Latest News

കേജ്‌രിവാളും സംഘവും വകവരുത്താൻ ശ്രമിക്കുന്നു: എഎപി എംഎൽഎ


ന്യൂഡൽഹി [www.malabarflash.com]: ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാളും സംഘവും തന്നെയും കുടുംബത്തെയും വകവരുത്താൻ ഗൂഢാലോചന നടത്തുന്നതായി എഎപി സർക്കാരിൽനിന്ന് കഴിഞ്ഞവര്‍ഷം പുറത്താക്കപ്പെട്ട മന്ത്രിയും മട്യാമഹൽ എംഎൽഎയുമായ അസിം അഹമ്മദ് ഖാൻ. ന്യൂഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് കേജ്‍രിവാളിനും സംഘത്തിനുമെതിരെ അസിം അഹമ്മദ് ഖാൻ ആരോപണം ഉന്നയിച്ചത്.
രണ്ടാം എഎപി സർക്കാരിൽ ഭക്ഷ്യമന്ത്രിയായിരുന്ന ഇയാളെ അഴിമതി ആരോപണത്തെ തുടർന്ന് കേജ്‌രിവാൾ തന്റെ സർക്കാരിൽനിന്ന് പുറത്താക്കുകയായിരുന്നു. കഴിഞ്ഞ 9-10 മാസമായി വധഭീഷണികളുടെ നടുവിലാണ് എന്റെ ജീവിതം. ഇപ്പോൾ എന്റെ കുടുംബവും അപകടാവസ്ഥയിലാണ്. എന്നെ കൊലപ്പെടുത്താൻ കേജ്‌രിവാളും സംഘവും ഗൂഢാലോചന നടത്തുകയാണ് - അസിം അഹമ്മദ് ഖാൻ ആരോപിച്ചു.
ഫോണിലും നേരിട്ടും എനിക്ക് വധഭീഷണി ലഭിക്കുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തെ തന്നെ ഞാൻ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനും ഡൽഹി ലഫ്.ഗവർണർക്കും കത്തയയ്ക്കുകയും ചെയ്തു - അസിം അഹമ്മദ് ഖാൻ പറഞ്ഞു. തനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം നൽകാൻ ആഭ്യന്തര മന്ത്രിയോട് അഭ്യര്‍ഥിക്കുന്നതായും അസിം അഹമ്മദ് ഖാൻ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വകവരുത്താൻ പോലും മടിക്കില്ലെന്ന ഗുരുതര ആരോപണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഇന്നലെ രംഗത്തെത്തിയിരുന്നു. മോദിയുടെ കൈകളിൽ രാജ്യം സുരക്ഷിതമാണെന്നു തോന്നുന്നില്ല. വിവിധ കേസുകളിൽ ആം ആദ്മി പാർട്ടി എംഎൽഎമാരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോ സന്ദേശത്തിൽ കേജ്‌രിവാൾ മോദിക്കെതിരെ ആഞ്ഞടിച്ചത്. ഇതിനുപിന്നാലെയാണ് കേജ്‍രിവാളിനെതിരെ ഇതേ ആരോപണങ്ങളുയർത്തി എഎപി സർക്കാരിലെ മുൻമന്ത്രി കൂടിയായ അസിം അഹമ്മദ് ഖാൻ രംഗത്തെത്തിയത്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.