Latest News

മാവുങ്കാലില്‍ സി.പി.എം.-കോണ്‍ഗ്രസ് സംഘര്‍ഷം; ബാലവേദി ഓഫീസ് തകര്‍ത്തു, ഏഴ് പേര്‍ക്ക് പരിക്ക്


കാഞ്ഞങ്ങാട്: [www.malabarflash.com] മാവുങ്കാല്‍ മൂലക്കണ്ടത്ത് സംഘര്‍ഷം. അക്രമത്തില്‍ അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച സന്ധ്യക്കാണ് അപകടം. ജവഹര്‍ ബാലവേദി ഓഫീസ് തകര്‍ത്തു. മൂലക്കണ്ടത്തെ ജയ, ഉഷ, ബേബി, രമണി, മിനി, വിനു, വിനോദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മാവുങ്കാലിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

കാരക്കുഴി, വെള്ളിക്കോത്ത് പ്രദേശങ്ങളില്‍ നിന്നെത്തിയ സി.പി.എം പ്രവര്‍ത്തകരാണ് അക്രമം കാട്ടിയതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. മൂലക്കണ്ടത്തിലെ ക്ഷേത്രത്തില്‍ ഉത്സവം നടക്കുകയായിരുന്നു. ഈ സമയത്താണ് അക്രമം. കോണ്‍ഗ്രസ് പ്രവര്‍ത്തക ജയയുടെ വീട്ടിന് മുന്നില്‍ ഉണ്ടായവരെയാണ് അക്രമിച്ചത്. ബഹളം കേട്ട് കോളനിവാസികള്‍ സംഘടിച്ചതോടെ അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

അതിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഉമേശന്‍ കാട്ടുകുളങ്കരയെ പോലീസ് കസ്റ്റഡിയിലെടുത്തത് വിവാദമായി. പ്രവര്‍ത്തകര്‍ സംഘടിക്കുമെന്നായപ്പോള്‍ ഉടനെ വിട്ടയക്കുകയായിരുന്നു. മൂലക്കണ്ടം ഓട്ടോസ്റ്റാന്റിന് സമീപത്ത് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സമ്മേളനത്തിന്റെ പോസ്റ്റര്‍ നശിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പോസ്റ്റര്‍ കീറിയതെന്നാരോപിച്ചാണ് അക്രമമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.

വിവരമറിഞ്ഞ് ഡി.സി.സി. പ്രസിഡണ്ട് അഡ്വ. സി.കെ. ശ്രീധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്ഥലത്തെത്തി. അക്രമം നടന്ന പ്രദേശത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.