[www.malabarflash.com] വിലപിടിച്ച വസ്തുക്കള്‍ അടങ്ങിയ ബാഗ് നഷ്ടപ്പെട്ടാല്‍ എന്തുചെയ്യും? പൊലീസില്‍ ഒരു പരാതി നല്‍കുമായിരിക്കും, ബാഗ് പോയതില്‍ കുറച്ചുദിവസം വിഷമിക്കുമായിരിക്കും. അതിനപ്പുറം ചിലപ്പോള്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. മുംബൈ പോലുള്ള വന്‍നഗരങ്ങളില്‍ വെച്ചാണ് ബാഗ് നഷ്ടപ്പെട്ടതെങ്കിലോ? ബാഗിനെക്കുറിച്ച് പിന്നെ ആലോചിക്കുകയേ വേണ്ട!.
അതുതന്നെയാണ് അമ്പോരിഷ് റൗചൗദരിക്കും സംഭവിച്ചത്. പ്രാദേശിക ട്രെയിന്‍ യാത്രക്കിടെ മാക്ക്ബുക്ക അടങ്ങിയ ബാഗ് നഷ്ടപ്പെട്ടു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ രക്ഷകന്റെ വേഷത്തില്‍ ബാഗുമായി ഒരാള്‍ അമ്പോരിഷിന്റെ മുമ്പില്‍ അവതരിച്ചു. വിരേഷ് നര്‍സിംഗ് കേലെ എന്ന റെയില്‍വേ ഹൗസ്‌കീപ്പര്‍.
പനവേലില്‍ ട്രെയിന്‍ വൃത്തിയാക്കുമ്പോഴാണ് ഒരു ബാഗ് വിരേഷിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ബാഗിലെ മാക്ക്ബുക്കിലെ വിവരങ്ങളില്‍ നിന്നും ഉടമയുടെ വിവരം മനസ്സിലാക്കിയ വിരേഷ് ഉടന്‍ ജോലിസ്ഥലത്ത് നിന്നും യാത്രതിരിച്ചു. അമ്പോരിഷിന്റെ വീട്ടിലേക്ക്. ബാഗ് തിരിച്ചുകിട്ടിയ സന്തോഷത്തില്‍ അമ്പോരിഷ് വിരേഷിനെ പുണര്‍ന്നു. പ്രത്യുപകരമായി കുറച്ചുപണവും നല്‍കി. എന്നാല്‍ വിരേഷ് പണം സ്വീകരിച്ചില്ല. പകരം ചോദിച്ചു ഒരു കപ്പ് ചായ.
ബാഗ് പോയെന്ന് കാണിച്ച് റെയില്‍വേ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ട്രെയിനുകളെല്ലാം പരിശോധിച്ചെങ്കിലും ബാഗ് കിട്ടിയില്ലെന്നാണ് പൊലീസ് അറിയിച്ചതെന്ന് അമ്പോരിഷ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
വിരേഷിന്റെ സത്യസന്ധതയെ കയ്യടിച്ച് പ്രശംസിക്കുകയാണ് ഓണ്‍ലൈന്‍ ലോകം. ഒപ്പം അമ്പോരിഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലുമായി.


No comments:
Post a Comment