കരിപ്പൂര്‍:[www.malabarflash.com] കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്കു ലഗേജ് ലഭിക്കാത്ത പ്രശ്‌നം രണ്ടു ദിവസത്തിനകം പരിഹരിക്കുമെന്നും യഥാസമയം യാത്രക്കാരെ വിവരമറിയിക്കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഗള്‍ഫ് നാടുകളില്‍നിന്നെത്തിയ നൂറുകണക്കിനു യാത്രക്കാര്‍ക്കാണ് അവര്‍ കൈവശം കരുതിയിരുന്ന ലഗേജ് ലഭിക്കാത്തത്.
കൂടെ നാട്ടിലേക്കു കൊണ്ടുപോകുന്നതിനായി ഗള്‍ഫ് നാടുകളിലെ വിമാനത്താവളങ്ങളില്‍ എത്തിച്ച ലഗേജ്, വിമാനത്തിന്റെ ഭാരക്കൂടുതല്‍കാരണം കയറ്റാതിരിക്കുന്നതാണു കാരണം. ഓണം, പെരുന്നാള്‍ ആഘോഷങ്ങള്‍ക്കു നാട്ടിലെത്തിയവര്‍ക്കു ലഗേജ് കിട്ടാത്തത് ഏറെ വിഷമമുണ്ടാക്കി.
കോഴിക്കോട് വിമാനത്താവളത്തിലേക്കു ചരക്കുവിമാനങ്ങള്‍ ഇല്ലെന്നു മാത്രമല്ല, വലിയ വിമാനങ്ങളുമില്ല. ചെറിയ വിമാനങ്ങള്‍ നിറയെ യാത്രക്കാര്‍ ഉള്ളതിനാല്‍ ലഗേജ് കയറ്റുന്നില്ല.
എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ എത്തിയവര്‍ക്കാണു ലഗേജ് കിട്ടാതിരുന്നത്. നാട്ടിലേക്കുള്ളവരുടെ തിരക്കു തീര്‍ന്നതിനാല്‍ രണ്ടു ദിവസത്തിനകം എല്ലാവരുടെയും ലഗേജ് എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. യാത്രക്കാരെ യഥാസമയം വിവരം അറിയിക്കുമെന്ന് എയര്‍ ഇന്ത്യാ അധികൃതര്‍ പറഞ്ഞു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment