Latest News

കേരളത്തെ വരള്‍ച്ചാബാധിത പ്രദേശമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം:[www.malabarflash.com] സംസ്‌ഥാനത്തെ വരൾച്ചാബാധിതമായി പ്രഖ്യാപിച്ചു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനാണ് നിയമസഭയിൽ പ്രഖ്യാപനം നടത്തിയത്. വിഷയം സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിനു മറുപടി നല്കുകയായിരുന്നു മന്ത്രി. 

സംസ്‌ഥാനത്ത് കാലവർഷത്തിൽ 34 ശതമാനത്തിന്റെയും തുലാവർഷത്തിൽ 69 ശതമാനത്തിന്റെയും കുറവുണ്ടായതായി അദ്ദേഹം അറിയിച്ചു. അടുത്ത രണ്ടുമാസം നല്ല മഴ ലഭിച്ചാലും സംസ്‌ഥാനം കനത്ത വരൾച്ചയെ നേരിടേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

വരൾച്ച സംബന്ധിച്ച് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ജില്ലാ കളക്ടർമാരുമായി വീഡിയോ കോൺഫറൻസിംഗ് നടത്തി വിവരങ്ങൾ ശേഖരിക്കും. വരൾച്ച രൂക്ഷമായ എല്ലാ മേഖലകളിലും സർക്കാർ ഏജൻസികൾ വഴി കുടിവെള്ള വിതരണം നടത്തും. ജലം ദുരുപയോഗം ചെയ്യുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി ഇ. ചന്ദ്രശേഖരൻ സഭയെ അറിയിച്ചു. ഇതിന്റെ അടിസ്‌ഥാനത്തിൽ 26 ഇന നിർദേശങ്ങൾ ജില്ലാ കളക്ടർമാർക്ക് നല്കിയിട്ടുണ്ടണ്ട്.

സംസ്‌ഥാനത്ത് ജലദൗർലഭ്യം മൂലം കുടിവെള്ളക്ഷാമവും വൈദ്യുതി പ്രതിസന്ധിയും കൃഷിനാശവുമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി വി.എസ്. ശിവകുമാർ എംഎൽഎയാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്കിയത്. വരൾച്ചയെ നേരിടാൻ സർക്കാർ കേന്ദ്രസഹായം തേടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ ആവശ്യപ്പെട്ടു. അടിയന്തരപ്രമേയത്തിനുള്ള അവതരണാനുമതി നിഷേധിച്ചെങ്കിലും പ്രതിപക്ഷം ഇറങ്ങിപ്പോയില്ല.

സംസ്‌ഥാനത്തെ വരൾച്ചാബാധിതമായി പ്രഖ്യാപിച്ചതോടെ കാർഷിക വായ്പകൾക്ക് മോറട്ടോറിയം നിലവിൽ വരും. ജപ്തി നടപടികൾ ഒഴിവാക്കുകയും വായ്പകൾ പുനർക്രമീകരിക്കുകയും ചെയ്യും. തുടർന്നു സംസ്‌ഥാനം സമർപ്പിക്കുന്ന നിവേദനത്തിന്റെ അടിസ്‌ഥാനത്തിൽ കേന്ദ്രസംഘം സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച് വരൾച്ചാ കെടുതികൾ വിലയിരുത്തും. അതിനു ശേഷമായിരിക്കും കേന്ദ്രസഹായം ലഭിക്കുക.

കഴിഞ്ഞ ദിവസം തലസ്‌ഥാനത്തു ചേർന്ന ദുരന്തനിവാരണ അഥോറിറ്റിയുടെ യോഗത്തിൽ വരൾച്ചാ പ്രശ്നം ഗൗരവ സ്വഭാവമുള്ളതാണെന്ന് കണ്ടെത്തിയിരുന്നു. ഈ മാസം കണ്ണൂർ, തൃശൂർ, പാലക്കാട്, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളെയും നവംബറിൽ മറ്റു ജില്ലകളെയും വരൾച്ചാ ബാധിതമായി പ്രഖ്യാപിക്കണമെന്ന വിലയിരുത്തലിലായിരുന്നു യോഗം പിരിഞ്ഞത്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.