Latest News

കിസ്‌വ നിര്‍മാണം പൂര്‍ത്തിയായി

മക്ക[www.malabarflash.com]: ലോകത്തെ 150 കോടിയിലേറെ വരുന്ന മുസ്‌ലിംകളുടെ ഖിബ്‌ലയായ വിശുദ്ധ കഅ്ബാലയത്തെ അണിയിക്കുന്നതിനുള്ള പുതിയ കിസ്‌വയുടെ നിര്‍മാണം പൂര്‍ത്തിയതായി കിസ്‌വ ഫാക്ടറി ഡയറക്ടര്‍ ജനറല്‍ ഡോ. മുഹമ്മദ് ബാജോദ അറിയിച്ചു.

കഅ്ബാലയത്തിന്റെ കവാടത്തിന് മുകളില്‍ സ്ഥാപിക്കുന്ന കര്‍ട്ടണ്‍, കഅ്ബാലയത്തിന്റെ താക്കോല്‍ സൂക്ഷിക്കുന്നതിനുള്ള സഞ്ചി, മഖാമു ഇബ്രാഹിമിന്റെ താക്കോല്‍ സൂക്ഷിക്കുന്നതിനുള്ള സഞ്ചി എന്നിവയുടെ നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്. ഇസ്‌ലാമിക കാലിഗ്രാഫിയില്‍ അലങ്കരിച്ച കര്‍ട്ടണില്‍ വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങള്‍ എംബ്രോയിഡറി ചെയ്തിട്ടുണ്ട്.

സ്വര്‍ണം പൂശിയ വെള്ളി നൂലുകള്‍ ഉപയോഗിച്ചാണ് കര്‍ട്ടണില്‍ എംബ്രോയിഡറി വര്‍ക്കുകള്‍ ചെയ്തിരിക്കുന്നത്. മക്കയില്‍ നിര്‍മിച്ച കിസ്‌വ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് വിശുദ്ധ കഅ്ബാലയത്തിന് സംഭാവന ചെയ്തതെന്ന വാചകവും കര്‍ട്ടണില്‍ ആലേഖനം ചെയ്തിട്ടുണ്ട്. തനി പട്ടില്‍ നിര്‍മിച്ച കര്‍ട്ടണ് 6.35 മീറ്റര്‍ ഉയരവും 3.33 മീറ്റര്‍ നീളവുമുണ്ട്. 

ഹജ്ജ് തീര്‍ഥാടകര്‍ അറഫയില്‍ സംഗമിക്കുന്ന ദുല്‍ഹജ്ജ് ഒന്നിന് പഴയ കിസ്‌വ മാറ്റി കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിക്കും. കിസ്‌വ ഫാക്ടറിയിലെയും ഹറംകാര്യ പ്രസിഡന്‍സിയിലെയും ജീവനക്കാര്‍ ചേര്‍ന്നാണ് ഈ ദൗത്യം പൂര്‍ത്തിയാക്കുക. 

അതേസമയം, ഹറമിലും പുണ്യസ്ഥലങ്ങളിലും ഹജ്ജ് തീര്‍ഥാടകരുമായി ബന്ധപ്പെട്ട കേസുകള്‍ പരിശോധിക്കുന്നതിന് പതിനെട്ട് ജുഡീഷ്യല്‍ ബെഞ്ചുകള്‍ സജ്ജീകരിച്ചതായി നീതിന്യായ മന്ത്രാലയം അറിയിച്ചു. കേസുകളില്‍ വേഗത്തില്‍ തീര്‍പ്പ് കല്‍പിക്കുന്നതിന് ആവശ്യമായ ജീവനക്കാരെ ജുഡീഷ്യല്‍ ബെഞ്ചുകളില്‍ നിയമിച്ചിട്ടുണ്ടെന്ന് നീതിന്യായ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. അഹ്മദ് അല്‍ഉമൈറ പറഞ്ഞു.


ഈ വര്‍ഷം ആദ്യമായി പുണ്യസ്ഥലങ്ങളില്‍ മൊബൈല്‍ നോട്ടറി പബ്ലിക് ഓഫീസുകളും നീതിന്യായ മന്ത്രാലയം സജ്ജീകരിക്കും. വിശുദ്ധ ഹറമില്‍ അഞ്ച് ജുഡീഷ്യല്‍ ബെഞ്ചുകളുണ്ടാകും. മിനയിലെ അല്‍മുഐസിം, ജംറത്തുല്‍അഖബ, മധ്യമിന, അല്‍ഖൈഫ്, പശ്ചിമ മിന, ദക്ഷിണ മിന, കിഴക്കന്‍ മിന, അല്‍വാദി എന്നിവിടങ്ങളില്‍ ഓരോ ജുഡീഷ്യല്‍ ബെഞ്ചുകളും മജ്ര്‍ അല്‍കബ്ശില്‍ അഞ്ച് ബെഞ്ചുകളും പ്രവര്‍ത്തിക്കുമെന്ന് നീതിന്യായ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. അഹ്മദ് അല്‍ഉമൈറ പറഞ്ഞു.






Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.