Latest News

കള്ളനെ വലയിട്ട് പിടിച്ച് പൊലീസ്


തൃശ്ശൂര്‍: [www.malabarflash.com] ജില്ലയ്ക്കകത്തും പുറത്തുമുള്ള ഒട്ടേറെ മോഷണ കേസുകളിലെ പ്രതി മണിച്ചിത്രത്താഴ് രാജേന്ദ്രൻ (57) മോഷണശ്രമത്തിനിടെ കിണറ്റിൽ വീണു. അഗ്നിശമന സേനയുടെ നേതൃത്വത്തിൽ വല ഉപയോഗിച്ചു കരയ്ക്കു കയറ്റിയ ശേഷം ഇയാളെ പൊലീസ് എത്തി അറസ്റ്റ് ചെയ്തു.കമ്പിപ്പാലം പട്ട്യാലയിൽ ബാലന്റെ തറവാട്ടമ്പലത്തിനും വീടിനും സമീപത്തുള്ള ആൾമറയില്ലാത്ത കിണറിലാണു കോതച്ചിറ കുറ്റുപറമ്പിൽ രാജേന്ദ്രൻ വീണത്. പട്ട്യാല കുടുംബ ക്ഷേത്രത്തിൽ മോഷണം നടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നാണു പൊലീസിന്റെ നിഗമനം.
മോഷണ ശ്രമത്തിനിടെ ഇരുട്ടിൽ കിണർ കണ്ടില്ല. ബുധനാഴ്ച രാവിലെ ആറോടെയാണ് ഒരാൾ കിണറ്റിൽ വീണതായി നാട്ടുകാർ പൊലീസിലും അഗ്നിശമന സേനയെയും അറിയിച്ചത്. മണിക്കൂറുകൾക്കു മുൻപു തന്നെ വീണ രാജൻ മോട്ടോറിന്റെ പൈപ്പ് മടക്കി അതിൽ പിടിച്ചിരിക്കുകയായിരുന്നു. കരച്ചിൽ കേട്ട് പരിസരവാസികൾ നടത്തിയ തിരച്ചിലിലാണ് ഇയാളെ കിണറ്റിനുള്ളിൽ കണ്ടെത്തിയത്. അഗ്നിശമന സേന ലീഡ് ഫയർമാൻ ടി.ഷാജിയുടെ നേതൃത്വത്തിൽ ടി.എം.മഹേഷ്, പി.ഷെൻ, കെ.വിഷ്ണുദാസ് എന്നിവർ ചേർന്നാണു കരയ്ക്കു കയറ്റിയത്.
മണിച്ചിത്രത്താഴുള്ള പൂട്ട് പൊട്ടിച്ചു മോഷണം നടത്തുന്നതിൽ വിദഗ്ധനാണു വലയിലായ രാജൻ. ക്ഷേത്ര മോഷണം അടക്കമുള്ള നൂറോളം കേസുള്ള ഇയാൾ ഇൗയിടെയാണു ജാമ്യത്തിൽ ഇറങ്ങിയത്.കവർച്ചാസംഘങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന രാജൻ വഴി അന്വേഷണത്തിലുള്ള ചില കേസുകൾക്കു തുമ്പു ലഭിക്കുമെന്നാണു പൊലീസിന്റെ പ്രതീക്ഷ. താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

Keywords: Robbery, THeft, Accused, Kerala, Thrissure, Police, Well, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.