Latest News

ഡങ്കിപ്പനി പടരുന്നു; ഒരാള്‍ കൂടി മരിച്ചു, ജില്ലയില്‍ മരണം അഞ്ചായി


ബദിയഡുക്ക: [www.malabarflash.com] ഡങ്കിപ്പനി ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. ഇതോടെ കാസര്‍കോട്‌ ജില്ലയില്‍ ഡങ്കിപ്പനി മൂലം മരണപ്പെട്ടവരുടെ എണ്ണം അഞ്ചായി. ബദിയഡുക്ക, ഏത്തടുക്കയിലെ ആനപ്പള്ള ഹൗസില്‍ ബാലകൃഷ്‌ണ മൂല്യ(70)യാണ്‌ ചൊവ്വാഴ്ച പുലര്‍ച്ചെ മംഗ്‌ളൂരു ഫാദര്‍ മുള്ളേര്‍സ്‌ ആശുപത്രിയില്‍ മരിച്ചത്‌. പത്തു ദിവസം മുമ്പാണ്‌ ആശുപത്രിയിലെത്തിയത്‌.
പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ ബദിയഡുക്കയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മരുന്നു നല്‍കിയിട്ടും കുറവു വരാത്തതിനെ തുടര്‍ന്ന്‌ ഡങ്കിപ്പനിയാണോ എന്ന സംശയം ഉണ്ടായി. തുടര്‍ന്ന്‌ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ്‌ ഡങ്കിപ്പനിയാണെന്നു സ്ഥിരീകരിച്ചത്‌. രോഗം മൂര്‍ച്ഛിച്ചതോടെയാണ്‌ മംഗ്‌ളൂരുവിലെ ആശുപത്രിയിലേയ്‌ക്ക്‌ മാറ്റിയത്‌.
കമലയാണ്‌ മരണപ്പെട്ട ബാലകൃഷ്‌ണ മൂല്യയുടെ ഭാര്യ. രമേശ്‌, ജയന്ത, സുഗന്ധി മക്കളും വിശ്വനാഥന്‍ മരുമകനുമാണ്‌.
ഏത്തടുക്കയിലും പരിസരപ്രദേശങ്ങളിലും പനി വ്യാപകമായി കൊണ്ടിരിക്കുകയാണ്‌. ചാളക്കോട്‌, സ്വദേശിനി ഡങ്കിപ്പനിക്കു മംഗ്‌ളൂരുവില്‍ ചികിത്സയിലാണ്‌. ബദിയഡുക്ക സി എച്ച്‌ സിയില്‍ പനിബാധിച്ച്‌ ചികിത്സയ്‌ക്കെത്തിയ 15 പേരെ ഡങ്കിപ്പനിയെന്ന സംശയത്തില്‍ കാസര്‍കോട്‌ ജനറല്‍ ആശുപത്രിയിലേക്ക്‌ റഫര്‍ ചെയ്‌തിട്ടുണ്ട്‌. തിങ്കളാഴ്ച മാത്രം 200 ല്‍ പരം പേരാണ്‌ പനിബാധിച്ച്‌ സി എച്ച്‌ സിയില്‍ ചികിത്സയ്‌ക്കെത്തിയത്‌.പനി പടര്‍ന്നു കൊണ്ടിരിക്കുന്നതിനിടയില്‍ മംഗ്‌ളൂരുവില്‍ ചികിത്സയിലായിരുന്നു ബാലകൃഷ്‌ണ മൂല്യ മരണപ്പെട്ടത്‌ ജനങ്ങളെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്‌.
ഇത്തവണത്തെ കാലവര്‍ഷം തുടങ്ങിയതിനു ശേഷം ഡങ്കിപ്പനി ബാധിച്ച്‌ ജില്ലയില്‍ അഞ്ചുപേരാണ്‌ ഇതിനകം മരിച്ചത്‌. ബന്തടുക്ക, ഇല്ലത്തുങ്കാലിലെ വസന്തനായിക്‌ ഇക്കഴിഞ്ഞ ഞായറാഴ്‌ച്ച പുലര്‍ ച്ചെയും രാജപുരം, കൊട്ടൊടി, കിടാരിപ്പള്ളയിലെ സിബി ചാക്കോ(33) തിങ്കളാഴ്ച യുമാണ്‌ മരിച്ചത്‌. മറ്റു രണ്ടുപേരും അടിത്തിടെയാണ്‌ മരിച്ചത്‌.

Keywords: Obit News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.