Latest News

കണ്ണൂരിനെ സംഘര്‍ഷരഹിത ജില്ലയാക്കാന്‍ കൂട്ടായ ശ്രമങ്ങളുണ്ടാവണം: മുഖ്യമന്ത്രി

കണ്ണൂര്‍: കണ്ണൂരിനെ സംഘര്‍ഷരഹിത ജില്ലയാക്കിമാറ്റണമെന്ന വികാരം സര്‍വകക്ഷി സമാധാന യോഗം ഒറ്റക്കെട്ടായി പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.[www.malabarflash.com] 
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മന്ത്രിമാരുടെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ ഇതിനകം നടന്ന സമാധാന ശ്രമങ്ങള്‍ സംഘര്‍ഷം കുറയ്ക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അവ പൂര്‍ണ ഫലപ്രാപ്തിയിലെത്തിക്കാന്‍ യോജിച്ച ശ്രമങ്ങളുണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമീപകാലത്തെ ചില സംഭവങ്ങള്‍ പരിശോധിച്ചാല്‍ രാഷ്ട്രീയ നേതൃത്വങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത ഒരു വിഭാഗം ആളുകളാണ് അക്രമങ്ങള്‍ക്ക് പിന്നിലെന്ന് മനസ്സിലായിട്ടുണ്ട്. അവരെ തള്ളിപ്പറയാനും അക്രമങ്ങള്‍ നാട് അംഗീകരിക്കുന്നില്ലെന്ന സന്ദേശം നല്‍കാനും യോഗത്തില്‍ തീരുമാനമായതായും മുഖ്യമന്ത്രി അറിയിച്ചു.
സമാധാനം സ്ഥാപിക്കാനുള്ള സന്ദേശം നേതൃത്വത്തില്‍ ഒതുങ്ങി നില്‍ക്കാതെ താഴേത്തട്ടിലെത്തിക്കുന്നതിലൂടെ മാത്രമേ ഇത്തരം അക്രമസംഭവങ്ങള്‍ അവസാനിപ്പിക്കാനാവൂ.

ചിലയിടങ്ങളില്‍ ആയുധങ്ങള്‍ നിര്‍മിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന സംഭവങ്ങളുണ്ട്. പാര്‍ട്ടി നേതൃത്വങ്ങളുടെ അറിവോടെയാണ് അവ നടക്കുന്നതെന്ന് കരുതുന്നില്ല. എന്നാല്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരായ ശക്തമായ നിര്‍ദേശം നേതൃത്വം താഴേത്തട്ടിലെത്തിക്കേണ്ടതുണ്ട്. ഇവ കണ്ടെത്താന്‍ പൊലിസ് നടത്തുന്ന ശ്രമങ്ങള്‍ ശക്തമായി തുടരും. അതോടൊപ്പം ഇത്തരം കാര്യങ്ങളെപ്പറ്റി വിവരം നല്‍കാന്‍ പൊതുജനങ്ങള്‍ മുന്നോട്ടുവരണം. ഇതേക്കുറിച്ചുള്ള വിവരകൈമാറ്റത്തിന് പൊലിസ് സംവിധാനമൊരുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജില്ലയില്‍ വരാനിരിക്കുന്നത് ഉല്‍സവങ്ങളുടെ കാലമാണ്. ആഘോഷ പരിപാടികള്‍ കണക്കുതീര്‍ക്കലിനുള്ള വേദിയാവാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇവയ്ക്കിടയില്‍ അക്രമസംഭവങ്ങളുണ്ടാവാതിരിക്കാന്‍ പൊലിസും പാര്‍ട്ടി നേതൃത്വങ്ങളും ആരാധനാലയ ഭാരവാഹികളും ശ്രദ്ധ ചെലുത്തണം. നാടിന്റെ ഏതെങ്കിലും ഭാഗത്ത് എന്തെങ്കിലും അക്രമസംഭവങ്ങളുണ്ടാവുകയാണെങ്കില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ എല്ലാ പാര്‍ട്ടി നേതൃത്വങ്ങളും അവിടെയെത്തി അക്രമത്തിനിരയായവര്‍ക്ക് സാന്ത്വനം നല്‍കാനും സംഘര്‍ഷം ആരും അംഗീകരിക്കുന്നില്ലെന്ന സന്ദേശം നല്‍കാനും സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മുഖം നോക്കാതെയും നിഷ്പക്ഷമായും ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെയും പോലീസ്‌ പ്രവര്‍ത്തിക്കണം. അക്രമസംഭവങ്ങളില്‍ പ്രതിചേര്‍ക്കപ്പെടുന്നവരെ നിയമപരമായ മാര്‍ഗത്തിലൂടെ രക്ഷിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ പ്രതികളെ കസ്റ്റഡിയിലെടുക്കുന്നത് ശക്തിയുപയോഗിച്ച് തടയുകയും അറസ്റ്റ് ചെയ്തവരെ സംഘബലവും തിണ്ണബലവും ഉപയോഗിച്ച് സ്റ്റേഷനില്‍ നിന്ന് ഇറക്കിക്കൊണ്ടുപോവുകയും ചെയ്യുന്ന രീതി അനുവദിക്കാനാവില്ല.

ഇത്തരം സന്ദര്‍ഭങ്ങളില്‍ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങുന്നതിനു പകരം പോലീസിന്റെ അന്തസ്സിനു ചേരുന്ന വിധം ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണം. എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാല്‍ പ്രതികളാരെന്ന് ബന്ധപ്പെട്ടവരോ ബന്ധുക്കളോ പറയാറുണ്ട്. എന്നാല്‍ കൃത്യമായ അന്വേഷണത്തിലൂടെ പോലീസ് യഥാര്‍ഥ പ്രതികളെ കണ്ടെത്തണം. ഏത് ആരാധനാലയവും പവിത്രമാണെന്നും അവയ്‌ക്കെതിരായ ആക്രമണങ്ങള്‍ ഏതുഭാഗത്തുനിന്നായാലും അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

യോഗത്തില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, പി.കെ ശ്രീമതി ടീച്ചര്‍ എം.പി, എം.എല്‍.എമാരായ ഇ.പി ജയരാജന്‍, കെ.സി ജോസഫ്, സണ്ണി ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, ജില്ലാ പൊലിസ് മേധാവി ജി ശിവവിക്രം, സബ് കലക്ടര്‍ രോഹിത് മീണ, എ.ഡി.എം ഇ മുഹമ്മദ് യൂസുഫ്, പാര്‍ട്ടി നേതാക്കളായ കോടിയേരി ബാലകൃഷ്ണന്‍, പി.കെ കൃഷ്ണദാസ്, പി. ജയരാജന്‍, വല്‍സന്‍ തില്ലങ്കേരി, കെ രഞ്ജിത്ത്, സതീശന്‍ പാച്ചേനി, പി കുഞ്ഞിമുഹമ്മദ്, സി.പി മുരളി, കളരിയില്‍ ശുക്കൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.