാകരന്‍ ആരോപിച്ചു. ജാമ്യഹര്‍ജി വാങ്ങാതിരുന്നത് അദ്ദേഹം കൂത്തുപറമ്പ് സ്വദേശിയായതിനാലാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

ദളിത് യുവതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ തലശേരി മജിസ്‌ട്രേറ്റ് മുമ്പാകെയായിരുന്നു ഹാജരാക്കേണ്ടിയിരുന്നത്. എന്നാല്‍, തലശേരിയില്‍ മജിസ്‌ട്രേറ്റ് ഇല്ലാഞ്ഞതിനാല്‍ തലശേരിയുടെ ചുമതലയുള്ള കണ്ണൂര്‍ ജുഡീഷല്‍ ഒന്നാം ക്ലാസ്(രണ്ട്) മജിസ്‌ട്രേറ്റ് രഞ്ജിത്ത് മുമ്പാകെയായിരുന്നു യുവതികളെ പോലീസ് ഹാജരാക്കിയത്. അഭിഭാഷകനായ വസന്തറാം ജാമ്യഹര്‍ജി നല്‍കിയപ്പോള്‍ അടുത്ത ദിവസം ഓപ്പണ്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു പ്രതികളെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.

കൈക്കുഞ്ഞിന്റെ മാതാവുകൂടിയായ യുവതിയെ റിമാന്‍ഡ് ചെയ്തത് ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. ദളിത് വിഭാഗക്കാര്‍ക്കു നിയമപരമായി ഇളവുകളൊന്നുമില്ലെങ്കിലും സ്ത്രീകള്‍, മുലയൂട്ടുന്ന അമ്മ എന്നീ കാര്യങ്ങള്‍ ഈ കേസില്‍ പരിഗണിക്കാതിരുന്നതു ശരിയല്ലെന്നു നിയമവൃത്തങ്ങളും പറയുന്നു.






Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.