Latest News

വിദ്വേഷ പരാമര്‍ശം: എന്‍. ഗോപാലകൃഷ്ണനെതിരെ കേസ്


എടക്കര: [www.malabarflash.com] മലപ്പുറം ജില്ലയെയും മുസ്ലിം ജനവിഭാഗത്തെയും അവഹേളിക്കുന്ന തരത്തില്‍ പ്രസംഗിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് ഡയറക്ടര്‍ ഡോ. എന്‍. ഗോപാലകൃഷ്ണനെതിരായ പരാതിയില്‍ പോത്തുകല്‍ പോലീസ് കേസെടുത്തു. ഹൈകോടതി അഭിഭാഷകന്‍ അഡ്വ. ജഹാംഗീറാണ് ഇദ്ദേഹത്തിനെതിരെ തിങ്കളാഴ്ച പോലീസില്‍ പരാതി നല്‍കിയത്. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതിനും ഒരു മതവിഭാഗത്തെ അവഹേളിച്ചതിനുമായി 153എ, 295എ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് എസ്.ഐ കെ. ദിജേഷ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രസംഗം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാല്‍ സൈബര്‍ സെല്ലിനും കേസ് കൈമാറുമെന്നാണ് സൂചന.

ഗോപാലകൃഷ്ണനെതിരെ യൂത്ത് ലീഗ് പരാതി

മലപ്പുറം: വര്‍ഗീയ വിദ്വേഷം പരത്തുന്ന പ്രസംഗങ്ങളുടെ പേരില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപകന്‍ ഡോ. എന്‍. ഗോപാലകൃഷ്ണന്റെ പേരില്‍ യു.എ.പി.എ ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗിന്റെ പരാതി. മുസ്ലിം യൂത്ത് ലീഗ് എടരിക്കോട് പഞ്ചായത്ത് കമ്മിറ്റിയാണ് കോട്ടക്കല്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

ഗോപാലകൃഷ്ണന്റെ പ്രസംഗങ്ങള്‍ വര്‍ഗീയത നിറഞ്ഞതും ന്യൂനപക്ഷ വിരോധം പ്രചരിപ്പിക്കുന്നതുമാണെന്ന് പരാതിയില്‍ പറയുന്നു. മതത്തിനും രാഷ്ട്രീയത്തിനും
അതീതമായി സ്‌നേഹത്തോടും പരസ്പര ബഹുമാനത്തോടും ജീവിക്കുന്ന മലപ്പുറത്തെ മുസ്ലിംകളെ എന്‍. ഗോപാലകൃഷ്ണന്‍ മോശമായ ഭാഷയില്‍ അപകീര്‍ത്തിപ്പെടുത്തിയെന്നും പരാതിയില്‍ ആരോപിക്കുന്നു. പന്നി പ്രസവിക്കുന്നതുമാതിരി മലപ്പുറത്തെ മുസ്ലിംകള്‍ രണ്ടും മൂന്നും ഭാര്യമാരില്‍ കുട്ടികളെ സൃഷ്ടിക്കുന്നുവെന്ന് ആക്ഷേപിക്കുന്ന ഗോപാലകൃഷ്ണന്റെ പ്രസംഗം നവമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.