Latest News

അഞ്ചംഗ നോട്ടിരട്ടിപ്പു സംഘം അറസ്റ്റില്‍

പെരിന്തല്‍മണ്ണ:[www.malabarflash.com] അഞ്ചംഗ നോട്ടിരട്ടിപ്പ് സംഘം പെരിന്തല്‍മണ്ണയില്‍ പിടിയിലായി. കച്ചവടത്തില്‍ മുടക്കുന്ന തുക ഇരട്ടിപ്പിച്ചും മുടക്കുന്ന പണത്തിനു ഇരട്ടി തുകയ്ക്കുള്ള കള്ളനോട്ടുകള്‍ വിതരണം ചെയ്യാമെന്നുമുള്ള പേരില്‍ സംസ്ഥാനത്തുനിന്നും തമിഴ്‌നാട്ടില്‍നിന്നുമായി ലക്ഷക്കണക്കിനു രൂപ തട്ടിപ്പു നടത്തിയ കൊണ്ടേട്ടി കരിപ്പൂര്‍ നാറാണത്ത് മെഹ്ബൂബ് (35), പാലക്കാട് നൂറണി വെള്ളത്തൊടി ഹിറാനഗര്‍ റിജാസ് (23), പാലക്കാട് മാട്ടുമന്ത സി.എന്‍.പുരം ഷമീര്‍ മന്‍സിലില്‍ താഹിര്‍ (31), പാലക്കാട് നൂറണി പുതുപ്പള്ളി തെരുവു അന്‍സിയ മന്‍സിലില്‍ അസ്‌കര്‍ (23), തിരൂരങ്ങാടി മുന്നിയൂര്‍ ആലിന്‍ചുവട് കാഞ്ഞിരത്തിങ്കല്‍ അബ്ദുള്ളക്കോയ എന്ന അബ്ദുള്ള (54) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ആറുമാസം മുമ്പ് ബിസിനസിന്റെ ആവശ്യാര്‍ഥം നാലുലക്ഷം രൂപ മുതല്‍ മുടക്കിയ പെരിന്തല്‍മണ്ണ വലിയങ്ങാടി സ്വദേശിക്കു മുതലും ലാഭവും അടക്കം ഇരട്ടി തുക വ്യാജ നോട്ടുകള്‍ നല്‍കി തട്ടിപ്പു നടത്തിയ കേസിലാണ് ഇവരെ പെരിന്തല്‍മണ്ണ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു മുന്‍വശത്ത് അറസ്റ്റ് ചെയ്തത്. വിവിധ ബിസിനസില്‍ പണമിറക്കിയാല്‍ മുടക്കുന്ന തുകയുടെ ഇരട്ടിതുക അഞ്ചു മാസത്തിനുള്ളിലും ഒരു ലക്ഷം രൂപയ്ക്കു ഇരട്ടിതുക കള്ളനോട്ടുകള്‍ എത്തിച്ചു നല്‍കാമെന്നും പറഞ്ഞാണു സംഘം തട്ടിപ്പു നടത്തുന്നത്.

മലപ്പുറം, പാലക്കാട് ജില്ലകളിലായി താമസിക്കുന്ന പ്രതികള്‍ ബ്രോക്കര്‍മാര്‍ മുഖേനയാണ് ഇരകളെ കണ്ടെത്തുന്നത്. കള്ളനോട്ടിനും ഇരട്ടിലാഭത്തിനുമായി സംഘത്തിന്റെ വലയിലാകുന്ന ആളുകളെ പ്രതികള്‍ കോട്ടയ്ക്കല്‍, മലപ്പുറം, എറണാകുളം, പാലക്കാട്, എടവണ്ണ, മഞ്ചേരി എന്നിവിടങ്ങളിലേക്കു വരുത്തി പ്രലോഭിച്ചാണ് തട്ടിപ്പുകള്‍ നടത്തുന്നത്. കള്ളനോട്ടുകള്‍ എത്തിച്ചുതരാമെന്നു പറഞ്ഞാണ് സംഘം കൂടുതലും തട്ടിപ്പു നടത്തിയതെന്നു പോലീസ് പറഞ്ഞു.

മുടക്കുന്ന തുകയുടെ ഇരട്ടി തുകയ്ക്കു കള്ളനോട്ടുകള്‍ നല്‍കാമെന്നു പറഞ്ഞു ഒറിജിനല്‍ നോട്ടുകളുമായി സംഘം ആവശ്യപ്പെടുന്ന സ്ഥലത്തെത്തുന്നവരെ 50,000ത്തിന്റെ നോട്ടുകെട്ടുകളില്‍ മുകളിലും താഴെയും ഒറിജിനല്‍ നോട്ടുകള്‍ ഭദ്രമായി വച്ചാണു തട്ടിപ്പ് നടത്തുന്നത്. ആവശ്യക്കാര്‍ക്കു ആദ്യം അമ്പതിനായിരത്തിന്റെ കെട്ടില്‍നിന്നു ഒരു ഒറിജിനല്‍ നോട്ടുകെട്ടു കാണിച്ചു കള്ളനോട്ടുകളാണെന്നു പറഞ്ഞു വിശ്വസിപ്പിക്കും. ഇതു വിശ്വസിക്കുന്നവരെ പിന്നീടു മറ്റൊരു സ്ഥലത്തേക്കു വിളിച്ചുവരുത്തി നേരത്തെ ബാഗിനകത്തു തയാറാക്കി വച്ചതും കോയമ്പത്തൂരില്‍നിന്നു അച്ചടിച്ചതുമായ വ്യാജ പ്രിന്റുകള്‍ കാണിച്ചു ഒറിജിനല്‍ വാങ്ങി കബളിപ്പിക്കുകയാണ് സംഘത്തിന്റെ രീതി.

അറസ്റ്റിലായവരെ ചോദ്യം ചെയ്തതോടെ മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളിലെ വിവിധ ഭാഗങ്ങളിലെയും തമിഴ്‌നാട്ടിലെ ചില കേന്ദ്രങ്ങളിലെയും ആളുകളെ ഈ വിധത്തില്‍ കബളിപ്പിച്ചു ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പ്രതികള്‍ സമ്മതിച്ചു. കള്ളനോട്ടിന്റെ പേരില്‍ നടക്കുന്ന സംഭവങ്ങളായതിനാല്‍ പലരും പോലീസില്‍ പരാതിപ്പെടാറില്ല. അറസ്റ്റിലായ മെഹ്ബൂബ്, താഹിര്‍ എന്നിവര്‍ക്കെതിരേ പാലക്കാട് നോര്‍ത്ത്, വേങ്ങര, കോട്ടക്കല്‍ എന്നീ പോലീസ് സ്‌റ്റേഷനുകളില്‍ സമാനമായ രീതിയില്‍ തട്ടിപ്പു നടത്തിയതിനു കേസുകളുണ്ട്. ഇതിനിടെയാണ് ഇവരുള്‍പ്പെട്ട സംഘം പെരിന്തല്‍മണ്ണയില്‍ പിടിയിലാകുന്നത്.

പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.പി. മോഹനചന്ദ്രനു ലഭിച്ച നിര്‍ദേശ പ്രകാരം സിഐ സാജു കെ. ഏബ്രഹാം, എസ്‌ഐ ജോബി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള ടൗണ്‍ ഷാഡോ പോലീസ് ടീമിലെ അന്വേഷണ ഉദ്യോഗസ്ഥരായ പി. മോഹന്‍ദാസ്, സി.പി. മുരളി, പി.എന്‍. മോഹനകൃഷ്ണന്‍, എന്‍.ടി. കൃഷ്ണകുമാര്‍, ദിനേശ് കിഴക്കേക്കര, ബി. സന്ദീപ്, മനോജ്, അഭിലാഷ് കൈപ്പിനി, സുമേഷ്, ടി. സെലീന എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തു തുടരന്വേഷണം നടത്തുന്നത്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.