Latest News

രാഷ്ട്രീയം മാന്യന്‍മാര്‍ക്കുള്ളതാണ്, അതൊരു മഹത്തായ കര്‍മ്മമാണ്

രാഷ്ട്രീയത്തിന്റെ നിര്‍വ്വചനം പോലുമറിയാത്ത മുലപ്പാലിന്റെ മണം മാറാത്ത വെള്ളയും വെള്ളയും ഇട്ട് നടക്കുന്ന ഒരു കൂട്ടം ശിങ്കിടികളുടെ വീരശൂര പരാക്രമമല്ല രാഷ്ട്രീയം..[www.malabarflash.com]

പണമുള്ളവനെ കാണുമ്പോള്‍ എഴുന്നേറ്റ് കുമ്പിട്ട് നില്‍ക്കുകയും മുണ്ട് മുറുക്കിയുടുത്തും കൊടി പിടിക്കുന്ന ത്യാഗോജ്ജ്വല ജീവിതങ്ങളെ കാണുമ്പോള്‍ കാലിന് മുകളില്‍ കാല്‍ കയറ്റി വെക്കുന്ന സംസ്‌കാര ശൂന്യതയുമല്ല രാഷ്ട്രീയം.

നേതാവിന്റെ വീട്ടിലിരുന്ന് ചപ്പാത്തിയും കോഴി കറിയും തിന്ന് നടത്തുന്ന അധികാര വീതം വെപ്പും തലവെട്ടാനുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കലുമല്ല രാഷ്ട്രീയം.

ജീവിതം പ്രസ്ഥാനത്തിന് സമര്‍പ്പിച്ചവരെ മൂലക്കിരുത്തി നോട്ടിന്റെ കനം നോക്കി തലക്കു മുകളില്‍ പ്രതിഷ്ടിക്കുമ്പോള്‍ ഉണ്ടാകേണ്ടിയിരുന്നത് മനുഷ്യത്വവും, ഓര്‍ക്കേണ്ടിയിരുന്നത് ചരിത്രം നല്‍കിയ പാഠങ്ങളുമായിരുന്നു.

മുണ്ട് മുറുക്കിയുടുത്തും വിളിക്കുന്ന സാധാരണക്കാരന്റെ മുദ്രാവാക്യത്തോളം വരില്ല ഒരു സമ്പന്നന്റെയും ശിങ്കിടികളുടേയും അപ്പകഷണത്തിന് വേണ്ടിയുള്ള അലമുറയിടല്‍...

പട്ടിണി കിടന്ന് നെഞ്ചിന്‍ കൂട് തള്ളിപ്പോയവന്റെ നെഞ്ചൂക്കിനോളം വരില്ല , ബേബിഫുഡ് കൊടുത്ത് വളര്‍ത്തിയെടുക്കുന്ന
ആള്‍കൂട്ടത്തിന്റെ നെഞ്ചുറപ്പ്.

അന്നം ഉപേക്ഷിച്ചും, മിച്ചം പിടിക്കുന്ന നാണയതുട്ടുകള്‍കൊണ്ട് സ്വരൂപിക്കുന്ന പാര്‍ട്ടി ഫണ്ട് നോളം വരില്ല, സര്‍ക്കാറിനെ വെട്ടിച്ചും മണല് കടത്തിയും കുന്നും മലയും ഇടിച്ചും അവിഹിതമായി സമ്പാദിച്ചതില്‍ നിന്ന് കൈ നീട്ടി വാങ്ങുന്ന സംഭാവന. അത് തിരിച്ചറിയാനുള്ള വിവേകമാണുണ്ടാകേണ്ടത്

രാഷ്ട്രീയം മാന്യന്‍മാര്‍ക്കുള്ളതാണ്.
അതൊരു മഹത്തായ കര്‍മ്മമാണ്.
സഹനവും സമരവും ആദര്‍ശവും ചേര്‍ന്ന ജീവിത ശൈലിയാണ്. മറ്റുള്ളവര്‍ക്ക് അനുകരിക്കാന്‍ കഴിയേണ്ടുന്ന മാതൃകകളാണ്.
മാതൃകയാവാന്‍ കഴിയില്ലെന്ന് ബോധ്യം വരുമ്പോള്‍ ഇറങ്ങി നടക്കണം.
പിന്നെയും പിന്നെയും ഒട്ടിപിടിച്ചിരുന്ന് പ്രവര്‍ത്തകരുടെ മനസ്സ് വേദനിപ്പിക്കരുത്...
ഇടയ്ക്ക് സി എച്ച് മുഹമ്മദ് കോയയുടേയും ഇസ്മായില്‍ സാഹിബിന്റെയും
ജീവ ചരിത്രം എടുത്ത് വായിച്ചു നോക്കാവുന്നതാണ്.
കാസര്‍കോട്‌ ജനിച്ചുപോയി എന്നതിന്റെ പേരില്‍ വിലക്കപ്പെട്ടിട്ടൊന്നുമില്ല...







No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.