Latest News

അഴിമതിരഹിത വികസന കാസര്‍കോട്; ശില്‍പശാലയും പൊതുചര്‍ച്ചയും

കാസര്‍കോട്: [www.malabarflash.com] കാസര്‍കോട്ട് വികസനത്തിന്റെ മറവില്‍ അഴിമതി നടത്തുന്നവരെയും കള്ളനാണയങ്ങളെയും തുറന്നുകാണിക്കുമെന്ന് അഴിമതിവിരുദ്ധ കൂട്ടായ്മയായ ജി എച്ച് എം. തിങ്കളാഴ്ച രാവിലെ കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ജി എച്ച് എം ഭാരവാഹികള്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അഴിമതിരഹിത വികസന കാസര്‍കോട് എന്ന ആശയത്തെ കൂടുതല്‍ പ്രായോഗിക തലത്തിലേക്ക് എത്തിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഈ ആശയത്തെ സംബന്ധിച്ച് വിവിധ തലങ്ങളില്‍ ചര്‍ച്ചകളുണ്ടാവുകയും ഇത്തരം ചര്‍ച്ചകളില്‍ ഉയര്‍ന്നുവരുന്ന നിര്‍ദേശങ്ങളെ പൊതുസമൂഹത്തിന്റെയും ഭരണസംവിധാനത്തിന്റെയും എല്ലാതലങ്ങളിലേക്കും എത്തിക്കേണ്ടത് അനിവാര്യമാണ്. ഈ പ്രക്രിയക്കാണ് ഗ്രേറ്റ് ഹിസ്റ്ററി മേക്കേര്‍സ് (ജി എച്ച് എം) തുടക്കം കുറിക്കുന്നതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ആഗസ്ത് ഒമ്പതിന് കാസര്‍കോട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ഉച്ചക്ക് രണ്ട് മണിമുതല്‍ വൈകിട്ട് നാല് മണിവരെ ശില്‍പശാലയും പൊതുചര്‍ച്ചയും നടത്തും.

ബുര്‍ഹാനുദ്ദീന്‍ തളങ്കര ചര്‍ച്ചക്ക് തുടക്കം കുറിക്കും. വിവരാവകാശനിയമത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി അഴിമതിരഹിതമായ ഭരണക്രമവും സാമൂഹികജീവിതവും കെട്ടിപ്പടുക്കുന്നതിനെക്കുറിച്ച് പ്രമുഖ വിവരാവകാശപ്രവര്‍ത്തകന്‍ ജോയ് കൈതാനം സംസാരിക്കും. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഗ്രാമസഭാ ഉല്‍ബോധകനുമായ രഞ്ജിത്ത് ബാബു കണ്ണൂര്‍ ഗ്രാമസഭയെക്കുറിച്ചും സമൂഹ അഴിമതിവിവാദം എന്ന വിഷയത്തെ സംബന്ധിച്ചും പ്രബന്ധം അവതരിപ്പിക്കും. വിവരാവകാശ പ്രവര്‍ത്തകന്‍ മുജീബ് റഹ്മാന്‍ സംബന്ധിക്കും. പ്രതിഭരാജന്‍ അതിവേഗറെയില്‍പാതയെക്കുറിച്ച് സംസാരിക്കും.

കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാമൂഹ്യപ്രവര്‍ത്തകരും നിയമപാലകരും വിവരാവകാശപ്രവര്‍ത്തകരും പൊതുജനങ്ങളും പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ബുര്‍ഹാന്‍ അബ്ദുല്ല തളങ്കര, അമീന്‍ അടുക്കത്ത് ബയല്‍, ഇബ്രാഹിം കൊടിയമ്മ സംബന്ധിച്ചു.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.