Latest News

ലക്ഷങ്ങളുടെ ബാധ്യതയുള്ള ദുബായിലെ കമ്പനി വിറ്റ് മലയാളിയെ വഞ്ചിച്ചെന്ന് പരാതി

ദുബൈ:[www.malabarflash.com] ലക്ഷങ്ങളുടെ ബാധ്യതയുള്ള ദുബൈയിലെ കമ്പനി വില്‍പന നടത്തി മലയാളി യുവാവിനെ വഞ്ചിച്ചതായി പരാതി. കണ്ണൂര്‍ തളിപ്പറമ്പ് മുയ്യം മുണ്ടേരി വണ്ണാപ്പുരയില്‍ വി.ജി.വിനോദിനെയാണ് കൊല്ലം, ആലപ്പുഴ സ്വദേശികളായ രണ്ടു പേര്‍ കബളിപ്പിച്ച് പണം തട്ടിയെടുത്തത്. ഇതുസംബന്ധമായി വിനോദ് കണ്ണൂര്‍ ജില്ലാ പോലീസ് സൂപ്രണ്ടിനും ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലും പരാതി നല്‍കി.

ദുബൈയില്‍ ട്രെയിലര്‍ നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്തിരുന്ന വിനോദ് രണ്ട് വര്‍ഷം മുമ്പാണ് കണ്ണൂര്‍, ആലപ്പുഴ സ്വദേശികളുടെ ഷിപ്പിങ് കമ്പനി മൂന്ന് ലക്ഷം ദിര്‍ഹം (ഏകദേശം 48 ലക്ഷം രൂപ) വിലയ്ക്ക് വാങ്ങിയത്. എന്നാല്‍, കമ്പനിക്ക് വിവിധ ബാങ്കുകളിലായി എട്ട് ലക്ഷം ദിര്‍ഹം (ഏകദേശം ഒരു കോടി രൂപ) ബാധ്യതയുള്ളതായി പിന്നീട് കണ്ടെത്തി. ഈ ബാധ്യത തീര്‍ക്കാനാണ് കമ്പനി വില്‍ക്കുന്നതെന്നും വിനോദ് നല്‍കിയ പണം അതിന് ഉപയോഗിക്കുമെന്നും ഉറപ്പു നല്‍കിയെങ്കിലും തങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ഉള്‍പ്പെടെയുള്ള വ്യക്തിപരമായ ബാധ്യതകള്‍ തീര്‍ക്കാനാണ് പ്രതികള്‍ പണം ചെലവഴിച്ചത്. ബാക്കി തുക എക്‌സ്‌ചേഞ്ച് വഴി നാട്ടിലേക്കും അയച്ചു.

കൂടാതെ, വിനോദിന്റെ ചെക്കുകളുപയോഗിച്ച് 9,57,000 ദിര്‍ഹം ബാങ്കുകളില്‍ നിന്ന് വായ്പകളുമെടുത്തു. ഇതിനുശേഷം ഉടമകള്‍ നാട്ടിലേക്കു മുങ്ങുകയായിരുന്നു. ജീവനക്കാരുടെ ഒത്താശയോടെയായിരുന്നു ഇതെല്ലാം. ഇപ്പോള്‍ ആകെ 25,82,571 ദിര്‍ഹമിന്റെ ബാധ്യതയാണ് വിനോദിന്റെ തലയിലായിട്ടുള്ളത്. തന്റെ നാട്ടിലുള്ള ബന്ധുക്കള്‍ പ്രതികളുടെ വീടുകളിലെത്തി പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയായിരുന്നുവെന്ന് വിനോദ് പരാതിയില്‍ പറഞ്ഞു.

ദുബൈയിലെ ബാങ്കുകളിലെ വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് വിനോദ് കടുത്ത ആശങ്കയിലാണ് കഴിയുന്നത്. പാസ്‌പോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ ആയതിനാല്‍ ജോലിക്ക് ചേരാനോ നാട്ടിലേക്കു പോകാനോ സാധിക്കുന്നില്ല. ചെലവിനുപോലും പണമില്ലാതെ, സുഹൃത്തുക്കളുടെ സഹായത്താലാണ് കഴിയുന്നത്. കണ്ണൂര്‍ ജില്ലാ പോലീസ് സൂപ്രണ്ട് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദുബൈ കോടതിയിലും പരാതി നല്‍കാനുള്ള ഒരുക്കത്തിലാണെന്ന് വിനോദ് പറഞ്ഞു.





Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.