Latest News

മണ്ണാര്‍ക്കാട് ഇരട്ട കൊലപാതകം: പ്രതികളുടെ ജാമ്യം റദ്ദാക്കി

മണ്ണാര്‍ക്കാട്:[www.malabarflash.com] കല്ലാംകുഴിയില്‍ കാന്തപുരം വിഭാഗം സുന്നി പ്രവര്‍ത്തകരും സഹോദരരുമായ പള്ളത്ത് ഹംസയെയും നുറുദ്ദീനെയും കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പ്രതികളുടെ ജാമ്യം പാലക്കാട് അഡീഷനല്‍ സെഷന്‍സ് കോടതി റദ്ദാക്കി. പ്രതികളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വെക്കാനും കോടതി ഉത്തരവിട്ടു.

രണ്ടാം പ്രതി കാരൂക്കില്‍ നൗഷാദ് എന്ന പാണ്ടി നൗഷാദ്, മൂന്നാം പ്രതി പൂളമണ്ണില്‍ നിജാസ്, പതിനൊന്നാം പ്രതി പാലക്കാപറമ്പില്‍ ഇസ്മാഈല്‍ എന്ന ഇപ്പായി, 19ാം പ്രതി പലയക്കോടന്‍ സലീം, 22ാം പ്രതി പലയക്കോടന്‍ സഹീര്‍ എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്. ഇവരില്‍ രണ്ട് പേരുടെ ജാമ്യം ആറ് മാസങ്ങള്‍ക്കു മുമ്പേ കോടതി റദ്ദാക്കിയിരുന്നുവെങ്കിലും പ്രതികളെ പിടിക്കാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.

2013 നവംബര്‍ ഇരുപതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കല്ലാംകുഴിയില്‍ മഹല്ലിലെ പിരിവുമായ ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് കാന്തപുരം വിഭാഗം സുന്നി പ്രവര്‍ത്തകരായ പള്ളത്ത് ഹംസയെയും സഹോദരന്‍ നൂറുദ്ദീനെയും ഇ.കെ. വിഭാഗം സുന്നികള്‍ കൊലപ്പെടുത്തിയെന്നാണ് കേസ്.

അന്ന് ഭരണപക്ഷത്തിലായിരുന്ന മണ്ണാര്‍ക്കാട്ടെ എം എല്‍ എ പ്രതികള്‍ക്ക് സംരക്ഷണം നല്‍കിയതും വിവാദമായിരുന്നു. മണ്ണാര്‍ക്കാട് ഇരട്ട കൊലപാതകം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഏറെ ചര്‍ച്ചയായിരുന്നു.

കൊലപാതകത്തിനു ശേഷം ദിവസങ്ങള്‍ക്കകം ജാമ്യത്തിലിറങ്ങിയ പ്രതികള്‍ പ്രധാന സാക്ഷികളെ ആക്രമിക്കുകയും ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കുകയും ചെയ്തതായി പരാതി ഉയര്‍ന്നിരുന്നു. ഇതിനെതിരെ പോലീസ് നടപടി എടുക്കാത്ത സാഹചര്യത്തിലാണ് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം പാലക്കാട് സെഷന്‍സ് കോടതിയാണ് പ്രതികളുടെ ജാമ്യം നിഷേധിച്ചത്.

കൊലപാതക കേസിലെ പ്രതികള്‍ വിദേശത്തേക്ക് കടക്കാതിരിക്കാന്‍ വേണ്ട എല്ലാ മുന്‍കരുതലുകളും പോലീസ് എടുത്തിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി രേഖാമൂലം അറിയിച്ചിരുന്നുവെങ്കിലും പ്രതികളില്‍ പലരും ഇപ്പോള്‍ വിദേശത്താണ്.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.