Latest News

അതിവേഗ പാത: കാസർകോടിനെ ഒഴിവാക്കിയതിൽ ദുരൂഹത; അന്വേഷിക്കണമെന്ന് മന്ത്രി


കാഞ്ഞങ്ങാട് [www.malabarflash.com]: അതിവേഗ റെയിൽപാതയ്ക്കുള്ള കരട് റിപ്പോർട്ടിൽ കാസർകോടിനെ ഒഴിവാക്കിയതിനു പിന്നിൽ ദുരൂഹത. ഉദ്യോഗസ്ഥരുടെ താൽപര്യക്കുറവിനൊപ്പം ജില്ലയിൽനിന്നുള്ള രാഷ്ട്രീയ നേതൃത്വവും അലംഭാവം തുടർന്നതോടെ കാസർകോട് ഒഴിവാക്കപ്പെട്ടുവെന്നാണ് പുതിയ ആരോപണം. പ്രതിഷേധം ശക്തമാകുന്നതിനിടെ, പാതയിൽ കാസർകോടിനെ ഉൾപ്പെടുത്തി മംഗളൂരു വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് ജില്ലയിൽ നിന്നുള്ള ഏക മന്ത്രി ഇ.ചന്ദ്രശേഖരൻ മുഖ്യമന്ത്രിക്കു കത്തു നൽകി. കാസർകോടിനെ ഒഴിവാക്കിയതതിനു പിന്നിലെ കാരണം തേടണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ആദ്യഘട്ടത്തിൽ സാമ്പത്തിക നഷ്ടമാവുമെന്ന വിശദീകരണം നൽകിയാണ് പാതയിൽ നിന്ന് അധികൃതർ കാസർകോടിനെ ഒഴിവാക്കിയത്. ഒന്നാംഘട്ടത്തിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെയും പിന്നീട്, കോഴിക്കോട് വരെയും തുടർന്ന് കണ്ണൂർ വരെയും അതിവേഗ പാത എന്ന നിലയിലാണ് ഇപ്പോഴത്തെ ആസൂത്രണം. ഭാവിയിൽ ആലോചിക്കാമെന്ന് പറയുന്നുണ്ടെങ്കിലും തിരുവനന്തപുരം മുതൽ കണ്ണൂർ വരെയെന്ന വിശേഷണം പോലും കാസർകോടിനെ അവഹേളിക്കലാണെന്ന വിമർശനം പോലുമുണ്ട്. വികസന പദ്ധതികളിൽ തുടർച്ചയായി അവഗണന നേരിടുന്ന ജില്ലയെ വീണ്ടും പിന്നോട്ടടിക്കുന്ന നിലപാടാണെന്ന് വാദവുമായി വിവിധ സംഘടനകൾ പ്രതിഷേധം ശക്തമാക്കി കഴിഞ്ഞു.
അതിവേഗപാത മംഗളൂരു വരെ നീട്ടണമെന്ന കാര്യത്തിൽ കർണാടകയ്ക്കും പ്രത്യേക താൽപര്യം നിലനിൽക്കെ, സാമ്പത്തിക നഷ്ടമാവുമെന്ന വിലയിരുത്തൽ ശരിയല്ലെന്ന വാദവും ഉയർന്നു കഴിഞ്ഞു. കാസര്‍കോട്ട് അവികസിത ജില്ലയാണെന്നും അതിവേഗ പാതകൊണ്ട് മെച്ചമില്ലെന്ന എന്ന നിലയിൽ ചില ഉദ്യോഗസ്ഥർ മുൻവിധിയോടെ നിലപാട് എടുത്തുവത്രേ.
കാസർകോട് കൂടി ഉൾപ്പെട്ടിരുന്നുവെങ്കിൽ, അതിവേഗ റെയില്‍ കോറിഡോര്‍ എന്ന സങ്കല്‍പ്പം പൂർണമാകുമെന്നിരിക്കെയാണ് പാത തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണെന്ന നിലയിൽ കരട് റിപ്പോർട്ട് സമർപ്പിക്കപ്പെട്ടത്. സ്ഥലം ഏറ്റെടുപ്പ് ഉൾപ്പെടെ ഭയന്നു മൂന്നു വർഷത്തോളം ഫയലിൽ ഉറങ്ങിയ ശേഷമാണ് പാത സംബന്ധിച്ച ചർച്ചകൾക്കു ജീവൻ വച്ചിരിക്കുന്നത്. എൽഡിഎഫ് സർക്കാർ പദ്ധതിക്കായി ആദ്യ ബജറ്റിൽ 50 ലക്ഷം രൂപ നീക്കി വയ്ക്കുകയും ചെയ്തു. 2017 ജനുവരിയില്‍ ആദ്യഘട്ടം തുടങ്ങുംവിധമാണ് പ്രാരംഭ പ്രവർത്തനങ്ങൾ.

കടപ്പാട്: manoramaonline.com


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.