Latest News

ദുബൈയില്‍ ആറുകോടി രൂപയുടെ റീചാര്‍ജ് കൂപ്പണ്‍ തട്ടിപ്പുനടത്തിയ കേസില്‍ ഒരാള്‍ പിടിയില്‍

താമരശ്ശേരി:[www.malabarflash.com] ദുബൈയില്‍ ആറുകോടി രൂപയുടെ മൊബൈല്‍ റീചാര്‍ജ് കൂപ്പണ്‍ തട്ടിപ്പു നടത്തി മുങ്ങിയ കേസിലെ ഒരു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി കാരാടി ഫര്‍ഹാന മന്‍സില്‍ ഫിയാസ് അഹമ്മദി(28)നെയാണ് പിടികൂടിയത്. ഗള്‍ഫില്‍ നിന്നു വരുന്ന വഴി ശനിയാഴ്ച പുലര്‍ച്ചെ കൊച്ചി വിമാനത്താവളത്തില്‍ താമരശ്ശേരി സിഐ എം.ഡി.സുനിലും സംഘവും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

കേസിലെ മുഖ്യ പ്രതി ഈങ്ങാപ്പുഴ വള്ളിക്കെട്ടുമ്മല്‍ ഷാനവാസിന്റെ ഭാര്യാ സഹോദരനാണ് പിടിയിലായ പ്രതി. 2016 മാര്‍ച്ച് പത്തുമുതല്‍ പതിനേഴുവരെയുള്ള ദിവസങ്ങളിലായി തട്ടിപ്പ് നടത്തി 17 ന് അവിടെ നിന്നു മുങ്ങുകയായിരുന്നു. ദുബൈയിലെ മൊബൈല്‍ ഫോണ്‍ കമ്പനിയായ എത്തിസലാത്തില്‍നിന്ന് ആറുകോടി രൂപയുടെ റീച്ചാര്‍ജ് കൂപ്പണ്‍ വാങ്ങി റീട്ടെയില്‍ ഷോപ്പുകാര്‍ക്ക് നല്‍കി കിട്ടിയ പണം ഇയാള്‍ കമ്പനിയില്‍ അടച്ചിരുന്നില്ല.

ദൂബൈയില്‍ റീട്ടെയില്‍ ഷോപ്പ് നടത്തുന്ന മലായാളികളായ എട്ടുപേരാണ് തട്ടിപ്പിനിരയായത്. പണം നഷ്ടപ്പെട്ട അഞ്ചുപേര്‍ നാട്ടിലേക്ക് രക്ഷപ്പെട്ടു. കണ്ണൂര്‍ സ്വദേശികളായ അനസ്, അസ്‌ലം, നഫീര്‍ എന്നിവര്‍ കമ്പനിയില്‍ പണം അടയ്ക്കാത്തതിന്റെ പേരില്‍ ദുബൈയില്‍ ജയിലിലുമായി. ഇവര്‍ക്ക് രണ്ടരക്കോടി രൂപയാണ് നഷ്ടം. നാട്ടില്‍ എത്തിയ ഒരാള്‍ ഒന്നാം പ്രതിയുടെ വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കി കുറച്ചു തുക വീണ്ടെടുത്തതായാണു വിവരം.

സംഭവത്തെ തുടര്‍ന്ന് നാട്ടിലെത്തിയ ശ്രീകണ്ഠാപുരം കൊച്ചുപുരയ്ക്കല്‍ ഷൈന്‍ മാത്യുവിന്റെ പരാതി പ്രകാരമാണ് അറസ്റ്റ്. ഷൈന്‍ മാത്യുവിന് രണ്ടേമുക്കാല്‍ കോടിരൂപയാണ് നഷ്ടപ്പെട്ടത്. ഷാനവാസിന്റെ സഹോദരന്‍ ഷമീം, ബന്ധുക്കളായ ഈങ്ങാപ്പുഴ സ്വദേശി നൗഷാദ്, അയമൂട്ടി എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

ഷാനവാസാണ് തട്ടിപ്പിന്റെ സൂത്രധാരകന്‍. കമ്പനിയില്‍ നിന്നു വാങ്ങിനല്‍കുന്ന റീചാര്‍ജ് കൂപ്പണിന്റെ പണം റീട്ടെയില്‍ കടകള്‍ തുടര്‍ ദിവസങ്ങളില്‍ നല്‍കിവരുന്ന പഴുത് ഉപയോഗപ്പെടുത്തിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. നാട്ടില്‍ എത്തിയ ഷോപ്പുടമകള്‍ക്കെതിരെ ദുബായില്‍ കേസ് നിലനില്‍ക്കുന്നുണ്ട്.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.