Latest News

അനയ്‌മോന്‍ വേദന ഇല്ലാത്ത ലോകത്തേക്കു യാത്രയായി

കാഞ്ഞങ്ങാട്‌:[www.malabarflash.com] ഒരു നാടാകെ പ്രാര്‍ത്ഥിച്ചിട്ടും, കൈമെയ്‌ മറന്ന്‌ പ്രവര്‍ത്തിച്ചിട്ടും ഫലം ഉണ്ടായില്ല; അനയ്‌മോന്‍ എല്ലാവരെയും കണ്ണീരിലാഴ്‌ത്തി വേദന ഇല്ലാത്ത ലോകത്തേയ്‌ക്കു യാത്രയായി.
ഒടയംചാല്‍, പടിമരുതിലെ ഓട്ടോ ഡ്രൈവര്‍ സതീശന്‍-ലതിക ദമ്പതികളുടെ ഏക മകന്‍ അനയ്‌മോന്‍ (4) വെള്ളിയാഴ്ച രാത്രിയാണ്‌ ബംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ജീവിതത്തോട്‌ വിട പറഞ്ഞത്‌. ശനിയാഴ്ച

രാവിലെ മൃതദേഹവുമായി പുറപ്പെട്ട ആംബുലന്‍സ്‌ വൈകുന്നേരത്തോടെ നാട്ടിലെത്തും. പടിമരുതില്‍ പൊതു ദര്‍ശനത്തിനുവച്ചശേഷം വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും. 

രക്താര്‍ബുദത്തിനു ചികിത്സയിലായിരുന്നു അനയ്‌മോന്‍. ലക്ഷക്കണക്കിനു രൂപയാണ്‌ ചികിത്സയ്‌ക്കായി വേണ്ടിവന്നത്‌. ഇതിനുള്ള തുക കണ്ടെത്താന്‍ കഴിയാതെ അനയ്‌മോന്റെ രോഗത്തിനു മുന്നില്‍ മാതാപിതാക്കളായ സതീശനും ഭാര്യ ലതികയും കണ്ണീരൊഴുക്കിയപ്പോള്‍, അവര്‍ക്കു കരുത്തും പ്രതീക്ഷകളുമായി, അനയ്‌മോന്റെ ജീവന്‍ രക്ഷിക്കാന്‍ ഒരു നാടാകെ തന്നെ രംഗത്തിറങ്ങുകയായിരുന്നു. 

പടിമരുതിലെ ഓട്ടോ ഡ്രൈവര്‍മാരാണ്‌ അനയ്‌മോന്റെ ജീവന്‍ രക്ഷിക്കാന്‍ ആദ്യം രംഗത്തുവന്നത്‌. ഒരു ദിവസത്തെ കലക്ഷന്‍ തുക അവര്‍ ചികിത്സാ സഹായനിധിയിലേക്കു നല്‍കി. തൊട്ടു പന്നാലെ ജില്ലയിലെ പത്തു സ്വകാര്യ ബസുകളും ഒരു ദിവസത്തെ കലക്ഷന്‍ തുക നല്‍കി. അനയ്‌മോന്റെ ജീവന്‍ രക്ഷിക്കാന്‍ ബസ്‌ ജീവനക്കാരും ഉടമകളും ഒന്നിച്ചണിനിരന്നപ്പോള്‍ യാത്രക്കാരായി എത്തിയവരും തങ്ങള്‍ക്കു കഴിയുന്ന സഹായം നല്‍കി. 

അനയ്‌മോന്റെ ജീവന്‍ രക്ഷിക്കാനായി സ്‌കൂള്‍-കോളേജ്‌ വിദ്യാര്‍ത്ഥികള്‍ അണിനിരന്നു. ഉച്ചയൂണിനു നല്‍കിയ തുച്ഛമായ തുക നല്‍കാന്‍ പോലും വിദ്യാര്‍ത്ഥികള്‍ തയ്യാറായി. അനയ്‌മോന്റെ ജീവന്‍ രക്ഷിക്കാന്‍ ഒരുനാടാകെ ഒന്നിച്ച്‌ നിന്നപ്പോള്‍ 32 ലക്ഷം രൂപയാണ്‌ പിരിഞ്ഞു കിട്ടിയത്‌. 

ചികിത്സയ്‌ക്കുള്ള പണം കണ്ടെത്തിയതോടെ അനയ്‌മോന്‍ രോഗമോചിതനായി തിരിച്ചെത്തുമെന്നാണ്‌ നാടാകെ കരുതിയത്‌. പക്ഷേ പ്രതീക്ഷകളും പ്രാര്‍ത്ഥനകളുമായി കഴിഞ്ഞവരെ ഞെട്ടിച്ചുകൊണ്ടാണ്‌ അനയ്‌മോന്‍ ജീവിതത്തോട്‌ വിട പറഞ്ഞ വാര്‍ത്തയെത്തിയത്‌.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.