Latest News

യാത്രക്കാരന്‍ പരിഭ്രാന്തി പരത്തിയ ദുബായ് വിമാനം കോഴിക്കോട്ടെത്തി


കോഴിക്കോട് [www.malabarflash.com]: യാത്രക്കാരൻ പരിഭ്രാന്തി പരത്തിയതിനെ തുടർന്ന് മുംബൈയിൽ ഇറക്കേണ്ടിവന്ന ദുബായ്-കോഴിക്കോട് വിമാനം സുരക്ഷിതമായി കോഴിക്കോട്ടെത്തി. വിമാനത്തിൽ ബഹളമുണ്ടാക്കുകയും അക്രമാസക്തനാവുകയും ചെയ്തയാളെ മുംബൈ വിമാനത്താവളത്തിൽ സിഐഎസ്എഫ് കസ്റ്റഡിയിലെടുത്തു. ഇയാൾ മാനസിക വൈകല്യമുള്ള ആളാണെന്നാണ് വിവരം. പുലർച്ചെ നാലരയോടെ ദുബായിൽ നിന്ന് പുറപ്പെട്ട് അരമണിക്കൂർ കഴിഞ്ഞപ്പോൾ യാത്രക്കാരിൽ ഒരാൾ സീറ്റിൽനിന്ന് എഴുന്നേറ്റ് ബഹളമുണ്ടാക്കാൻ തുടങ്ങി. ഇതു നിർത്താൻ യാത്രക്കാർ ആവശ്യപ്പെട്ടു. ഇതോടെ യാത്രക്കാരൻ അക്രമാസക്തനായി. ഭീകര സംഘടനയായ ഐ.സ്സിനെ അനുകൂലിച്ചാണ് യാത്രക്കാരൻ സംസാരിച്ചതെന്ന റിപ്പോർട്ടുകൾ ആദ്യം പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യം എയർപോർട്ട് പോലീസും സഹയാത്രികരും പിന്നീട് നിഷേധിച്ചു. ഒന്നര മണിക്കൂറോളം ഇയാൾ തങ്ങളെ പരിഭ്രാന്തിയുടെ മുൾമുനയിൽ നിർത്തിയതായി യാത്രക്കാർ പറയുന്നു. യാത്രക്കാരും ജീവനക്കാരും ചേർന്ന് ഇയാളെ കീഴ്പെടുത്തിയശേഷം വിമാനം മുംബൈയിൽ ഇറക്കി സിഐഎസ്എഫിന് കൈമാറുകയായിരുന്നു. ഇതേത്തുടർന്ന് പത്തു മണിക്ക് കോഴിക്കോട് ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനം മൂന്ന് മണിക്കൂറോളം വൈകിയാണ് എത്തിയത്. കോഴിക്കോട്ടേക്കുള്ള വിമാനമായതിനാൽ മലയാളികളായിരുന്നു യാത്രക്കാരിൽ അധികവും. അക്രമാസക്തനായ ആളെയും സഹോദരനെയും മുംബൈ വിമാനത്താവളത്തിൽ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ഉടനെ വിട്ടയക്കുമെന്നാണ് മുംബൈയിൽ നിന്നുള്ള റിപ്പോർട്ട്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.