Latest News

മൂന്ന് പുരോഹിതര്‍ മൂന്ന് മധുരക്കൊടി വീശി നാലമ്പലയാത്ര ഫ്ളാഗ് ഓഫ് ചെയ്യും

കാഞ്ഞങ്ങാട്:[www.malabarflash.com] സാമുദായിക മൈത്രി ഉണര്‍ത്താനായി 13, 14ന് ഹ്യുമണിസ്റ്റ് ട്രാവല്‍ ക്ലബ്ബും ഗാന്ധിപീസ് പാര്‍ക്കും സംഘടിപ്പിക്കുന്ന നാലമ്പല തീര്‍ത്ഥയാത്ര മൂന്ന് പുരോഹിതര്‍ മൂന്ന് മധുരക്കൊടി വീശി ഉദ്ഘാടനം ചെയ്യും. തീര്‍ത്ഥങ്കര ശ്രീനാരായണ മഠത്തിലെ സ്വാമി പ്രേമാനന്ദ, തെക്കെപ്പുറം പള്ളി ഇമാം ഹാഫിസ് മുഹമ്മദ് വഹീദ്, ഉണ്ണി മിശിഹാ പള്ളി വികാരി ഫാദര്‍ മാത്യു ആലംകോട് എന്നിവരാണ് മധുരം തുന്നിചേര്‍ത്ത കൊടി വീശി നാലമ്പല തീര്‍ത്ഥയാത്ര ഫ്ളാഗ് ഓഫ് ചെയ്യുന്നത്.


രാവിലെ 9 മണിക്ക് ഗാന്ധിപീസ് പാര്‍ക്കിന് സമീപം നടക്കുന്ന പരിപാടിയില്‍ അഡ്വ.ടി.കെ.സുധാകരന്‍ അദ്ധ്യക്ഷം വഹിക്കും. എഴുത്തുകാരനും പ്രഭാഷകനുമായ വത്സന്‍ പിലിക്കോട് മഗംള പത്രം നല്‍കും. മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം അഡ്വ.പി.കെ.ചന്ദ്രശേഖരന്‍ നാലമ്പല യാത്ര സാമുദായിക മൈത്രിയുടെ തീര്‍ത്ഥയാത്ര ആക്കണമെന്ന് ദേവസ്വം ബോര്‍ഡിനോട് അഭ്യര്‍ത്ഥിക്കുന്ന നിവേദനം സ്വീകരിക്കും. സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും.


കൊടുംഭീകരതയുടെ ചിറകില്‍ പറക്കുന്ന സാമുദായിക വിദ്വേഷത്തിന്‍റെ കാര്‍മേഘമകറ്റാന്‍ ഒരു വെള്ളരിപ്രാവിന്‍റെ ചിറകുയര്‍ത്തുന്ന കാറ്റെങ്കിലും ഉണ്ടാകാന്‍ ലോകം ആഗ്രഹിക്കുന്ന സമയമാണിത്. ഈയൊരു സാഹചര്യത്തില്‍ സാമുദായിക മൈത്രിയുടെ ആശയത്തെബന്ധിപ്പിച്ച് നാലമ്പല തീര്‍ത്ഥാടനത്തെ സാമുദായിക മൈത്രിയുടെ പ്രാര്‍ത്ഥനായാത്രയാക്കി മാറ്റുകയാണ് ഹ്യുമണിസ്റ്റ് ട്രാവല്‍ ക്ലബ്ബ്.


തീര്‍ത്ഥയാത്രകളുടെ ഭക്തി മതപരതയുടെ കടുത്ത സങ്കുചിത ചിന്തയിലേക്ക് വഴുതിവീഴാന്‍ ഇടവരുന്ന ഒരു സാമൂഹ്യ സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇത്തരം കടുത്ത സങ്കുചിതത്വം സാമുദായിക വിദ്വേഷത്തെ കൂടുതല്‍ കറുപ്പിക്കുവാന്‍ ഇടവരുത്തുന്നതായിരിക്കും. ഈ പ്രവണതയെ തടയാനുള്ള പ്രവര്‍ത്തനമാക്കാനും നാലമ്പല യാത്ര സാമുദായിക മൈത്രിയുടെ ഒരു ആചാരമാക്കിമാറ്റി സ്ഫുരിപ്പിക്കുവാനുമുള്ള ഒരു ദീര്‍ഘവീക്ഷണമാണ് ഹ്യൂമണിസ്റ്റ് ട്രാവല്‍ ക്ലബ്ബിനുള്ളത്.


ഓരോ പ്രത്യേക അനുഗ്രഹം പ്രദാനം ചെയ്യുന്നതായി വിശ്വസിക്കുന്ന നാലമ്പലത്തിലെ രാമന്‍റെയും, ശത്രുഘ്നന്‍റെയും, ലക്ഷ്മണന്‍റെയും, ഭരതന്‍റെയും, മുന്നില്‍ അവര്‍ പ്രസാദിക്കാന്‍ ഇഷ്ടപ്പെടുന്ന പ്രാര്‍ത്ഥന സമര്‍പ്പിക്കും. സാമുദായിക ശത്രുത നശിപ്പിക്കാനും (ശത്രുഘ്ന ക്ഷേത്രം), സാമുദായിക മൈത്രിക്കുള്ള ചിന്ത അരക്കിട്ടുറപ്പിക്കാനും (ഭരതക്ഷേത്രം), ഈ ആഗ്രഹം സാദ്ധ്യമാക്കാനും (ലക്ഷ്മണക്ഷേത്രം) ഉള്ള പ്രാര്‍ത്ഥന ഓരോരോ അമ്പലത്തിലും നടത്തും. എല്ലാം സാധിച്ച് ശാന്തിയും, ധാര്‍മ്മിക ബോധവും ഉണ്ടാക്കാന്‍ ശ്രീരാമനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യും. ഈ പ്രാര്‍ത്ഥന സാമുദായിക വിദ്വേഷത്തിന്‍റെ ഇരുളിലേക്ക് ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങ്വെട്ടം പോലെ മൈത്രീ ഭാവന ഉണര്‍ത്തുമെന്ന വിശ്വാസം ഉറപ്പിച്ച്കൊണ്ടായിരിക്കും നാലമ്പല യാത്രയുടെ പരിസമാപ്തി.


ഈ ഉദാത്ത കാര്യത്തിലൂന്നി ജാതിമത ഭേദമില്ലാതെ സാമുദായിക മൈത്രിയുടെ ഒരു തീര്‍ത്ഥയാത്രയായി നാലമ്പലയാത്രയെ ഭാവിയിലേക്ക് പരിവര്‍ത്തനപ്പെടുത്താനുള്ള ലക്ഷ്യത്തിലാണ് ഹ്യൂമണിസ്റ്റ് ട്രാവല്‍ ക്ലബ്ബ് ഉള്ളത്. സാമുദായിക മൈത്രിക്കുവേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ കേരളത്തിന് ഒരു മാതൃകയാകാന്‍ ഇതുവഴി സാധിക്കുന്നതാണ്. ഇതിനു വേണ്ടിയുള്ള പ്രായോഗികമായ ഒരു തുടക്കം കുറിക്കാനായി ആഗസ്റ്റ് 13-14ന് സംഘടിപ്പിക്കുന്ന നാലമ്പല യാത്ര ഇന്ത്യയില്‍ സാമുദായിക മൈത്രിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ ഒരു നാഴികകല്ലായിമാറും.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.