Latest News

ടി.കെ.കെ.സ്മാരക പുരസ്കാരം ഡോ.എ.സി.പത്മനാഭന്

കാഞ്ഞങ്ങാട്:[www.malabarflash.com] മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ സാംസ്കാരിക മേഖലകളില്‍ നിറ സാന്നിധ്യവുമായിരുന്ന ടി.കെ.കെ.നായരുടെ സ്മരണയ്ക്കായി ടി.കെ.കെ.ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പത്താമത് പുരസ്കാരം കുട്ടികളുടെ ഡോക്ടറായ എ.സി.പത്മനാഭന്.

ആതുര ശുശ്രൂഷാരംഗത്ത് വിശിഷ്യ കുഞ്ഞുങ്ങളുടെ രോഗനിര്‍ണ്ണയത്തിലും ചികില്‍സയിലും മികച്ച സേവനങ്ങളെ മുന്‍നിര്‍ത്തിയാണ് 2016ലെ ടി.കെ.കെ.സ്മാരക പുരസ്കാരം ഡോ.എ.സി.പത്മനാഭന് നല്‍കാന്‍ തീരുമാനിച്ചതെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ആഗസ്റ്റ് ആറ് ശനിയാഴ്ച വൈകിട്ട് നാലിന് കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗതാഗതവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ഡോ.എ.സി.പത്മനാഭന് പുരസ്കാരം സമര്‍പ്പിക്കും. ശില്‍പവും പ്രശംസാ പത്രവുമാണ് പുരസ്കാരം.

സ്വാതന്ത്ര്യസമര സേനാനി കെ.മാധവന്‍, മുന്‍ രാജ്യസഭാംഗം ഹമീദലി ഷംനാട്, കൃഷി ശാസ്ത്രജ്ഞന്‍ ഡോ. കെ.പി.പ്രഭാകരന്‍നായര്‍, ശില്‍പി കാനായി കുഞ്ഞിരാമന്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍ സായ്റാം ഭട്ട്, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, അന്തരിച്ച മുന്‍ എംഎല്‍എ എം.കുഞ്ഞിരാമന്‍ നമ്പ്യാര്‍, പ്രമുഖ സോഷ്യലിസ്റ്റ് കെ.സി.ഭാസ്ക്കരന്‍, വ്യവസായ പ്രമുഖന്‍ എച്ച്.ശ്രീധര കമ്മത്ത് എന്നിവരാണ് മുന്‍ അവാര്‍ഡ് ജേതാക്കള്‍. ഫൗണ്ടേഷന്‍ ട്രഷറര്‍ എ.വി.രാമകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് അസ്ലം, സെക്രട്ടറി ടി.കെ.നാരായണന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

എഴുപത്തിനാലാം വയസ്സിലും ചികില്‍സാരംഗത്ത് സജീവ സാന്നിധ്യമായ ഡോ.എ.സി.പത്മനാഭന്‍ മണിപ്പാള്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളേജില്‍ നിന്നാണ് ബിരുദമെടുത്തത്. കോഴിക്കോട്, തിരുവനന്തപുരം, വയനാട്, കാസര്‍കോട് ജില്ലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഒ.കെ.ഇന്ദിര. മക്കള്‍: ഡോ.സച്ചിന്‍, ഡോ. സമേഷ്, സകേഷ് എന്‍ജിനീയര്‍.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.