തിരുവനന്തപുരം: [www.malabarflash.com] പോലീസ് ആസ്‌ഥാനത്തിന്റെയും ഡി.ജി.പിയുടെ ഓഫീസിന്റെയും രഹസ്യസ്വഭാവം നഷ്‌ടമാകുന്ന തരത്തില്‍ പോലീസ് ആസ്‌ഥാനത്ത് വന്‍ സുരക്ഷാ വീഴ്‌ച. ഡി.ജി.പി. ഒപ്പിടുന്നതിനു മുമ്പുതന്നെ ഉത്തരവുകള്‍ പോലീസുദ്യോഗസ്‌ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നു. രഹസ്യസ്വഭാവമുള്ള ഉത്തരവുകളുടെ കരട് പോലും പോലീസുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ചിട്ടുണ്ട്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്‌ഥരുടെ സ്‌ഥലംമാറ്റ ഉത്തരവ് ചോര്‍ന്നതാണ് ഏറ്റവും പുതിയ സംഭവം.
തിങ്കളാഴ്ചയാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തിലെ നാലു കോണ്‍സ്‌റ്റബിള്‍മാരെ മാറ്റി പുതിയ നാലു പേരെ നിയോഗിച്ച് എല്‍ 3 209345/ 2015 /പി.എച്ച്.ക്യൂ. എന്ന നമ്പറില്‍ ഡി.ജി.പി. ഉത്തരവിറക്കിയത്.
രണ്ടു പേരെ തിരുവനന്തപുരം സിറ്റി ടെലികമ്യൂണിക്കേഷനിലേക്കും രണ്ടു പേരെ കോട്ടയത്തേക്കുമാണു മാറ്റിയത്. ഡി.ജി.ഒ. നം:1713/16 എന്ന തലക്കെട്ടോടെ തിങ്കളാഴ്ച വൈകിട്ടാണ് പോലീസ് മേധാവി ഡ്രാഫ്‌റ്റില്‍ ഒപ്പിട്ട് ഉത്തരവാക്കിയത്. എന്നാല്‍ രാവിലെ 11: 15 നു തന്നെ പോലീസുകാരുടെ സ്വകാര്യ വാട്‌സാപ്പ് ഗ്രൂപ്പായ കേരളാ ടുഡേ ഗ്രൂപ്പില്‍ പോലീസ് മേധാവി ഒപ്പുവയ്‌ക്കുന്നതിനു മുമ്പുള്ള സ്‌ഥലംമാറ്റരേഖയുടെ കരട് പ്രചരിച്ചുതുടങ്ങി. രണ്ടു ദിവസം മുമ്പ് ഇതേ ഗ്രൂപ്പില്‍ വന്ന സന്ദേശം "2691016 ല്‍ ടെലി കെടിഎമ്മില്‍ നിന്നു രണ്ടാള്‍ പോകും രണ്ടാള്‍ വരും.
അന്നു ടിവിഎം സിറ്റിയില്‍ എം എന്ന അക്ഷരത്തില്‍ പേര് തുടങ്ങുന്ന രണ്ടാള്‍ എത്തിച്ചേരുമെന്നു പ്രതിക്ഷിക്കുന്നു" എന്നാണ്. ഇതില്‍ പറയുന്നതു പോലെ സിറ്റി ടെലികമ്യൂണിക്കേഷനില്‍ എത്തിയത് "എം" എന്ന അക്ഷരത്തില്‍ പേര് തുടങ്ങുന്ന വി.വി. മനോജ്‌കുമാര്‍, എം.പി. മഹേഷ് എന്നിവരാണ്. പോലീസ് മേധാവിയുടെ അംഗീകാരത്തിനായി എത്തിയ രേഖ അപ്പടി ചോര്‍ന്നെന്നു ചുരുക്കം. പോലീസ് ആസ്‌ഥാനത്തെ ബന്ധപ്പെട്ട സെക്‌ഷനില്‍ നിന്നു ഫയലിന്റെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ചിത്രമാണ് പുറത്തായത്.
ഡ്രാഫ്‌റ്റുകളിലുള്ള സുപ്രധാന വിവരങ്ങള്‍ ചോരുന്നതു സംബന്ധിച്ച് നേരത്തേ പോലീസ് മേധാവിയുടെ ഓഫീസിനു ചില സൂചനകള്‍ ലഭിച്ചിരുന്നു. ചോര്‍ച്ച മറികടക്കാനുള്ള പോംവഴി ചിന്തിക്കുകയാണ് പോലീസ് ആസ്‌ഥാനത്തെ ഉന്നതര്‍.
പോലീസ് അസോസിയേഷന്‍ സംസ്‌ഥാന തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി കഴിഞ്ഞിരുന്നു. ഒക്‌ടോബര്‍ മൂന്നിനാണു തെരഞ്ഞെടുപ്പ്. ഇന്ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധപ്പെടുത്തും. ഇതിനിടയില്‍ സ്‌ഥലംമാറ്റങ്ങള്‍ നടത്തിെല്ലന്ന് തെരഞ്ഞെടുപ്പ് ഷെഡ്യൂളില്‍ വ്യക്‌തമാക്കിയിരുന്നതാണ്. അതു മറികടന്നാണ് നാലു പേരുടെ സ്‌ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയത്.
കടപ്പാട്: മംഗളം
കടപ്പാട്: മംഗളം
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment