Latest News

പെരുന്നാള്‍ ആഘോഷിക്കുന്ന യുവാക്കളോട് ബേക്കല്‍ എസ് ഐ ആദംഖാന് പറയാനുളളത്......

ഉദുമ[www.malabarflash.com]: ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം സമഗതമാകുന്ന പെരുന്നാള്‍ ആഘോഷിക്കുന്ന യുവാക്കളോട് ബേക്കല്‍ എസ് ഐ ആദം ഖാന് പറയാനുള്ളത്....

ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട മിക്ക സ്ഥലങ്ങളിലും ഇരു വിഭാഗത്തില്‍ പെട്ട ആളുകള്‍ താമസിക്കുന്ന സ്ഥലങ്ങളാണ്. ഈ സ്ഥലങ്ങളില്‍ ഇതിന് മുമ്പ് പല സന്ദര്‍ഭങ്ങളിലും നിസാര പ്രശ്‌നങ്ങള്‍ പോലും വര്‍ഗീയവല്‍ക്കരിച്ച് അതിനെ വര്‍ഗീയ വിഭാഗങ്ങള്‍ ഏറ്റെടുത്ത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്.

അത്തരം സംഭവങ്ങള്‍ വരും നാളുകളില്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് വേണ്ടി മുന്‍ കരുതല്‍ എടുക്കേണ്ടത് നമ്മളോരോരുത്തരുടെയും കര്‍ത്തവ്യമാണ്, ഉത്തരവാദിത്വമാണ്. അതിനാല്‍ പെരുന്നാള്‍ ദിവസം യുവാക്കള്‍ ബൈക്ക് റൈസ്, ബൈക്ക് റാലി, പൊതു സ്ഥലങ്ങളില്‍ പടക്കം പൊട്ടിക്കല്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. ഇതിന് വേണ്ടി എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.

വേഗത കൂടിയ ബൈക്ക് യാത്ര, ഹെല്‍മെറ്റ് ധരിക്കാത്ത യാത്ര, അനുവദിച്ചതിലും കൂടുതല്‍ പേരെ കയറ്റി അപകടകരമാം വിധത്തില്‍ ബൈക്കും മറ്റു വാഹനങ്ങളും ഓടിക്കല്‍, പ്രായം തികയാത്തവര്‍ക്ക് ബൈക്കും മറ്റു വാഹനങ്ങളും നല്‍കുന്നത് എന്നീ കാര്യങ്ങളില്‍ യുവാക്കള്‍ ജാഗ്രത കാട്ടണം. നിയമം പാലിച്ച് വാഹനം ഓടിച്ചാല്‍ വിലപ്പെട്ട ജീവന്‍ രക്ഷിക്കാം. പിഴ ലാഭിക്കാം. നിയമം ജനങ്ങളെ നന്നാക്കാനുള്ളതാണ്. അത് കൃത്യതയോടെ പാലിക്കുമ്പോഴാണ് സമൂഹത്തോടുള്ള ബാധ്യത നിറവേറ്റുന്നത്. ഇക്കാര്യത്തില്‍ എല്ലാവരും സഹകരിച്ച് ഒറ്റക്കെട്ടായി ഒന്നിച്ച് നീങ്ങാം. നമ്മുടെ നാട്ടില്‍ ശാന്തിയും സമാധാനവും പുലരും. ഇക്കാര്യത്തില്‍ എല്ലാവരും സഹകരിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

ഇത് സംബന്ധിച്ചുള്ള അറിയിപ്പ് എല്ലാ ഭാഗങ്ങളിലും എത്തിക്കാനും സമാധാനാന്തരീക്ഷം ഉറപ്പു വരുത്തുന്നതിനും പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. എല്ലാ ഭാഗത്ത് നിന്നും പോലീസിന് സഹകരണ വാഗ്ദാനം ലഭിച്ചു കൊണ്ടിരിക്കുന്നു.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.