തേഞ്ഞിപ്പലം: [www.malabarflash.com] പോക്കറ്റടിക്കാർ വഴിയിൽ എറിഞ്ഞെന്നു കരുതുന്ന ബാഗ് കടിച്ചെടുത്ത് തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിൽ എത്തിച്ച് തെരുവുനായ് താരമായി. തിരുവേഗപ്പുറ പാട്ടയിൽ മനയ്ക്കൽ ഉമയുടേതാണ് ബാഗ്. മകൾ ദേവിയുടെ ബിരുദ സർട്ടിഫിക്കറ്റിന്റെ ആവശ്യത്തിന് കാലിക്കറ്റ് സർവകലാശാലയിൽ വന്നതായിരുന്നു. ഇരുവരും ബസിൽ മടങ്ങുമ്പോൾ ടിക്കറ്റ് എടുക്കാൻ നോക്കിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടെന്ന് അറിഞ്ഞത്. പൊലീസ് സ്റ്റേഷനിൽ വിളിച്ചപ്പോൾ ബാഗ് അവിടെ ഉണ്ടെന്നറിഞ്ഞ് എത്തി വീണ്ടെടുക്കുകയായിരുന്നു.
ബസിൽ കയറുമ്പോൾ തിക്കും തിരക്കും മൂലം രണ്ട് അന്യ സംസ്ഥാന സ്ത്രീകളെ ഹോം ഗാർഡ് സംശയിച്ച് പിടികൂടിയിരുന്നെന്നും അതിനിടെ പോക്കറ്റടിക്കാർ ആരോ തട്ടിയെടുത്ത ബാഗ് റോഡിൽ എറിഞ്ഞത് നായ കടിച്ചെടുത്തതാകാമെന്നും കരുതുന്നു. സ്റ്റേഷനു മുന്നിൽ സദാ തമ്പടിക്കുന്ന നായയാണ്. ബാഗിൽ ഉമയുടെ തിരിച്ചറിയൽ കാർഡ്, പണം എന്നിവ ഉണ്ടായിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment