Latest News

ഉദുമ ഉപതിരഞ്ഞെടുപ്പ് വോട്ടര്‍മാര്‍ക്ക് യു ഡി എഫ് പണം നല്‍കി; എല്‍ ഡി എഫ് ജില്ലാകലക്ടര്‍ക്ക് പരാതി നല്‍കി

ഉദുമ[www.malabarflash.com]: ഉദുമ ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു ഡി എഫ് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം നല്‍കിയെന്നാരോപിച്ച് എല്‍ ഡി എഫ് ജില്ലാകലക്ടര്‍ക്ക് പരാതി നല്‍കി. ഉദുമ ഗ്രാമപഞ്ചായത്തംഗം ചന്ദ്രന്‍ നാലാംവാതുക്കല്‍, ഷിയാസ്, മുസ്ലിംലീഗ് നേതാവ് ഖാദര്‍ കാത്തിം, ഹമീദ് കണ്ണം കുളം എന്നിവര്‍ക്കെതിരെയാണ് എല്‍ ഡി എഫ് ഡിവിഷന്‍ കമ്മിറ്റിയും സ്ഥാനാര്‍ഥി മൊയ്തീന്‍ കുഞ്ഞി കളനാടും വരണാധികാരിയായ ജില്ലാകലക്ടര്‍ക്ക് പരാതിനല്‍കിയത്.

ഉദുമ ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് വ്യാപകമായ പണപ്പിരിവാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ജനവിധി അട്ടിമറിക്കാന്‍ അവര്‍ തെറ്റായ വഴി സ്വീകരിക്കുകയാണെന്നും എല്‍ ഡി എഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പണംകൊടുത്ത് വോട്ടര്‍മാരെ സ്വാധീനിക്കുന്നത് ഗുരുതരമായ കുറ്റമാണെന്ന് അറിയാമായിരുന്നിട്ടും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വലിയ തോതിലാണ് നാട്ടിലാകെ പണം വിതരണം ചെയ്യുന്നത്.

ഉദുമ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് പാക്യാരയിലെ കണ്ണംകുളത്ത് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സെയ്ദിന്റെയും കബീറിന്റെയും കുടുംബത്തിന് യു ഡി എഫ് നേതാക്കള്‍ പണം വിതരണം ചെയ്തു. ഇതിനെതിരെ രണ്ട് കുടുംബങ്ങളും ക്വാര്‍ട്ടേഴ്‌സ് ഉടമയും പ്രതിഷേധിച്ചപ്പോള്‍ സംഘം അക്രമാസക്തരാവുകയും സ്ത്രീകള്‍ അടക്കമുള്ളവരെ കടന്നാക്രമിക്കുകയും ചെയ്തതായി എല്‍ ഡി എഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാനും വോട്ടര്‍മാരെ പണംകൊടുത്ത് സ്വാധീനിക്കാനുമുള്ള യു ഡി എഫ് നീക്കത്തിനെതിരെ ജനാധിപത്യവിശ്വാസികള്‍ പ്രതികരിക്കണം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആറായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച യു ഡി എഫിന് ഇക്കുറി പരാജയപ്പെടുമെന്ന ഭീതിയാണുള്ളത്. യു ഡി എഫിന്റെ ശക്തികേന്ദ്രങ്ങളില്‍ എല്‍ ഡി എഫ് പ്രവര്‍ത്തകരെ തടഞ്ഞുനിര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സ്ഥിതിയുമുണ്ടായിട്ടുണ്ടെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. 

വാര്‍ത്താസമ്മേളനത്തില്‍ കെ വി കുഞ്ഞിരാമന്‍, മൊയ്തീന്‍ കുഞ്ഞി കളനാട്, മധു മുതിയക്കാല്‍ അസീസ് കടപ്പുറം, രാഘവന്‍ വെളുത്തോളി, പി കെ അബ്ദുര്‍ റഹ്മാന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.