ന്യൂഡല്‍ഹി: [www.malabarflash.com] ജസ്റ്റിസ് വര്‍മ ഹിന്ദുത്വത്തിന് നല്‍കിയ വിവാദ നിര്‍വചനം പരിശോധിക്കില്ലെന്ന് സുപ്രീംകോടതി. തെരഞ്ഞെടുപ്പില്‍ മതം ഉപയോഗിക്കുന്നത് ജനപ്രാതിനിധ്യ നിയമപ്രകാരം അഴിമതിയുടെ പരിധിയില്‍പെടുമോ എന്ന കാര്യമാണ് പരിശോധിക്കുകയെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഏഴംഗ ഭരണഘടനാബെഞ്ച് വ്യക്തമാക്കി. മതം സ്ഥാനാര്‍ഥി മാത്രമല്ല, ഏത് നേതാവ് ഉപയോഗിച്ചാലും അഴിമതിയാകുമോ എന്ന കാര്യവും പരിശോധിക്കും. മതത്തിന്റെ നിര്‍വചനം വിശാലമായ വിഷയമാണെന്നും അതിലേക്ക് കടക്കുന്നില്ലെന്നും ഏഴ് ജഡ്ജിമാരുമായി ഏറെനാള്‍ ഇതുമായി മുന്നോട്ടുപോകാനില്ലെന്നും ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ പറഞ്ഞു.
സുപ്രീംകോടതി ഹിന്ദുത്വത്തിന്റെയും മതത്തിന്റെയും നിര്‍വചനത്തിലേക്കും കടക്കുകയാണെങ്കില്‍ തങ്ങളുട ഭാഗവും കേള്‍ക്കണമെന്ന് മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകരായ കെ.കെ. വേണുഗോപാലും ഫാലി എസ്. നരിമാനും ആവശ്യപ്പെട്ടപ്പോഴാണ് സുപ്രീംകോടതി ഹിന്ദുത്വം നിര്‍വചിക്കാനില്ലെന്ന് അറിയിച്ചത്.
മതത്തിന്റെ പേരില്‍ സ്ഥാനാര്‍ഥി വോട്ട്‌ചെയ്യാന്‍ ആഹ്വാനം നടത്തുന്നത് ജനപ്രാതിനിധ്യ നിയമം 123 (3) വകുപ്പ് പ്രകാരം അഴിമതിയാകുമോ എന്ന കാര്യമാണ് സുപ്രീംകോടതി പരിശോധിക്കുന്നത്. എന്നാല്‍, ചീഫ് ജസ്റ്റിസിന്റെ നിലപാടിനോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച അഡ്വ. ബി.എ ദേശായി, ഹിന്ദുത്വത്തിന് ജസ്റ്റിസ് വര്‍മ നല്‍കിയ നിര്‍വചനം ഇപ്പോള്‍ പരിശോധിച്ചില്ലെങ്കില്‍ ആ പ്രശ്‌നം പരിഹരിക്കപ്പെടാതെ കിടക്കുമെന്ന് പറഞ്ഞു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment