തിരുവനന്തപുരം: [www.malabarflash.com] കണ്ണൂരിലെ പിണറായിയില്‍ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താലില്‍ പരക്കെ അക്രമം. പൊതുവാഹനങ്ങളൊന്നും റോഡിലിറങ്ങിയില്ല. കെഎസ്ആര്‍ടിസിയും സര്‍വീസ് നടത്തുന്നില്ല. ചില സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് റോഡിലിറങ്ങിയിട്ടുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. പലയിടത്തും വാഹനങ്ങള്‍ക്ക് നേരെ കല്ലേറും ഉണ്ടായി. പ്രകടനങ്ങള്‍ക്കിടെ ചിലയിടങ്ങളില്‍ സിപിഎം കൊടിമരങ്ങളും ബോര്‍ഡുകളും സമരക്കാര്‍ നശിപ്പിച്ചു.
ബിജെപി ഹര്‍ത്താലില്‍ മലപ്പുറം ജില്ലയില്‍ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്; പലയിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നു. കോഴിക്കോട് വിമാനത്താവളത്തില്‍നിന്നു തലശ്ശേരിയിലേക്കു പോവുകയായിരുന്ന കാറിനുനേരെ കൊണ്ടോട്ടി ഐക്കരപ്പടിയിലാണു കല്ലേറുണ്ടായത്. ഇന്നു രാവിലെ മസ്‌ക്കറ്റില്‍നിന്നെത്തിയ യാത്രക്കാരനുമായി പോവുകയായിരുന്നു കാര്‍. കല്ലെറിഞ്ഞ മൂന്നുപേരെ പോലീസ് പിടികൂടി. യാത്രക്കാര്‍ക്കു പരുക്കില്ല.
പോത്തുകളെ കയറ്റിവന്ന മിനിലോറി വണ്ടൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. ലോറിയുടെ ടയറുകളിലെ കാറ്റൂരിവിട്ടു. പോത്തുകളെ കുത്തിനിറച്ചു കൊണ്ടുവന്നെന്ന പരാതിയെത്തുടര്‍ന്നു ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം കോട്ടപ്പടിയിലും എടക്കരയിലും പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നുണ്ട്. കൊച്ചിയിലും തിരുവനന്തപുരത്തും കോട്ടയത്തും ബിജെപി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു.
കോഴിക്കോട് പൂവാട്ടുപറമ്പ് മുണ്ടക്കലില്‍ ബിജെപി പ്രവര്‍ത്തകന്റെ കടയ്ക്കു തീയിട്ടു. വ്യാഴാഴ്ച പുലര്‍ച്ചെയോടെയായിരുന്നു അജ്ഞാതര്‍ കടയ്ക്കു തീയിട്ടത്.
കാസര്‍കോട്ട് ബി ജെ പി പ്രകടനം അക്രമാസക്തമായി ജില്ലാ ബാങ്കിന് നേരെയും സി പി എം ഓഫീസിന് നേരെയും കല്ലേറ് നടന്നു. പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു.
കോട്ടയം പാലായില്‍ പോലീസിന് നേരെ ബിജെപി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. തുടര്‍ന്ന് പോലീസ് ലാത്തി വീശി. ആലപ്പുഴ ജില്ലയില്‍ അങ്ങിങ്ങ് ആക്രമണം. പട്ടണക്കാട് കടയ്ക്കു നേരെ കല്ലേറുണ്ടായി. തൃശൂര്‍ നഗരത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചും അക്രമാസക്തമായി. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കയ്യേറ്റശ്രമം. ബൈക്കിലെത്തിയ സംഘം നഗരമധ്യത്തിലെ അഴീക്കോടന്‍ സ്മാരക സ്തൂപം തകര്‍ത്തു.
കാഞ്ഞിരമറ്റത്തു ഹര്‍ത്താലിനിടെ ബിജെപി പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. തൊടുപുഴയിലെ ജില്ലാ ലേബര്‍ ഓഫിസ് ഒരുസംഘം ബിജെപി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. ലേബര്‍ ഓഫിസ് അടിച്ചുതകര്‍ത്തതിനു നേതൃത്വം നല്‍കിയ ആര്‍എസ്എസ് കാര്യവാഹിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് ആര്‍എസ്എസ്–ബിജെപി പ്രവര്‍ത്തകര്‍ തൊടുപുഴ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു.
സംസ്ഥാനമൊട്ടാകെ കനത്ത ജാഗ്രതയിലാണ് പോലീസ്. വ്യാഴാഴ്ചത്തെ ഹര്‍ത്താലില്‍ സമാധാനം പാലിക്കുന്നതിനും അതിക്രമവും പൊതുമുതല്‍ നശിപ്പിക്കലും തടയുന്നതിനും എല്ലാവരും സഹകരിക്കണമെന്നു സംസ്ഥാന പോലീസ് മേധാവി ഡിജിപി ലോക്‌നാഥ് ബെഹ്‌റ അഭ്യര്‍ഥിച്ചിരുന്നു. വാഹന ഗതാഗതം തടസ്സപ്പെടുത്തുകയോ തടയുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. അതിക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ യുക്തമായ വകുപ്പുകള്‍ ഉപയോഗിച്ചു കേസെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment