Latest News

ഡ്രോണിന്റെ സാന്നിധ്യം; ദുബൈ രാജ്യാന്തര വിമാനത്താവളം 69 മിനിറ്റ് അടച്ചിട്ടു

ദുബൈ:[www.malabarflash.com] ദുബൈ രാജ്യാന്തര വിമാനത്താവളം ശനിയാഴ്ച 69 മിനിറ്റ് അടച്ചിട്ടു. വ്യോമപരിധിയില്‍ ആളില്ലാ ചെറുവിമാനം (ഡ്രോണ്‍) പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണിതെന്ന് അധികൃതര്‍ പറഞ്ഞു. ഇവിടേയ്ക്കുള്ള കേരളത്തില്‍ നിന്നടക്കമുള്ള വിമാനങ്ങള്‍ സമീപത്തെ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. പല സര്‍വീസുകളും വൈകിയതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഇത് രണ്ടാം തവണയാണ് ഡ്രോണിന്റെ സാന്നിധ്യം മൂലം ദുബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുന്നത്.

കഴിഞ്ഞവര്‍ഷം ജനുവരിയില്‍ വിമാനത്താവളം 55 മിനിറ്റോളം അടച്ചിട്ടിരുന്നു. ശനിയാഴ്ച രാവിലെ 11.36 മുതല്‍ ഉച്ചയ്ക്ക് 12.45 വരെയാണ് ദുബൈ വിമാനത്താവള റണ്‍വേ അടച്ചിട്ടതെന്ന് അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ഈ സമയത്ത് വിമാനങ്ങളൊന്നും ഇവിടെ നിന്ന് പുറപ്പെട്ടില്ല. ഇറങ്ങാനിരുന്ന വിമാനങ്ങള്‍ ജബല്‍ അലിയിലെ അല്‍ മക്തൂം, ഷാര്‍ജ, ഫുജൈറ, അല്‍ഐന്‍ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. ഒട്ടേറെ സര്‍വീസുകള്‍ വൈകുകയും ചെയ്തു.

12.45 ഓടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണനിലയിലായി. വിമാനത്താവളത്തിന്റെ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ ഡ്രോണുകള്‍ പറത്തുന്നതിന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി നിരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് മറികടന്ന് ഡ്രോണിന്റെ സാന്നിധ്യം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി വിമാനത്താവളം അടച്ചിട്ടതെന്ന് അധികൃതര്‍ അറിയിച്ചു.

യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഇല്ലാതിരിക്കാന്‍ പരമാവധി ജാഗ്രത പുലര്‍ത്തിയിരുന്നുവെന്നും വിശദീകരിച്ചു. സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.





Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.