ഉണ്ടോ എന്ന് ചോദിക്കാൻ ഉമ്മയുണ്ടെങ്കിൽ
ഉടുത്തോ എന്ന് ചോദിക്കാൻ ഉപ്പയുണ്ടായിരുന്നു
ഉറങ്ങാതെ കാത്തിരിക്കാൻ ഉമ്മയുണ്ടെങ്കിൽ
ഉരുൾപൊട്ടാതെ നോക്കാൻ ഉപ്പയുണ്ടായിരുന്നു
ഉറ്റവരേറെ ഉണ്ടായിട്ടും
ഉമ്മയോളമാരുമെത്തിയില്ല
ഉയരങ്ങളേറെ ഉണ്ടായിട്ടും
ഉപ്പയോളമാരും ഉയർത്തിയില്ല
ഉമ്മയുടെ സ്നേഹത്തിനു മുന്നിൽ
ഉടയവരൊക്കെ തോറ്റുപോയപ്പോൾ
ഉപ്പയുടെ സംരക്ഷണത്തിന് മുന്നിൽ
ഉലകത്തിലാർക്കും ജയിക്കാനുമായില്ല
ഉണ്ടതും ഉടുത്തതും ഉറങ്ങിയതും
ഉണർന്നതും ഉടക്കിയതും
ഉമ്മറപുറത്തിരുന്നു ചിന്തിച്ചപ്പോൾ
ഉമിനീര് വറ്റിയ നാവു കൊണ്ട് പറഞ്ഞു പോയി
ഉമ്മയുണ്ടെങ്കിലെത്ര നല്ലതായിരുന്നു
ഉപ്പയുണ്ടെങ്കിലെത്ര ഗുണമായിരുന്നു
ഉമ്മയുംഉപ്പയുമുണ്ടെങ്കിലോ
ഉജ്ജ്വലമായ ജീവിതത്തിനെത്ര ഉന്മേഷമുണ്ടായേനെ
-നൂറുദ്ദീൻ ചെമ്പിരിക്ക


No comments:
Post a Comment