[www.malabarflash.com] മക്കള്‍ അഭിമാനം ഉയര്‍ത്തുന്നവരാകണമെന്നും 'ഗിഫ്റ്റഡ് ചൈല്‍ഡ്' ആയിരിക്കണം എന്നുമൊക്കെയാണ് മിക്ക മാതാപിതാക്കളുടെയും ആഗ്രഹം. അങ്ങിനെ നോക്കുമ്പോള്‍ 'വണ്ടര്‍ കിഡ്' റഷ്യക്കാരി ബെല്ലാ ഡെവിയാത്കിന എന്നാ നാലു വയസ്സുകാരിയുടെ മാതാപിതാക്കള്‍ അഭിമാനം വാനോളം ഉയര്‍ന്നവരായിരിക്കണം. ബെല്ലയും അവളുടെ മാതാപിതാക്കളുമാണ് ഇപ്പോള്‍ ലോകത്തിന് സംസാരവിഷയം. സാധാരണ കുട്ടികള്‍ ഗൗരവമായി സംസാരിച്ചു തുടങ്ങുന്ന പ്രായത്തില്‍ ബെല്ല ഡെവിയാത്കിന സംസാരിക്കുന്നത് റഷ്യന്‍ ഉള്‍പ്പെടെ ഏഴ് ഭാഷകളാണ്.
ഒരു ടെലിവിഷന്‍ ലൈവ് ഷോയില്‍ ബെല്ലയുടെ പ്രകടനം കണ്ട് പ്രേക്ഷകരെല്ലാം ഞെട്ടിയിരിക്കുകയാണ്. ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലും വീഡിയോ തരംഗമാണ്. റഷ്യന്‍ റിയാലിറ്റിഷോയായ 'ഉഡിവിറ്റേല്‍നിയേ ല്യൂഡി' യിലൂടെയായിരുന്നു ബെല്ലയുടെ പ്രതിഭ ലോകം കണ്ടത്. മാതൃഭാഷ റഷ്യന് പുറമേ ഇംഗഌഷ്, ജര്‍മ്മന്‍, സ്പാനിഷ്, ഫ്രഞ്ച്, ചൈനീസ്, അറബിക് എന്നിവ സംസാരിക്കും. യുഎന്‍ അംഗീകരിച്ച ആറ് ഔദ്യോഗിക ഭാഷകള്‍ നന്നായി സംസാരിക്കുന്ന ബെല്ലയുടെ ഈ ഭാഷകളിലെല്ലാം ഉള്ള പദസമ്പത്ത് വിസ്മയിപ്പിക്കുന്നതാണ്.
ഷോയില്‍ സ്‌കൂള്‍ കരിക്കുലവുമായി ബന്ധപ്പെട്ട് വിവിധ ഭാഷകളില്‍ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം കുട്ടി അതേ ഭാഷയില്‍ മറുപടി പറയുകയും ചെയ്തു. രണ്ടാം വയസ്സുമുതല്‍ മകള്‍ വിവിധ ഭാഷകള്‍ പരിശീലിച്ചു തുടങ്ങിയെന്നാണ് ബെല്ലായുടെ മാതാവ് യൂലിയ പറയുന്നത്. ഇംഗഌഷിലാണ് പരിശീലനം തുടങ്ങിയതെന്നും മറ്റു ഭാഷകളിലും ബെല്ലയ്ക്ക് താല്‍പ്പര്യം ജനിക്കുന്നതായി കാണാനിടയായതോടെയാണ് മറ്റു ഭാഷയും പഠിപ്പിച്ചത്.
ഭാഷാ പണ്ഡിതന്മാര്‍ വരെയാണ് ഇപ്പോള്‍ ബെല്ലയുടെ ആരാധകര്‍. വികാസത്തിന്റെ വിവിധ ഘട്ടങ്ങളിലാണ് തലച്ചോറില്‍ ഭാഷാ പ്രാവീണ്യം രൂപപ്പെടുന്നത് എന്നത് നോക്കുമ്പോള്‍ ഇതിനെ വിസ്മയം എന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. സംഗതി ഇതൊക്കെയാണെങ്കിലും ലോകപ്രശസ്ത ഡിസ്‌നി കഥാപാത്രമായ എരിയലിനെ പോലെ ഒരു മത്സ്യകന്യകയാകണമെന്നതാണ് കൊച്ചുബെല്ലായുടെ സ്വപ്നം.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment