Latest News

കണ്ണൂരില്‍ സിപിഎം നേതാവിന്റെ വീടിന് നേരെ ബോംബേറ്


കണ്ണൂര്‍: [www.malabarflash.com] സിപിഎം നേതാവിന്റെ വീടിന് നേരെ ബോംബേറ്. കൂത്തുപറമ്പ് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അശോകന്റെ വീടിന് നേരെയാണ് ബോംബേറ് നടന്നത്. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയിലായിരുന്നു ആക്രമണം നടന്നത്. തുടര്‍ച്ചയായുണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ സമാധാന ശ്രമം നടന്നുകൊണ്ടിരിക്കെയാണ് ബോംബേറുണ്ടായത്. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് സിപിഎം ആരോപിച്ചിരിക്കുന്നത്.

വീടിനുള്ളില്‍ ആയിരുന്നതിനാലാണ് അശോകന് പരിക്കേല്‍ക്കാതിരുന്നത്. ആക്രമണത്തില്‍ അശോകന്റെ ഗണ്‍മാന്‍ രഞ്ജിത്തിന് ഗുരുതരമായി പരിക്കേറ്റു. രഞ്ജിത്ത് വീടിന് പുറത്തായിരുന്നു. ഇയാളുടെ കാലിനാണ് പരിക്കേറ്റിരിക്കുന്നത്. ബോംബേറിന്റെ ശബ്ദം കേട്ട് പുറത്തുവന്നവരും ഓടിക്കൂടിയ നാട്ടുകാരും ചേര്‍ന്ന് ഗണ്‍മാനെ ഉടന്‍ സഹകരണ ആശുപത്രിയില്‍ എത്തിച്ചു. ആള്‍ക്കാര്‍ ഓടിക്കൂടിയപ്പോള്‍ അക്രമിസംഘം ഓടി രക്ഷപ്പെട്ടു.

ബിജെപി വിട്ട് സിപിഎമ്മില്‍ എത്തിയ ആളാണ് അശോകന്‍. ഇയാള്‍ക്ക് നേരെ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് നേരത്തേ തന്നെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനായി ആയുധങ്ങള്‍ സംഭരിക്കുന്നതായും ആക്രമണ സാധ്യതയുണ്ടെന്നുമായിരുന്നു നല്‍കിയിരുന്ന റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്നാണ് അശോകന് ഗണ്‍മാനെ വെച്ചിരുന്നത്. സംഭവത്തിന് പിന്നാലെ കണ്ണൂരിലെങ്ങും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

രാഷ്ട്രീയ കൊലപാതകത്തിന് പിന്നാലെ സമാധാനശ്രമങ്ങള്‍ നടക്കുന്നതിനിടയില്‍ ആയിരുന്നു പുതിയ പ്രകോപനം. സ്ഥലത്ത് ശക്തമായ പോലീസ് കാവലാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കൂടുതല്‍ അക്രമ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അക്രമസാധ്യതയുള്ള സ്ഥലങ്ങളിലും പോലീസിനെ കാവല്‍ ഏല്‍പ്പിച്ചിട്ടുണ്ട്. സിപിഎം നേതാവ് പി ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്ന് സ്ഥലത്തെത്തും. പരിക്കേറ്റ രഞ്ജിത്ത് സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.